പെരുമഴക്കാലമെത്തി; പെരുമ്പാമ്പുകൾ കൂട്ടത്തോടെ നാട്ടിലെത്തിത്തുടങ്ങി
Mail This Article
റാന്നി ∙ പെരുമഴക്കാലമെത്തിയതോടെ പെരുമ്പാമ്പുകൾ കൂട്ടത്തോടെ നാട്ടിലെത്തിത്തുടങ്ങി. 2 ദിവസത്തിനിടെ ചേത്തയ്ക്കൽ, ചെറുകുളഞ്ഞി എന്നിവിടങ്ങളിൽ നിന്ന് ഓരോ പാമ്പുകളെ വനം വകുപ്പിന്റെ ദ്രുതകർമ സേന പിടികൂടി. ചേത്തയ്ക്കൽ അമ്പലത്തിനു സമീപം മനുഭവനിൽ സോമൻപിള്ളയുടെ വീട്ടിൽ നിന്നാണ് ഒന്നിനെ പിടിച്ചത്. കോഴികൾ ബഹളം വയ്ക്കുന്നത് കേട്ട് വീട്ടുകാരെത്തി നോക്കിയപ്പോഴാണ് കൂടിനു സമീപം വലിയ പാമ്പിനെ കണ്ടത്. ഒരു കോഴിയെ വിഴുങ്ങിയിരുന്നു. ആളനക്കം കേട്ടപ്പോൾ കോഴിയെ ഛർദിച്ചു. പിന്നാലെ സേനാംഗങ്ങൾ പാമ്പിനെ പിടികൂടി കൂട്ടിലാക്കി.
ചെറുകുളഞ്ഞി ചെരിക്കലേത്ത് രാജുവിന്റെ വീട്ടിലും കോഴിക്കൂട്ടിലാണ് പാമ്പിനെ കണ്ടത്. ഇന്നലെ രാവിലെ വീട്ടുകാർ കോഴികളെ തുറന്നു വിടാനെത്തിയപ്പോഴാണ് പാമ്പിനെ കണ്ടത്. 3 കോഴികളെ കൊന്നു. ഒന്നിനെ തിന്നു. രാവിലെ 10 മണിയോടെ ദ്രുതകർമ സേനയെത്തി പിടികൂടി. ചൂടു കാലത്ത് മാളത്തിൽ ഒളിച്ചിരുന്ന പാമ്പുകളാണ് തുടരെ പുറത്തെത്തുന്നതെന്ന് വനപാലകർ പറഞ്ഞു.