ഓണത്തിരക്ക്: ചെന്നൈ, ബെംഗളൂരു സ്വകാര്യബസ് നിരക്കിൽ മൂന്നിരട്ടി വരെ വർധന; ട്രെയിനുകളിൽ വെയ്റ്റിങ് ലിസ്റ്റ് 100 കടന്നു
Mail This Article
പത്തനംതിട്ട∙ നാട്ടിൽ ഓണമുണ്ണാൻ കാണം വിറ്റും ടിക്കറ്റെടുക്കേണ്ട അവസ്ഥയിലാണ് ഓണക്കാലത്ത് നാട്ടിലേക്കു വരുന്ന മറുനാടൻ മലയാളികൾ. എല്ലാ ഉത്സവ കാലത്തും ഉണ്ടാകുന്ന നിരക്കു വർധനയ്ക്കു ഇത്തവണയും മാറ്റമില്ല. കേരളത്തിലേക്കു ഏറ്റവും കൂടുതൽ യാത്രക്കാരുള്ള ബെംഗളൂരു, ചെന്നൈ റൂട്ടുകളിലാണ് ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തി യാത്രക്കാരെ പിഴിയുന്നത്. ഓണം വീട്ടിലാഘോഷിച്ച് ഉടൻ തന്നെ തിരിച്ചു പോകാൻ ഒരുങ്ങുന്നവർക്കും ഉയർന്ന ടിക്കറ്റ് നിരക്ക് ഭീഷണിയാവുകയാണ്.
ട്രെയിനുകളിലെ റിസർവേഷൻ നേരത്തെ കഴിഞ്ഞതിനാൽ നാട്ടിലെത്താനും ഉടൻ തിരിച്ചു പോകാനും ശ്രമിക്കുന്നവർക്ക് അന്തർ സംസ്ഥാന സ്വകാര്യ ബസുകളാണു പ്രധാന ആശ്രയം. ഉയർന്ന നിരക്കുള്ളപ്പോഴും ടിക്കറ്റുകൾ അതിവേഗം വിറ്റു പോകുന്നുണ്ട്. അവധി അവസാനിച്ചാൽ ഉടൻ തന്നെ നിരക്ക് കുറയുകയും ചെയ്യും. ഇന്നലെ ചെന്നൈയിൽ നിന്നും പത്തനംതിട്ടയ്ക്കുള്ള പല ബസുകളിലേയും നിരക്കുകൾ 1700 മുതൽ 2000 വരെയായിരുന്നു. നാളെ മുതൽ ചെന്നൈയിലേക്കു തിരിച്ചു പോകുന്നവർക്ക് 2500 മുതൽ 3500 മുതൽ പണം മുടക്കേണ്ടി വരും.
ബെംഗളൂരുവിൽ നിന്നു പത്തനംതിട്ട വരെ 1300 മുതലാണ് നിരക്കുകൾ. എന്നാൽ തിരിച്ചു പോകണമെങ്കിൽ 2000 മുതൽ 3500 രൂപ വരെ പണം മുടക്കേണ്ടി വരും. നേരത്തെ തന്നെ ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്തു പോയതിനാൽ വെയ്റ്റിങ് ലിസ്റ്റ് നോക്കിയിരിക്കേണ്ട അവസ്ഥയിലാണ് യാത്രക്കാർ. നാട്ടിൽ നിന്നുള്ള മടക്കയാത്രയിലും ഇതു തന്നെയാണ് അവസ്ഥ പല ട്രെയിനുകളിലും 100നുമുകളിലാണ് വെയ്റ്റിങ് ലിസ്റ്റ് കാണിക്കുന്നത്. യാത്രാക്ലേശമകറ്റാൻ കൂടുതൽ കെഎസ്ആർടിസി ബസുകളും സ്പെഷൽ ട്രെയിനുകളും അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് യാത്രികർ.
ട്രെയിനിൽ ടിക്കറ്റ് കിട്ടാനില്ല, അധിക കെഎസ്ആർടിസി ബസുകളില്ല, കിട്ടിയ അവസരത്തിൽ നിരക്ക് ഇരട്ടിയിലേറെയാക്കി സ്വകാര്യ ബസുകളുടെ കൊള്ള ചുരുക്കത്തിൽ ഇതാണ് യാത്രക്കാരുടെ അവസ്ഥ. ഓണം ഞായറാഴ്ച വന്നതിനാൽ ഇന്നു വൈകിട്ടു തന്നെ മടങ്ങേണ്ട അവസ്ഥയിലാണ് അധികമായി അവധി കിട്ടാത്തവർ. ബെംഗളൂരു, മംഗളൂരു, കോയമ്പത്തൂർ, ചെന്നൈ, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിൽ പഠന, ജോലി ആവശ്യങ്ങൾക്കായി പോയവരാണ് ഓരോ അവധിക്കാലത്തും യാത്രാദുരിതം അനുഭവിക്കുന്നത്.