7 മണ്ഡലങ്ങളിലും യുഡിഎഫ്; എൽഡിഎഫ് കണക്കുകൂട്ടൽ പാളി
Mail This Article
പത്തനംതിട്ട ∙ ലോക്സഭാ മണ്ഡലത്തിലെ 7 നിയോജക മണ്ഡലങ്ങളിലും ലീഡ് നേടിയാണ് ഇത്തവണ യുഡിഎഫിന്റെ വിജയക്കുതിപ്പ്. 7 നിയമസഭ മണ്ഡലങ്ങളിലും എൽഡിഎഫ് എംഎൽഎമാരും ഭൂരിപക്ഷം പഞ്ചായത്തുകളിലെ ഭരണവും വിജയം തങ്ങൾക്ക് അനുകൂലമാകുമെന്നായിരുന്നു അവസാന നിമിഷവും എൽഡിഎഫ് പ്രതീക്ഷിച്ചത്.അതെല്ലാം തൂത്തെറിഞ്ഞുള്ള തേരോട്ടമായിരുന്നു ആന്റോയുടേത്.കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വീണാ ജോർജ് 3,36,684 വോട്ട് നേടി. ഇത്തവണ അതേ സ്ഥാനത്ത് തോമസ് ഐസക്കിന് 3,01,146 വോട്ടുമാത്രമാണ് ലഭിച്ചത്. അതിൽ 3616 തപാൽ വോട്ടുകളാണ്. പോൾ ചെയ്ത വോട്ടിന്റെ 32.79 ശതമാനം. കഴിഞ്ഞ തവണ 32.76 % വോട്ടാണ് ലഭിച്ചത്.
ഇത് ചെറിയ കുറവ് മാത്രമാണെന്നാണ് തോമസ് ഐസക്കിന്റെ വിലയിരുത്തൽ. മന്ത്രി വീണാ ജോർജിന്റെ സ്വന്തം മണ്ഡലമായ ആറന്മുളയിൽ ഇത്തവണ ആന്റോ ആന്റണി നേടിയത് 14,687 വോട്ടിന്റെ ഭൂരിപക്ഷമാണ്. ഇരവിപേരൂരും മെഴുവേലിയുമാണു സിപിഎമ്മിന്റെ ഉരുക്കുകോട്ട. അവിടെയും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ആന്റോയ്ക്കു കഴിഞ്ഞു.വിജ്ഞാന പത്തനംതിട്ടയുടെ ഉപജ്ഞാതാവായിട്ടാണു സിപിഎം തോമസ് ഐസക്കിനെ അവതരിപ്പിച്ചത്. സ്ഥാനാർഥി പ്രഖ്യാപനത്തിനു രണ്ടാഴ്ച മുൻപ് തോമസ് ഐസക്കിന്റെ നേതൃത്വത്തിൽ തിരുവല്ലയിൽ തൊഴിൽമേള നടത്തി. അതിൽ റജിസ്റ്റർ ചെയ്യുന്നവർക്ക് തൊഴിൽ ഉറപ്പ് എന്നു പറഞ്ഞാണ് വോട്ടു ചോദിച്ചതും.
ഇതിനെതിരെ യുഡിഎഫ് ശക്തമായ പ്രചാരണം നടത്തി. സർക്കാരിന്റെ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് പരമാവധി വോട്ടു നേടാൻ എൽഡിഎഫ് ശ്രമിച്ചെന്ന യുഡിഎഫിന്റെ വിമർശനം ചർച്ചയായി. എൽഡിഎഫ് സ്ഥാനാർഥിയായി പ്രാദേശിക നേതാവ് വേണമെന്ന ആവശ്യം തുടക്കത്തിലുണ്ടായിരുന്നു. ചില മേഖലകളിലെ ഉൾപ്പാർട്ടി പ്രശ്നങ്ങൾ പ്രചാരണത്തെ ബാധിച്ചു. എൻഡിഎ വോട്ട് എല്ലാ മണ്ഡലങ്ങളിലും കുറഞ്ഞു. എന്നാൽ 25 % വോട്ട് നേടാൻ കഴിഞ്ഞത് ബിജെപിയുടെ അടിത്തറ ശക്തമായതിനാലാണെന്ന വിലയിരുത്തലും ജില്ലാ നേതൃത്വത്തിലെ ചിലർ നടത്തുന്നുണ്ട്.