ADVERTISEMENT

നെല്ലിക്കമൺ ∙ കാൽ നൂറ്റാണ്ടിലധികം നീണ്ട കാത്തിരിപ്പിനൊടുവിൽ അങ്ങാടി പ്രാഥമികാരോഗ്യ കേന്ദ്രം (പിഎച്ച്സി) സ്വന്തം കെട്ടിടത്തിലേക്കു മാറ്റി സ്ഥാപിക്കാനൊരുങ്ങുന്നു. കെട്ടിട നിർമാണം അവസാന ഘട്ടത്തിലെത്തി.നെല്ലിക്കമൺ ജംക്‌ഷന് സമീപം ചാലുമാട്ട് കുടുംബം സംഭാവന ചെയ്ത 15 സെന്റ് സ്ഥലത്താണ് പിഎച്ച്സിക്കായി കെട്ടിടം പണിയുന്നത് ദേശീയ ആരോഗ്യ ദൗത്യം പദ്ധതിയിൽ അനുവദിച്ച 2.20 കോടി രൂപയാണ് പിഎച്ച്സിയുടെ നവീകരണത്തിനായി ചെലവഴിക്കുന്നത്. 

ഇതിൽ 1.55 കോടി രൂപയാണു കെട്ടിട നിർമാണത്തിനു ചെലവഴിക്കുന്നത്. റോഡിന്റെ നിരപ്പിൽ പില്ലറുകൾ സ്ഥാപിച്ചാണ് 2 നിലകളിൽ കെട്ടിടം പണിതത്. അത്യാവശ്യ ഘട്ടങ്ങളിൽ താഴത്തെ നില കട്ട കെട്ടി തിരിച്ച് കേന്ദ്രത്തിനായി ഉപയോഗിക്കാം.കെട്ടിടത്തിൽ മുറികൾ തിരിക്കുന്ന പണികൾ പൂർത്തിയായി. അകം പൂർണമായും സിമന്റ് പൂശി. മഴയായതിനാൽ കെട്ടിടത്തിന്റെ പുറം ഭാഗം സിമന്റ് പൂശാൻ വൈകി. ഇപ്പോൾ അവസാന ഭാഗത്തെത്തി.

 2 ദിവസത്തിനകം തീരും. തുടർന്ന് ടൈൽ പാകുന്ന പണികൾ തുടങ്ങും. ഇതു പൂർത്തിയാകുന്ന മുറയ്ക്ക് പെയിന്റ് പൂശുന്ന പണി ആരംഭിക്കും. വയറിങ്, പ്ലമിങ് എന്നിവ 80 ശതമാനം പൂർത്തിയായി. പെയിന്റിങ്ങിനു ശേഷമുള്ള മിനുക്കു പണികളാണ് നടത്താനുള്ളത്. ഫർ‌ണിഷിങ് പണികൾ ദേശീയ ആരോഗ്യ ദൗത്യം ജില്ലാ വിഭാഗമാണ് നടത്തുക.ഡോക്ടർ, നഴ്സ്, ഫാർമസി, സ്റ്റോർ, ഓഫിസ്, നിരീക്ഷണം, ഫീഡിങ്, കുത്തിവയ്പ്, ഫീൽഡ് ജീവനക്കാർ എന്നിവർക്കായി പ്രത്യേകം മുറികൾ കെട്ടിടത്തിലുണ്ട്. കൂടാതെ ഭിന്നശേഷിക്കാർക്കും മറ്റുള്ളവർക്കും പ്രത്യേകം ശുചിമുറികളും ഒരുക്കും.

റാന്നി വലിയപാലം പമ്പാനദിയിൽ തകർന്നു വീണപ്പോഴാണ് അങ്ങാടി പഞ്ചായത്തിൽ പിഎച്ച്സി അനുവദിച്ചത്. തുടക്കം മുതൽ വാടക കെട്ടിടത്തിലാണ് പ്രവർത്തനം. സ്വന്തമായി സ്ഥലം ലഭ്യമാകാത്തതു മൂലമാണ് കെട്ടിടം പണിയാതിരുന്നത്. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ അവസാന കാലത്താണ് സ്ഥലം ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിച്ചത്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com