ADVERTISEMENT

ആറന്മുള ∙ പമ്പയാറിന്റെ ഓളങ്ങളെ വകഞ്ഞുമാറ്റി പള്ളിയോടങ്ങൾ കരയണഞ്ഞു. ആവേശത്തിമർപ്പിൽ തുഴയെറിഞ്ഞവർ പാർഥസാരഥിയെ സ്തുതിച്ചു പാടി. ആറന്മുള ക്ഷേത്രത്തിൽ ഈ വർഷത്തെ വള്ളസദ്യക്കാലത്തിനു തുടക്കം. ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് ആനക്കൊട്ടിലിലെ നിലവിളക്കിൽ ദീപം പകർന്നു. തുടർന്ന് തൂശനിലയിൽ സദ്യവിഭവങ്ങൾ വിളമ്പി ഭഗവാനു മുൻപിൽ സമർപ്പിച്ചു.

വള്ളസദ്യയ്ക്കു തുടക്കംകുറിച്ച് ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് ഭദ്രദീപം തെളിക്കുന്നു.  ചിത്രം: മനോരമ
വള്ളസദ്യയ്ക്കു തുടക്കംകുറിച്ച് ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് ഭദ്രദീപം തെളിക്കുന്നു. ചിത്രം: മനോരമ

ക്ഷേത്രക്കടവിലെത്തിയ പള്ളിയോടങ്ങളെ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, ഗവ. ചീഫ് വിപ്പ് എൻ.ജയരാജ്, പ്രമോദ് നാരായൺ എംഎൽഎ, ബോർഡ് അംഗങ്ങളായ എ.അജികുമാർ, ജി.സുന്ദരേശൻ, പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി.സാംബദേവൻ, സെക്രട്ടറി പ്രസാദ് ആനന്ദഭവൻ, ദേവസ്വം കമ്മിഷണർ വി.എസ്.രാജേന്ദ്രബാബു, ഡപ്യൂട്ടി കമ്മിഷണർ എൻ.ശ്രീധര ശർമ, കലക്ടർ എസ്.പ്രേംകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി.രാജപ്പൻ, ജില്ലാ പൊലീസ് മേധാവി വി.അജിത്ത്, ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ കെ.കെ.ഈശ്വരൻ നമ്പൂതിരി, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് കെ.ബി.സുധീർ തുടങ്ങിയവർ ചേർന്നു സ്വീകരിച്ചു.

ആറന്മുള വള്ളസദ്യയ്ക്കെത്തിയ മേലുകര പള്ളിയോടത്തിലെ കഥകളിവേഷധാരിയെ കരക്കാർ എടുത്തിറക്കുന്നു. കലാമണ്ഡലം അഖിലാണു കഥകളി വേഷധാരി. ആറന്മുള വള്ളസദ്യയ്ക്ക് ഇന്നലെ തുടക്കമായി. ചിത്രം: ഹരിലാൽ / മനോരമ
ആറന്മുള വള്ളസദ്യയ്ക്കെത്തിയ മേലുകര പള്ളിയോടത്തിലെ കഥകളിവേഷധാരിയെ കരക്കാർ എടുത്തിറക്കുന്നു. കലാമണ്ഡലം അഖിലാണു കഥകളി വേഷധാരി. ആറന്മുള വള്ളസദ്യയ്ക്ക് ഇന്നലെ തുടക്കമായി. ചിത്രം: ഹരിലാൽ / മനോരമ

ഇന്നലെ 10 പള്ളിയോടങ്ങൾക്കാണ് വള്ളസദ്യ വഴിപാട് ഉണ്ടായിരുന്നത്. ഒക്ടോബർ 2നു സമാപിക്കും. ഇതുവരെ 350–ൽ അധികം വള്ളസദ്യകളാണ് ഈ വർഷം ബുക്ക് ചെയ്തിട്ടുള്ളത്.

എങ്ങും പാർഥസാരഥീ സ്തുതികള്‍
പാർഥസാരഥി ക്ഷേത്രത്തിലെ പ്രഭാതശീവേലി കഴിഞ്ഞ് അകത്തു കയറിയതിനു പുറകേ ആനക്കൊട്ടിലിലെ നിലവിളക്ക് ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ കെ.കെ.ഈശ്വരൻ നമ്പൂതിരിയും പള്ളിയോട സേവാസംഘം എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം ഡോ. സുരേഷ് ബാബുവും തെളിച്ചു. ശേഷം കൊടിമരച്ചുവട്ടിൽ ആദ്യത്തെ പറ തെക്കേമുറി പള്ളിയോടത്തിന്റെ വക ഭഗവാനുള്ള പറയും പള്ളിയോടക്കരയ്ക്കുള്ള പറയും നിറച്ചു. അതോടെ ആദ്യദിനത്തിലെ വഴിപാടിനുള്ള പറകൾ ഓരോന്നായി നിറഞ്ഞു തുടങ്ങി. മൊത്തം 10 വഴിപാട്. 20 പറകൾ. 

പത്തരയോടെ ക്ഷേത്രത്തിന്റെ വടക്കേനടയിലെ മതുക്കടവിൽ ആദ്യത്തെ പള്ളിയോടം വന്നടുത്തു. വെൺപാലക്കരയുടെ പള്ളിയോടമാണ് ആദ്യമെത്തിയത്. കരക്കാരോടൊപ്പം പള്ളിയോടത്തിൽ കൃഷ്ണനും കുചേലനും ഉണ്ടായിരുന്നു. കടവിൽ കാത്തുനിന്ന പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി.സാംബദേവൻ, സെക്രട്ടറി പ്രസാദ് ആനന്ദഭവൻ തുടങ്ങിയവർ വഴിപാടുകാരോടൊപ്പം ആദ്യ പള്ളിയോടത്തെ സ്വീകരിച്ചു. വെറ്റിലയും പുകയിലയും നൽകി അഷ്ടമംഗല്യത്തിന്റെയും മുത്തുക്കുടയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ നയമ്പുമായി പള്ളിയോടത്തിൽ എത്തിയ കരക്കാർ ക്ഷേത്രത്തിലേക്ക്.

വഞ്ചിപ്പാട്ടു പാടി പ്രദക്ഷിണംവച്ച് കൊടിമരച്ചുവട്ടിലെത്തി കൃഷ്ണസ്തുതികൾ പാടി. പിന്നെ സദ്യാലയത്തിലേക്ക്. ഇലയിൽ വിളമ്പിയ 44 കൂട്ടം വിഭവങ്ങളും പാടിച്ചോദിച്ചു കിട്ടിയ പ്രത്യേക വിഭവങ്ങളും കഴിച്ച് വീണ്ടും കൊടിമര ചുവട്ടിലെത്തി പറ തളിച്ച് കടവിലെത്തി മടങ്ങിയതോടെ വള്ളസദ്യക്കാലത്തെ ആദ്യദിനം അടുത്ത ദിവസത്തിനുവേണ്ടിയുള്ള കാത്തിരിപ്പിനു വഴിമാറി. ഇന്നലെ 10 പള്ളിയോടങ്ങൾക്കാണ് വള്ളസദ്യ ഉണ്ടായിരുന്നത്. ക്ഷേത്രക്കടവിൽ ആദ്യം എത്തിയ വെൺപാല പള്ളിയോടത്തിനു പിന്നാലെ മറ്റു 10 പള്ളിയോടങ്ങളും എത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com