ADVERTISEMENT

റാന്നി ∙ വലിയകാവ് റിസർവിന്റെ ഡിജിറ്റൽ സർവേ ഫീൽഡ് ജോലികൾ പൂർത്തിയായി. പെരുമ്പെട്ടിയിലെ 512 കുടുംബങ്ങളുടെ പട്ടയ പ്രശ്നവുമായി  ബന്ധപ്പെട്ടാണ് സർവേ നടത്തുന്നത്. അങ്ങാടി, പെരുമ്പെട്ടി, ചേത്തയ്ക്കൽ എന്നീ വില്ലേജുകളിലായി വ്യാപിച്ചു കിടക്കുന്ന വനമാണിത്. സർവേ ഡപ്യൂട്ടി ഡയറക്ടർ ഡി.മോഹൻദേവിന്റെ നേതൃത്വത്തിൽ 3 സർവേ സംഘമാണ് ജോലികൾ പൂർത്തിയാക്കിയത്. പെരുമ്പെട്ടി വില്ലേജിൽ 544 ഹെക്ടറും ചേത്തയ്ക്കൽ വില്ലേജിൽ 10 ഹെക്ടറും അങ്ങാടി വില്ലേജിൽ 213 ഹെക്ടറുമാണ് വലിയകാവ് റിസർവിനുള്ളത്. 

ജണ്ടാ കെട്ടി തിരിച്ചിരിക്കുന്ന വനത്തിനു ചുറ്റും കൃത്യമായ സർവേ അടയാളങ്ങൾ പതിറ്റാണ്ടുകൾക്ക് മുൻപേ സ്ഥാപിച്ചിട്ടുള്ളതാണ്. ഓരോ സർവേ കല്ലുകളും പാറ മാർക്കുകളും കൃത്യമായ സ്ഥലത്ത് തന്നെയാണെന്ന് പരിശോധിച്ച് ഉറപ്പുവരുത്തി. ആധുനിക സംവിധാനമായ ആർടികെ മിഷൻ ഉപയോഗിച്ച് കോ ഓർഡിനേറ്റുകൾ എടുത്താണ് സർവേ നടപടികൾ ചെയ്തിരിക്കുന്നത്. 

1958ൽ ആണ് വലിയകാവ് വനത്തിന് വിജ്ഞാപനം വന്നത്. 1,771 ഹെക്ടറാണ് വലിയകാവ് റിസർവിന്റെ വിജ്ഞാപന പ്രദേശം. അതു വനത്തിനുള്ളിൽ തന്നെ ഉണ്ടെന്ന് ബോധ്യമായാൽ പെരുമ്പെട്ടിയിലെ സാധാരണ ജനങ്ങൾക്ക് പട്ടയം നൽകുന്നതിനുള്ള തടസ്സം നീങ്ങും. 3 വില്ലേജുകളുടെയും സർവേ നടപടികൾ വനം ജീവനക്കാരുടെ സാന്നിധ്യത്തിലാണ് നടന്നത്. 2019ൽ പെരുമ്പെട്ടിയിലെ കുടുംബങ്ങൾക്ക് പട്ടയം നൽകുന്നതിന് സർവേ ജോലികൾ പൂർത്തീകരിച്ചതാണ്. എന്നാൽ വനം വകുപ്പ് തടസ്സം ഉന്നയിച്ചതിനാൽ പട്ടയം നൽകാനായില്ല. ഇതേ കാലഘട്ടത്തിൽ തന്നെ വനം വകുപ്പിന്റെ കൈവശത്തിലുള്ള സ്ഥലം അളന്നു തിരിക്കുന്നതിനായി കോഴിക്കോട് മിനി ഫോറസ്റ്റ് സർവേ ഉദ്യോഗസ്ഥർ എത്തിയെങ്കിലും പൂർത്തീകരിക്കാതെ മടങ്ങിയിരുന്നു. 

റവന്യു മന്ത്രിയും പ്രമോദ് നാരായൺ എംഎൽഎയും പ്രത്യേക താൽപര്യമെടുത്താണ് ഇപ്പോൾ ഡിജിറ്റൽ സർവേ നടത്തുന്നത്. സർവേ നടപടികൾ എംഎൽഎ നേരിട്ടെത്തി വിലയിരുത്തി. അങ്ങാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ്.സതീഷ് കുമാർ, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്തംഗം ഈപ്പൻ വർഗീസ്, കൊറ്റനാട് പഞ്ചായത്തംഗങ്ങളായ പ്രകാശ് പി.സാം, ഉഷ ഗോപി, സന്തോഷ് പെരുമ്പെട്ടി, വനം സംരക്ഷണ സമിതി സെക്രട്ടറി രാജേഷ് കാവുംമണ്ണിൽ എന്നിവരും റവന്യു സർവേ, വനം ഉദ്യോഗസ്ഥരും പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com