ADVERTISEMENT

പത്തനംതിട്ട ∙ ആറന്മുളയിൽ കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ചെന്ന കേസിന്റെ വിചാരണ നടക്കുന്നതിനിടെ അതിജീവിത സാക്ഷിക്കൂട്ടിൽ ബോധരഹിതയായി വീണു. പ്രതി അതിജീവിതയോട് മാപ്പു ചോദിക്കുന്ന ശബ്ദരേഖ കേൾക്കുന്നതിനിടെ വ്യാഴം 1.30ന് ആണ് സംഭവം. ഒന്നര മണിക്കൂറിനു ശേഷമാണ് വിചാരണ പുനഃരാരംഭിച്ചത്.  കേസിലെ പ്രതി നൗഫലും കോടതിയിലുണ്ടായിരുന്നു. കഴിഞ്ഞ ദിവസമാണ് കേസിൽ പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ പ്രോസിക്യൂഷൻ സാക്ഷി വിസ്താരം തുടങ്ങിയത്.

2020 സെപ്റ്റംബർ 5ന് രാത്രി 108 ആംബുലൻസിന്റെ ഡ്രൈവർ കായംകുളം കീരിക്കാട് പനയ്ക്കച്ചിറയിൽ വീട്ടിൽ നൗഫൽ കോവിഡ് പോസിറ്റീവായ പത്തൊൻപതുകാരിയെ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി ആംബുലൻസ് വിജനമായ സ്ഥലത്തെത്തിച്ച് പീഡിപ്പിച്ചെന്നാണു കേസ്.  പീഡിപ്പിച്ച ശേഷം പ്രതി നൗഫൽ ആംബുലൻസ് ഓടിക്കുന്നതിനിടെ ക്ഷമാപണം നടത്തുന്നത് അതിജീവിത മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. ഇതു അന്വേഷണ ഉദ്യോഗസ്ഥന് കൈമാറിയിരുന്നു. ഇതാണു കഴിഞ്ഞ ദിവസം കോടതിയിൽ കേൾപ്പിച്ചത്. 4 വർഷമായി പ്രതി വിചാരണത്തടവിലാണ്. 94 സാക്ഷികളാണ് കേസിൽ ആകെയുള്ളത്.

രാജ്യത്ത് ആദ്യമായാണ് പട്ടികജാതി/വർഗ പീ‌ഡന നിരോധന നിയമപ്രകാരം സാക്ഷി വിസ്താരം പൂർണമായും വിഡിയോ റെക്കോർഡ് ചെയ്യാൻ ഹൈക്കോടതി ഉത്തരവിടുന്നതെന്ന് നിയമ വിദഗ്ധർ പറഞ്ഞു. പ്രോസിക്യൂഷനു വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ ടി.ഹരികൃഷ്ണനും അതിജീവിതയെ സഹായിക്കാൻ ഹൈക്കോടതി ഉത്തരവ് പ്രകാരം മുൻ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ എ.സി.ഈപ്പനും പട്ടികജാതി ക്ഷേമ ഓഫിസിലെ നിയമ ഉപദേശക എം.മീന എന്നിവരുമാണ് കോടതിയിൽ ഹാജരാകുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com