ശബരിമല തീർഥാടനത്തിന് 2 മാസം; എങ്ങുമെത്താതെ ഒരുക്കം
Mail This Article
റാന്നി ∙ ശബരിമല തീർഥാടനത്തിന് രണ്ടര മാസം മാത്രം ബാക്കി നിൽക്കുമ്പോഴും മുന്നൊരുക്കങ്ങളൊന്നും തുടങ്ങിയിട്ടില്ല. ഇടത്താവളങ്ങൾ ഉൾപ്പെടുന്ന പഞ്ചായത്തുകൾക്കും മെല്ലെപ്പോക്കു നയം.നവംബർ 16ന് ആണ് ശബരിമല തീർഥാടനം ആരംഭിക്കുന്നത്. തീർഥാടക ക്ഷേമത്തിനായി ഇടത്താവളങ്ങൾ ഉൾപ്പെടുന്ന പഞ്ചായത്തുകൾക്ക് സർക്കാർ പ്രത്യേകം ധനസഹായം അനുവദിക്കാറുണ്ട്. കഴിഞ്ഞ തവണ തീർഥാടനം അവസാനിച്ചു കഴിഞ്ഞാണ് മിക്ക പഞ്ചായത്തുകൾക്കും സഹായം ലഭിച്ചത്. എങ്കിലും തനത് ഫണ്ടുകൾ ചെലവഴിച്ച് പഞ്ചായത്തുകൾ മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു.
തീർഥാടന പാതകളിൽ വഴിവിളക്കുകൾ സ്ഥാപിക്കൽ, ഇടത്താവളങ്ങളിൽ ശുചീകരണം, കുളിക്കടവുകൾ വൃത്തിയാക്കൽ, ശുദ്ധജലം ഉറപ്പാക്കൽ എന്നിവയും തിരുവാഭരണ പാതയുടെ പുനരുദ്ധാരണവുമാണ് പഞ്ചായത്തുകൾ ചെയ്യുന്നത്. തീർഥാടന പാതകളിലെ അംഗീകൃത കുളിക്കടവുകളിലെല്ലാം ചെളിയും മണ്ണും നിറഞ്ഞിരിക്കുകയാണ്. തീർഥാടകർക്ക് ഇറങ്ങാൻ പറ്റാത്ത സ്ഥിതിയാണ്.
കഴിഞ്ഞ ശബരിമല തീർഥാടന കാലത്തു നടത്തിയതിനു ശേഷം വഴിവിളക്കുകൾക്ക് കാര്യമായ പരിപാലനം ഉണ്ടായിട്ടില്ല. തീർഥാടനവുമായി ബന്ധമില്ലാത്ത വാർഡുകളിലും ശബരിമല ഫണ്ട് ചെലവഴിച്ചു വിളക്കുകൾ സ്ഥാപിക്കുന്നതായി പരാതിയുണ്ട്. ഇടത്താവളങ്ങളിലെ മാലിന്യം താൽക്കാലിക തൊഴിലാളികളെ നിയോഗിച്ച് പഞ്ചായത്തുകൾ നീക്കാറുണ്ട്. എന്നാൽ മാലിന്യ സംസ്കരണത്തിന് തീർഥാടന പാതകളിലെ പഞ്ചായത്തുകളിലൊന്നും സംവിധാനമില്ല. പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യം സംഭരിച്ച് ക്ലീൻ കേരള കമ്പനിക്കു കൈമാറുകയാണ്.
ശബരിമല പാതകളിൽ മണ്ണാരക്കുളഞ്ഞി–പ്ലാപ്പള്ളി റോഡിൽ ദേശീയ ഹൈവേ വിഭാഗം പണി നടത്തുന്നുണ്ട്. ഇതുവരെ പൂർത്തിയായിട്ടില്ല. റാന്നി–കോഴഞ്ചേരി, ചെറുകോൽപുഴ–റാന്നി എന്നീ പാതകൾ തകർന്നു കിടക്കുകയാണ്. പാതകളിലെങ്ങും ആവശ്യത്തിനു സുരക്ഷാ സംവിധാനങ്ങളുമില്ല. റോഡ് സുരക്ഷ അതോറിറ്റി സ്ഥാപിച്ച ബ്ലിങ്കർ ലൈറ്റുകൾ അധികവും കത്താതെ കിടക്കുകയാണ്.