വീടുനിർമാണത്തിന്റെ മറവിൽ മണ്ണെടുപ്പ്; പ്രതിഷേധം വ്യാപകം: കടുത്ത നടപടിയെന്ന് കവിയൂർ പഞ്ചായത്ത് അധികൃതർ
Mail This Article
തിരുവല്ല∙ കവിയൂർ പഞ്ചായത്തിലെ രണ്ടാം വാർഡിൽ ഉൾപ്പെട്ട മുണ്ടിയപള്ളി പ്രദേശത്ത് മണ്ണെടുപ്പ് വ്യാപകം. മുണ്ടിയപ്പള്ളി സഹകരണ ബാങ്കിനു സമീപത്തെ പുരയിടത്തിൽ നിന്നാണു ദിവസങ്ങളായി മണ്ണ് എടുത്തിരുന്നത്.കുന്നിടിച്ചു മണ്ണെടുക്കുന്നത് കവിയൂർ പഞ്ചായത്ത് പ്രസിഡന്റ് എം.ഡി ദിനേശ് കുമാറിന്റെയും രണ്ടാം വാർഡ് അംഗം ലിൻസി മോൻസിയുടെയും നേതൃത്വത്തിൽ തടഞ്ഞു. മണ്ണുമാന്തി യന്ത്രങ്ങൾ സ്ഥലത്തു നിന്ന് ഇവർ പറഞ്ഞു വിട്ടു. നാല് മാസം മുൻപ് ഇവിടെ രണ്ട് വീട് നിർമിക്കാൻ വേണ്ടി മണ്ണെടുക്കാൻ പഞ്ചായത്ത് അനുമതി നൽകിയതായി എം.ഡി.ദിനേശ് കുമാർ പറഞ്ഞു.
എന്നാൽ ഇതേ അനുമതിയുടെ മറവിൽ നിരന്തരം മണ്ണെടുപ്പു തുടരുകയാണ്. വീട് വയ്ക്കാൻ എന്ന പേരിൽ അനുമതി വാങ്ങിയ ശേഷം അതിന്റെ മറവിൽ അവശേഷിക്കുന്ന സ്ഥലത്തെ മണ്ണ് എടുക്കുകയാണ് എന്നു പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. മുണ്ടിയപ്പള്ളിയിൽ ആൾ താമസം കുറവായ മേഖലകളിൽ നിന്നാണു വ്യാപകമായി മണ്ണെടുക്കുന്നത്.ഏറെ പേർ വിദേശങ്ങളിൽ കുടിയേറിയ പ്രദേശമാണിത്. മിക്ക വീടുകളും അടഞ്ഞ് കിടക്കുകയാണ്. അതേസമയം, പൊലീസ് അറിയാതെ രാത്രി ടിപ്പറിൽ മണ്ണ് കടത്താൻ കഴിയില്ല എന്ന് നാട്ടുകാർ ആരോപിക്കുന്നു. അനധികൃത മണ്ണെടുപ്പിന് എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് എം.ഡി.ദിനേശ് കുമാർ പറഞ്ഞു.