നെൽക്കതിരുകൾ സന്നിധാനത്തെത്തി; ഇന്ന് സമൃദ്ധിയുടെ നിറപുത്തരി പൂജ
Mail This Article
ശബരിമല ∙ അയ്യപ്പസ്വാമിക്കു സമർപ്പിക്കാനായി പാടശേഖരങ്ങളിൽ നിന്നു കൊയ്ത ആദ്യ കറ്റകളും നെൽക്കതിരുകളുമായി തീർഥാടകർ സന്നിധാനത്തെത്തി. കാർഷിക സമൃദ്ധിക്കും ഐശ്വര്യത്തിനുമായി ഇന്നു പുലർച്ചെയാണ് അയ്യപ്പ സന്നിധിയിൽ നിറപുത്തരി.മാലക്കര ചെറുപുഴയ്ക്കാട്ട് ദേവീക്ഷേത്രത്തിൽ നിന്നുള്ള സംഘമാണ് ആദ്യം എത്തിയത്. നട തുറന്ന ശേഷം കൊല്ലങ്കോട് കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും സന്നിധാനത്തെത്തി.
അച്ചൻകോവിൽ നിന്നുള്ള സംഘവും കറ്റകൾ എത്തിച്ചു. ഇവ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് ഏറ്റുവാങ്ങി. ഇന്ന് പുലർച്ചെ 5.45 നും 6.30 നും മധ്യേയാണ് നിറപുത്തരി പൂജ. രാവിലെ 5.30ന് കൊടിമരച്ചുവട്ടിൽ നിന്നാണ് ഘോഷയാത്ര. ശുദ്ധി വരുത്തിയ കറ്റകൾ മേൽശാന്തിയും കീഴ്ശാന്തിയും പരികർമികളും ചേർന്ന് കിഴക്കേ മണ്ഡപത്തിൽ എത്തിക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനര് പൂജിച്ച ശേഷം ശ്രീകോവിലിൽ കൊണ്ടുപോയി അയ്യപ്പ വിഗ്രഹത്തിനു മുൻപിൽ ദീപാരാധന കഴിക്കും.
ചൈതന്യം നിറഞ്ഞ നെൽക്കതിരുകൾ ആദ്യം ശ്രീകോവിലിൽ കെട്ടും. പിന്നീടു ഭക്തർക്കു പ്രസാദമായി നൽകും.നിറപുത്തരി പൂജയ്ക്കായി ഇന്നലെ വൈകിട്ട് 5ന് മേൽശാന്തി പി.എൻ.മഹേഷ് നട തുറന്നു. പൂജ പൂർത്തിയാക്കി ഇന്നു രാത്രി 10ന് നട അടയ്ക്കും.തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ എല്ലാ ക്ഷേത്രങ്ങളിലും ഇന്നു രാവിലെ 5.45നും 6.30നും മധ്യേ നിറപുത്തരി പൂജ നടക്കും.