നീരേറ്റുപുറം പമ്പ ജലമേള തിരുവോണനാളിൽ
Mail This Article
തിരുവല്ല∙ നീരേറ്റുപുറം ജനകീയ ജലോത്സവ സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന പമ്പ ബോട്ട് റേസ് 2024 സെപ്റ്റംബർ മാസം പതിനഞ്ചാം തീയതി ഞായർ തിരുവോണനാളിൽ ഉച്ചയ്ക്ക് രണ്ടുമണിക്ക് നടക്കും. 9 ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ കേരളത്തിലെ പ്രമുഖ 40 കളിവള്ളങ്ങൾ പങ്കെടുക്കും. വർണശബളമായ ജല ഘോഷയാത്രയോടെ ആരംഭിക്കുന്ന വള്ളംകളിയിൽ വിവിധ ഫ്ളോട്ടുകൾ അണിനിരക്കും. മാസ് ഡ്രിൽ അടക്കമുള്ള കാര്യങ്ങൾക്കുള്ള ക്രമീകരണവും നടത്തിക്കഴിഞ്ഞു. വള്ളംകളിയിൽ മന്ത്രിമാരായ സജി ചെറിയാൻ, വീണ ജോർജ്, എം ബി രാജേഷ്, റോഷി അഗസ്റ്റിൻ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, എംപി മാർ, എംഎൽഎമാർ , വിദേശ ടൂറിസ്റ്റുകൾ ഉൾപ്പെടെ പ്രമുഖർ പങ്കെടുക്കും.
കഴിഞ്ഞ വർഷത്തെ ജനകീയ ട്രോഫി കരസ്ഥമാക്കിയ തലവടി ചുണ്ടന്റെ ക്യാപ്റ്റൻ ഈ വർഷത്തെ ജലമേളയിൽ വള്ളങ്ങൾക്ക് സത്യ വാചകം ചൊല്ലിക്കൊടുക്കും. സെപ്റ്റംബർ 10 മുതൽ പതിനാലാം തീയതി വരെ നീന്തൽ മത്സരം, ചെറുവള്ളങ്ങളുടെ തുഴച്ചിൽ പരിശീലനം, കയാക്കിങ് കനോയിങ് എന്നീ പരിപാടികൾ വാട്ടർ സ്റ്റേഡിയത്തിലും നടക്കും. ഇതിന് ആവശ്യ ഫയർ ഫോഴ്സ് സംവിധാനങ്ങൾ ഉൾപ്പെടെ ക്രമീകരണം ചെയ്തിട്ടുണ്ട്. പൂവിടൽ മത്സരം, കുട്ടനാടൻ ആറന്മുള വഞ്ചിപ്പാട്ട് മത്സരം, വിദ്യാർഥി വിഭാഗം വഞ്ചിപ്പാട്ട് മത്സരം, ചിത്രരചനാ മത്സരം , വള്ളംകളിയും ടൂറിസം എന്ന വിഷയത്തെ ആസ്പദമാക്കി ഉപന്യാസം മത്സരവും, കുട്ടനാടൻ പൈതൃകം നിലനിർത്തുന്നതിന് വിവിധതരത്തിലുള്ള കലാസംസ്കാരിക പരിപാടികളും നടത്തും. സാംസ്കാരിക ഘോഷയാത്രയും, സാംസ്കാരിക സമ്മേളനവും നടക്കും.
പരിപാടികൾ നീരേറ്റുപുറം എഎൻസി ജംങ്ഷനിലും നീരേറ്റുപുറം ടാക്സി സ്റ്റാൻഡിലും നടത്തും. വള്ളങ്ങളുടെ ജോഡി തിരിച്ചുള്ള നറുക്കെടുപ്പ് സെപ്റ്റംബർ 10 വൈകിട്ട് 5 മണിക്ക് ജലോത്സവ കമ്മിറ്റിയുടെ ഓഫീസിൽ നടത്തപ്പെടും അതിനോട് അനുബന്ധിച്ച് ക്യാപ്റ്റൻസ് ക്ലിനിക്കും നടക്കും .ഇതുമായി ബന്ധപ്പെട്ട വിശദമായ ക്രമീകരണങ്ങളും നടന്നുവരുന്നതായി ചെയർമാൻ റെജി എബ്രഹാം തൈക്കടവിൽ, ജനറൽ സെക്രട്ടറി പ്രകാശ് പനവേലി, വൈസ് ചെയർമാൻ ബാബു വലിയവീടൻ ജനറൽ കൺവീനർമാരായ ബിജു പാലത്തിങ്കൽ ,അജിത് കുമാർ പിഷാരത് എന്നിവർ പറഞ്ഞു.