15 ഓഫിസ്, 200 ജീവനക്കാർ; ചുറ്റും കാടുപിടിച്ച് മിനി സിവിൽ സ്റ്റേഷൻ
Mail This Article
റാന്നി ∙ സർക്കാരിന്റെ വിവിധ വകുപ്പുകളുടെ പങ്കാളിത്തത്തോടെ മഴക്കാല പൂർവ ശുചീകരണം നടത്തണമെന്ന തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നിർദേശം മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഓഫിസുകളിലൊന്നും അറിഞ്ഞിട്ടില്ല. ആരോഗ്യ വകുപ്പും പഞ്ചായത്തും ശുചീകരണങ്ങളുമായി ഇറങ്ങിയിട്ടും സിവിൽ സ്റ്റേഷൻ വളപ്പിൽ പടൽ വളരുകയാണ്. അതു തെളിക്കാൻ നടപടിയുണ്ടായിട്ടില്ല. പതിനഞ്ചോളം സർക്കാർ ഓഫിസുകളാണ് മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്നത്.
ഇരുനൂറിലധികം ജീവനക്കാർ ഇവിടെ ജോലി നോക്കുന്നുണ്ട്. എന്നിട്ടും പരിസര ശുചിത്വം ഉറപ്പാക്കാൻ ബന്ധപ്പെട്ടവരാരും തയാറായിട്ടില്ല. ഒന്നാം ബ്ലോക്കിന്റെ ചുറ്റും പടൽ നിറഞ്ഞിരിക്കുകയാണ്. പിന്നിലെ മതിൽ പുറമേ കാണാത്ത വിധം പച്ചപ്പാണ്. രണ്ടാം ബ്ലോക്കിന്റെ കെട്ടിടത്തോടു ചേർന്നും പിന്നിലുമെല്ലാം കാടു നിറയുകയാണ്. ഇത് എത്രകാലം സഹിക്കണമെന്നാണ് സമീപവാസികൾ ചോദിക്കുന്നത്.