തിരുവല്ല നഗരത്തിലെ നടപ്പാതകളിൽ കുഴി; കാൽനടക്കാർ ദുരിതത്തിൽ
Mail This Article
തിരുവല്ല∙ നഗരത്തിലെ നടപ്പാതകളിൽ കുഴി. കാൽനടക്കാർ ദുരിതത്തിൽ. എംസി റോഡിൽ കുരിശു കവല മുതൽ ദീപാ ജംക്‌ഷൻ വരെയുള്ള ഭാഗത്തു റോഡിന്റെ ഇരുവശത്തുമുള്ള നടപ്പാതകളാണു തകർന്നിരിക്കുന്നത്. നടപ്പാതയിൽ സ്ഥാപിച്ചിരുന്ന പൂട്ടുകട്ടകൾ ഇളകിമാറി. ചിലയിടങ്ങളിൽ ഓവുചാലുകളുടെ മുകളിലൂടെയാണു നടപ്പാത. ഇവയുടെ സ്ലാബ് തകർന്നതിനാൽ കുഴി രൂപപ്പെട്ടിരിക്കുകയാണ്. നഗര വികസനത്തിന്റെ ഭാഗമായി 2019ൽ ആണു നടപ്പാതകളിൽ പൂട്ടുകട്ട പാകിയത്. ഇവയിൽ ഭൂരിഭാഗവും ഇപ്പോൾ ഇളകി മാറിയ നിലയിലാണ്.
ഇവ കോൺക്രീറ്റ് ഇട്ട് ഉറപ്പിക്കാൻ പിഡബ്ല്യുഡി മുതിരുന്നില്ല. എംസി റോഡിന്റെ ഭാഗം ദേശീയ പാത അതോറിറ്റിയുടെ കീഴിലായതിനാലാണിത്. ദേശീയ പാത വികസനത്തിന്റെ പേരിൽ എംസി റോഡിന്റെ ഭാഗങ്ങളിൽ അറ്റകുറ്റപ്പണികൾ പോലും നടത്തുന്നില്ല.കുരിശു കവലയിൽ അപകടകരമാം വിധമാണു പൂട്ടുകട്ടകൾ ഇളകി മാറിയിരിക്കുന്നത്. നിരപ്പിൽ നിന്ന് അരയടിയോളം ഉയർന്നു താണു നിൽക്കുന്ന പൂട്ടുകട്ടകളിൽ തട്ടി കാൽനടക്കാർ വീഴുന്നതും പതിവായിരിക്കുന്നു.
അപകടം പതിവ്
∙ നടപ്പാതകളിൽ പൂട്ടുകട്ടപാകിയത് 2019ൽ
∙ എംസി റോഡിൽ അറ്റകുറ്റപ്പണിക്ക് പോലും മുതിരാതെ ദേശീയപാത അധികൃതർ
∙ യാത്രക്കാർ വീഴുന്നത് പതിവ്