മാലിന്യക്കുഴിയായി നഗരമധ്യം; അനങ്ങാതെ നഗരസഭ
Mail This Article
പത്തനംതിട്ട∙ മാലിന്യ ദുർഗന്ധത്തിൽ വലഞ്ഞ് യാത്രക്കാരും പ്രദേശവാസികളും. താഴെ വെട്ടിപ്പുറം – പൊയിലക്കര പടി റോഡിൽ താഴെ വെട്ടിപ്പുറം റിങ് റോഡിനു സമീപത്തെ പാടത്തും ഇതുവഴി ഒഴുകുന്ന തോട്ടിലുമാണു മാലിന്യം തള്ളുന്നത്. മദ്യക്കുപ്പികൾ അടക്കമുള്ള മാലിന്യം വാഹനങ്ങളിൽ എത്തി ഇവിടെ തള്ളുന്നതായി പ്രദേശവാസികൾ ആരോപിക്കുന്നു. കടമ്മനിട്ട ഭാഗത്തു നിന്നു വരുന്ന നീരൊഴുക്ക് കണ്ണങ്കര തോട്ടിലാണ് ചെന്നു ചേരുന്നത്. അച്ചൻകോവിലാറ്റിൽ എത്തുന്ന ഈ തോട്ടിൽ മാലിന്യം തള്ളുന്നത് നഗരത്തിലെ പ്രധാന തോടിനെയും അച്ചൻകോവിലാറിനെയും മലിനമാക്കുന്നു. പ്രദേശവാസികൾക്കും ഇതുവഴി പൂവൻപാറ, മലങ്കോട്ടക്കാവ്, ഹോളി ഏഞ്ചൽസ് സ്കൂൾ തുടങ്ങിയ ഭാഗങ്ങളിലേക്കു പോകുന്ന വിദ്യാർഥികൾ അടക്കമുള്ള യാത്രക്കാർക്ക് മൂക്ക് പൊത്താതെ ഇതുവഴി കടന്നു പോകാനാകില്ല.
പാടത്തെ വെള്ളക്കെട്ടിൽ തള്ളുന്ന അറവുശാല മാലിന്യവും ഭക്ഷണാവശിഷ്ടങ്ങളും അടക്കം ഇവിടെ കിടന്നു ചീഞ്ഞ് സമീപത്തെ കിണറുകളും മലിനമാകുന്നതായി പരാതിയുണ്ട്. തരിശായി കിടക്കുന്ന പാടമായതിനാൽ വെള്ളം മഴ പെയ്ത് വെള്ളം ഉയരുന്നതോടെ ഈ മാലിന്യം എല്ലാ ഭാഗത്തേക്കും പരക്കുകയാണ്.
മുൻപ് ഈ പാടത്ത് കന്നുകാലികളെ തീറ്റയ്ക്കായി കെട്ടിയിരുന്ന കർഷകർ പാടത്തെ മാലിന്യം കാരണം അതിനു മുതിരുന്നില്ല. ഇവിടെ സിസിടിവി ക്യാമറ സ്ഥാപിച്ച് മാലിന്യം തള്ളുന്നവരെ കൈയോടെ പിടികൂടാൻ വേണ്ട നടപടികളാണ് നഗരസഭ സ്വീകരിക്കേണ്ടത് എന്നാണ് നാട്ടുകാരുടെ ആവശ്യം.