പമ്പാതീരം ഉണരുന്നു; വള്ളസദ്യയുടെ ആചാര നിറവിലേക്ക്
Mail This Article
ആറന്മുള ∙ വള്ളസദ്യ ഒരുക്കങ്ങൾ പൂർണം. പള്ളിയോടങ്ങളെയും കരക്കാരെയും ഭക്തരെയും സ്വീകരിക്കാൻ പാർഥസാരഥി ക്ഷേത്രം ഒരുങ്ങി. ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ വടക്കേമാളികയിലെ 2 ഊട്ടുപുരകളും അറ്റകുറ്റപണി പൂർത്തിയാക്കി പെയിന്റടിച്ചു. തെക്കേനടപ്പന്തലിൽ 6 അന്നദാന മണ്ഡപങ്ങൾ താത്കാലികമായി ഒരുക്കി. വടക്കേമുറ്റത്ത് വഞ്ചിപ്പാട്ടു കളരിപ്പന്തലും തയാറായിട്ടുണ്ട്. പള്ളിയോടങ്ങളെ സ്വീകരിക്കാനെത്തുന്ന വഴിപാടുകാർക്കുവേണ്ടി മതുക്കടവിൽ പന്തൽ ഇട്ടിട്ടുണ്ട്.പള്ളിയോടത്തെ സ്വീകരിക്കാനെത്തുന്നവർ പാത്രക്കടവു വഴി കടവിലെത്തണമെന്നാണ് നിർദേശം. സ്വീകരിച്ചു വരുന്നവർക്ക് മതുക്കടവു വഴി വരാം. വടക്കുഭാഗത്തുള്ള കൈകഴുകുന്ന സ്ഥലത്ത് മേൽക്കൂര സ്ഥാപിച്ചിട്ടുണ്ട്്. ഇതോടൊപ്പം പടിഞ്ഞാറു ഭാഗത്തും താത്കാലികമായി കൈ കഴുകുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.സുരക്ഷാ ക്രമീകരണങ്ങൾക്കായി പൊലീസ് എയ്ഡ് പോസ്റ്റ് കിഴക്കേനടയിൽ ഇന്നു മുതൽ പ്രവർത്തനം തുടങ്ങും.
എല്ലാ ദിവസവും പൊലീസ് ഉദ്യോഗസ്ഥരുടെ സേവനം എയ്ഡ് പോസ്റ്റിൽ ലഭിക്കുന്നതാണ്. ട്രാഫിക് ഉൾപ്പെടെയുള്ള ജോലികൾക്കായി കൂടുതൽ പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. തിരക്കുള്ള ദിവസങ്ങളിൽ ക്ഷേത്രത്തിനു ചുറ്റും ഗതാഗതക്കുരുക്ക് ഒഴിവാക്കാനുള്ള ക്രമീകരണങ്ങളും ഉണ്ടാകും.വള്ളസദ്യയുമായി ബന്ധപ്പെട്ട് എത്തുന്ന വാഹനങ്ങൾ ക്ഷേത്രത്തിലേക്കു പോകുന്നതിനും തിരികെപ്പോകുന്നതിനും വൺവേ സംവിധാനം ഏർപ്പെടുത്തും. ക്ഷേത്രത്തിലേക്കു വരുന്ന വാഹനങ്ങൾ കിഴക്കേ നടവഴി വന്നു പടിഞ്ഞാറെ നടയിലൂടെയും തെക്കേ നടയിലൂടെയും പുറത്തേക്ക് പോകേണ്ടതാണ്.തറയിൽമുക്ക് ഭാഗത്തുനിന്നു കിഴക്കേനട ഭാഗത്തേക്ക് വരുന്ന വഴിയിൽ ഗതാഗത തടസ്സം ഉണ്ടാക്കുന്ന രീതിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല. തറയിൽമുക്കു വഴിയും സുഗതകുമാരി റോഡ് (പൊലീസ് സ്റ്റേഷൻ റോഡ്) വഴിയും കിഴക്കേനട ഭാഗത്തേക്ക് വാഹനങ്ങൾക്ക് പ്രവേശിക്കാവുന്നതാണ്.
കിഴക്കേനട ഭാഗത്ത് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്. ക്ഷേത്രത്തിലേക്ക് എത്തുന്ന വലിയ വാഹനങ്ങൾ മെയിൻ റോഡ് ഭാഗത്തും വഞ്ചിത്ര റോഡിലും ഗതാഗത തടസ്സം ഉണ്ടാകാത്ത രീതിയിൽ പാർക്ക് ചെയ്യണം. സുഗതകുമാരി റോഡിൽ പാർക്കിങ് അനുവദിക്കുന്നതല്ല.ചെറിയ വാഹനങ്ങൾ പാർക്കു ചെയ്യുന്നതിന് ഗവൺമെന്റ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ട്, പഴയ പൊലീസ് സ്റ്റേഷൻ കോംപൗണ്ട്, ആനത്താവളം പുരയിടം എന്നിവിടങ്ങളിൽ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട് .ക്ഷേത്രത്തിലെത്തുന്ന ഭക്തരുടെയും ചുറ്റുവട്ടത്തുള്ള സ്ഥാപനങ്ങളുടെയും സംരക്ഷണത്തിനായി പൊലീസ് പള്ളിയോട സേവാസംഘത്തിന്റെയും ക്ഷേത്ര പരിസരത്തുള്ള വ്യാപാരികളുടെയും പൊതു ജനങ്ങളുടെയും സഹായത്തോടെ കിഴക്കേ നടയിലും പടിഞ്ഞാറെ നടയിലും സ്ഥിരമായുള്ള സിസിടിവി ക്യാമറ നിരീക്ഷണ സംവിധാനം സ്ഥാപിക്കും. ജില്ലാ പൊലീസ് മേധാവി വി. അജിത്ത് സുരക്ഷാക്രമീകരണങ്ങൾ പരിശോധിക്കും.