ADVERTISEMENT

തിരുവല്ല ∙ നഗരസഭാ ആസ്ഥാനത്തു വൈദ്യുതി നിലയ്ക്കുമ്പോൾ  ഉദ്യോഗസ്ഥരും വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന പൊതുജനങ്ങളും ഇരുട്ടിൽ വലയുന്നു. നഗരസഭയിൽ വർഷങ്ങൾക്കു മുൻപു സ്ഥാപിച്ച സോളർ സംവിധാനവും ജനറേറ്ററും പ്രവർത്തിക്കാതെ ആയിട്ടു വർഷങ്ങളായി. വൈദ്യുതി പോയാൽ മൊബൈൽ ഫോണിന്റെ വെളിച്ചത്തിലാണു പല ഉദ്യോഗസ്ഥരും താൽക്കാലികമായെങ്കിലും ജോലി ചെയ്യുന്നത്. എന്നാൽ എല്ലാ ഉദ്യോഗസ്ഥർക്കും മൊബൈൽ വെളിച്ചത്തിൽ ജോലി ചെയ്യാൻ കഴിയാറില്ല. 

വിവാഹം,ജനനം, മരണം തുടങ്ങിയ സർട്ടിഫിക്കറ്റുകൾക്ക്  എത്തുന്നവരാണ് ഏറെ ബുദ്ധിമുട്ടുന്നത്. വൈദ്യുതി ഇല്ലാത്തതിനാൽ പലപ്പോഴും സർട്ടിഫിക്കറ്റുകൾ നൽകാനും കഴിയില്ല. കെട്ടിട നികുതി ഉൾപ്പെടെ അടയ്ക്കാൻ വരുന്നവർക്കു രസീതുകളും നൽകാൻ കഴിയാറില്ല. ചെറിയാൻ പോളച്ചിറയ്ക്കൽ നഗരസഭാ അധ്യക്ഷൻ ആയിരിക്കുമ്പോഴാണ് ഇവിടെ സോളർ സംവിധാനം സ്ഥാപിച്ചത്. എന്നാൽ ഇതിന്റെ പ്രവർത്തനം നിലച്ചിട്ടു മൂന്ന് വർഷമായി.

ഇതു പരിശോധിച്ച അനെർട്ട് അധികൃതർ സോളർ പാനൽ ഉൾപ്പെടെ പ്രവർത്തിക്കുന്നില്ല എന്ന് കണ്ടെത്തിയിരുന്നു.സോളർ സംവിധാനത്തിന് ഒപ്പം നഗരസഭയിൽ ഉണ്ടായിരുന്ന ജനറേറ്ററും പ്രവർത്തിക്കുന്നില്ല. പകരം സംവിധാനം ഏർപ്പെടുത്തണം എന്നു പല പ്രാവശ്യം നഗരസഭാ കൗൺസിൽ യോഗത്തിൽ  ആവശ്യപ്പെട്ടു എങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ല എന്ന് കൗൺസിലർ ശ്രീനിവാസ് പുറയാറ്റ് പറഞ്ഞു.എന്നാൽ സോളർ സംവിധാനത്തിന്റെ കേടുപാടുകൾ തീർക്കാൻ അനെർട്ടുമായി ധാരണയിൽ എത്തിയിട്ട് ഉണ്ട് എന്ന് നഗരസഭാ അധ്യക്ഷ അനു ജോർജ് പറഞ്ഞു. 

സോളർ പാനൽ ഉൾപ്പെടെ അറ്റകുറ്റപ്പണി നടത്തുവാനുള്ള തുക കൗൺസിൽ യോഗത്തിൽ  പാസാക്കും എന്നും നഗരസഭാ അധ്യക്ഷ പറഞ്ഞു. കേടായ ജനറേറ്റർ നന്നാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട് എന്നും അനു ജോർജ് പറഞ്ഞു. എന്തായാലും നഗരസഭാ കെട്ടിടത്തിലെ വൈദ്യുതി നിലയ്ക്കുമ്പോൾ ഇരുട്ട് അകറ്റാനുള്ള നടപടികൾ ഉടൻ ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് ജീവനക്കാരും പൊതുജനങ്ങളും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com