ADVERTISEMENT

വെണ്ണിക്കുളം ∙ കഴിഞ്ഞദിവസം രാത്രി മുതൽ ശക്തമായി പെയ്ത മഴയിൽ മണിമലയാറ്റിലെ ജലനിരപ്പുയർന്നു പുറമറ്റം വില്ലേജിലെ 4 വീടുകളിൽ വെള്ളം കയറി. വെണ്ണിക്കുളം ഇടത്തറ ചെറുവള്ളിപ്പാറ ദാമോദരൻ, വേലംപറമ്പിൽ ചാന്ദ്നി തമ്പി, ഇടത്തറ ദീപക്, ഇടത്തറ സി.ടി. ബാലകൃഷ്ണൻ എന്നിവരുടെ വീടുകളിലാണു വെള്ളം കയറിയത്. ഇവരിൽ ദാമോദരനെയും ഭാര്യയെയും സെന്റ് ബഹനാൻസ് എൽപി സ്കൂളിലെ ദുരിതാശ്വാസ ക്യാംപിലേക്കു മാറ്റി. വെള്ളം കയറിയ മറ്റു വീടുകളിൽ ഉള്ളവർ ബന്ധുവീടുകളിലേക്കു മാറി. ദീപക്കിന്റെയും ബാലകൃഷ്ണന്റെയും വീട് തൂണുകളിൽ ഉയരത്തിലായതിനാൽ വീടിനുള്ളിലേക്കു വെള്ളം കയറിയിട്ടില്ല. എന്നാൽ, വീടിന്റെ പരിസരം വെള്ളത്താൽ ചുറ്റപ്പെട്ടിട്ടുണ്ട്. മണിമലയാറ്റിലെ ജലനിരപ്പ് വീണ്ടും ഉയർന്നാൽ ഇവിടെയുള്ള കൂടുതൽ കുടുംബങ്ങളെ മാറ്റേണ്ടിവരും. 

മണിമലയാർ കരകവിഞ്ഞ് വെണ്ണിക്കുളം ഇടത്തറയിലെ വീടുകളിൽ കയറിയനിലയിൽ.
മണിമലയാർ കരകവിഞ്ഞ് വെണ്ണിക്കുളം ഇടത്തറയിലെ വീടുകളിൽ കയറിയനിലയിൽ.

ഇന്നലെ ഉച്ചയ്ക്കുശേഷം വെള്ളത്തിന്റെ വരവ് നിലച്ചിട്ടുണ്ടെങ്കിലും കിഴക്കൻമേഖലയിൽ മഴ ശക്തമായാൽ ജലനിരപ്പ് വീണ്ടും ഉയരാം. പാടശേഖരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളമെത്തിയെങ്കിലും പ്രധാന റോഡുകളിലും ഗ്രാമീണ റോഡുകളിലും വെള്ളം കയറിയിട്ടില്ല. ഇരുകരകളും മുട്ടിയാണ് മണിമലയാറ്റിലൂടെ വെള്ളമൊഴുകുന്നത്. മണിമലയാർ കരകവിഞ്ഞൊഴുകി വെള്ളം കയറിയ ഇടത്തറയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പൻ, മല്ലപ്പള്ളി തഹസിൽദാർ ടി. ബിനുരാജ്, പുറമറ്റം പഞ്ചായത്ത് പ്രസിഡന്റ് വിനീത്കുമാർ, വില്ലേജ് ഓഫിസർ ദിവ്യ കോശി എന്നിവർ സന്ദർശിച്ചു.

വെണ്ണിക്കുളം തുണ്ടിയിൽപ‌ടി മൈലാടുംപാറ എം.പി. ഷിബുവിന്റെ വീടിനോടു ചേർന്നുള്ള കൽക്കെട്ട് ഇടിഞ്ഞനിലയിൽ.
വെണ്ണിക്കുളം തുണ്ടിയിൽപ‌ടി മൈലാടുംപാറ എം.പി. ഷിബുവിന്റെ വീടിനോടു ചേർന്നുള്ള കൽക്കെട്ട് ഇടിഞ്ഞനിലയിൽ.

വീടിനോട് ചേർന്ന കൽക്കെട്ട് ഇടിഞ്ഞു
വെണ്ണിക്കുളം ∙ ശക്തമായ മഴയിൽ തുണ്ടിയിൽപ‌ടി മൈലാടുംപാറ എം.പി. ഷിബുവിന്റെ വീടിനോടു ചേർന്നുള്ള കൽക്കെട്ട് ഇടിഞ്ഞു. വീടിന്റെ പിന്നിലെ കരിങ്കൽ കെട്ടാണ് ഇന്നലെ  രാവിലെ ഇടിഞ്ഞത്. 5 അടിയിലേറെ ഉയരമുള്ള കൽക്കെട്ട് 12 അടിയോളം നീളത്തിലാണു തകർന്നത്. ഇതേത്തുടർന്നു വീടിന്റെ ഭിത്തിക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

എഴുമറ്റൂരിൽ വീടിന് മുകളിലേക്ക് മരം കടപുഴകി വീണപ്പോൾ.
എഴുമറ്റൂരിൽ വീടിന് മുകളിലേക്ക് മരം കടപുഴകി വീണപ്പോൾ.

വീടിനു മുകളിലേക്ക് മരം കടപുഴകി
എഴുമറ്റൂർ∙ വീടിനു മുകളിലേക്കു മരം കടപുഴകി വീണു. വീട്ടുകാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. കഴിഞ്ഞ രാത്രിയിലുണ്ടായ ശക്തമായ മഴയിലും കാറ്റിലും എഴുമറ്റൂർ പഞ്ചായത്ത് 4-ാം വാർഡിൽ സിയാ മരയ്ക്കാരുടെ വീടിനു മുകളിലേക്ക് പാഴ്മരം കടപുഴകി വീണു.വീടിന്റെ മേൽക്കൂരയിലെ ആസ്ബസ്റ്റോസ് ഷീറ്റുകളും ഓടുകളും ഭാഗികമായി തകർന്നു. കുടുംബാംഗങ്ങൾ വീടിന്റെ മുൻവശത്തെ ഹാളിൽ ഇരുന്നതിനാൽ ദുരന്തം വഴിമാറി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com