ഓണത്തിന് മധുരം നൽകാൻ ജില്ലയുടെ സ്വന്തം ശർക്കര
Mail This Article
ഓണത്തിന് ഇത്തവണ ശർക്കര മധുരം അൽപം കൂടും. ജില്ലയുടെ തനതായ ശൈലിയിൽ ഉൽപാദിപ്പിച്ച ശർക്കരയും വിപണിയിലെത്തുന്നുണ്ട്. 55 ടണ്ണോളം ശർക്കരയാണ് ജില്ലയിൽനിന്ന് ഉൽപാദിപ്പിച്ച് വിപണിയിൽ എത്തിച്ചിരിക്കുന്നത്. തിരുവല്ല ഭാഗങ്ങളിൽനിന്നു മാത്രം 10 ടണ്ണിലധികം ശർക്കര ഉൽപാദിപ്പിച്ചു.
കൃഷി വകുപ്പിന്റെ പന്തളം കരിമ്പ് വിത്തുൽപാദന കേന്ദ്രത്തിലും ഇതിന്റെ ഭാഗമായി ഉൽപാദനം നടന്നു. കരിമ്പ് ഉൽപാദനത്തിനും ശേഖരിച്ച് സൂക്ഷിക്കുന്നതിനും ആവശ്യമായ പാക്ക് ഹൗസുകൾക്ക് സംസ്ഥാന ഹോർട്ടികൾചർ മിഷന്റെ നേതൃത്വത്തിൽ രണ്ടു ലക്ഷം രൂപ വീതം നൽകിയിരുന്നു. കുറ്റൂർ കൃഷിഭവന്റെ കീഴിലുള്ള വെൺപാല നാച്ചുറൽസ് ശർക്കര ഉൽപാദന കേന്ദ്രം കേരള ഗ്രോ ബ്രാൻഡിങ്ങിൽ ഇടം പിടിച്ചിട്ടുള്ളതാണ്.
വെൺപാല ശർക്കര
തിരുവല്ല ∙ മണിമലയാറിന്റെ തീരത്തുനിന്നുള്ള നാടൻ വിഭവമാണ് വെൺപാല ശർക്കര. എല്ലാ വർഷവും വെള്ളപ്പൊക്കമുണ്ടാകുന്ന മണിമലയാറിന്റെ തീരങ്ങളിൽ അടിയുന്ന എക്കല്ലിന്റെ വളക്കൂറിൽ വിളയുന്ന കരിമ്പിനു പ്രത്യേക മധുരമുണ്ടത്രെ. ഇതിൽ നിന്നെടുക്കുന്ന പതിയൻ ശർക്കരയ്ക്ക് കല്ലുങ്കൽ കാർഷിക ഗവേഷണ കേന്ദ്രം ഭൂശാസ്ത്ര ഭൗമസൂചികയും നേടിയെടുത്തിട്ടുണ്ട്.
കുറ്റൂർ പഞ്ചായത്തിൽ 6 ഹെക്ടറിൽ 12 കർഷകർ കരിമ്പ് കൃഷി ചെയ്യുന്നുണ്ട്. ഇവർ സ്വന്തം ചക്കിൽ കരിമ്പാട്ടിയെടുത്ത് നിർമിക്കുന്ന ശർക്കരയാണ് വെൺപാല ശർക്കര. ഈ വർഷം 20 ടൺ ശർക്കര ഉൽപാദിപ്പിച്ചു. കൃഷി വകുപ്പ് നടത്തിയ പരിശോധനയിൽ മികച്ച ഗുണനിലവാരമാണ് ലഭിച്ചതെന്ന് കൃഷി ഓഫിസർ താരാ മോഹൻ പറഞ്ഞു. ഇതിൽ ഒരു കർഷകന്റെ ഉൽപന്നത്തിന് സംസ്ഥാന സർക്കാരിന്റെ അഗ്രോ ഓർഗാനിക് മാർക്കും ലഭിച്ചു.
ഇത്തവണത്തെ ഓണച്ചന്തകളിൽ ഹോർട്ടികോർപ്, വിഎഫ്പിസികെ, കൃഷി ബ്ലോക്ക് കേന്ദ്രങ്ങൾ എന്നിവ വഴി 4200 കിലോ ശർക്കര വിറ്റഴിച്ചു. ഇപ്പോൾ ഇത് പാക്ക് ചെയ്ത് ജൈവ ഉൽപന്നമായി പഞ്ചായത്തുകളിൽ തുടങ്ങിയ ഓണച്ചന്തകളിൽ ലഭ്യമാണ്. ഒരുമ എന്ന കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ ഒറ്റ ലേബലിൽ ഉൽപന്നങ്ങൾ വിപണിയിലിറക്കിയിരിക്കുകയാണ്. ഇതിനു പുറമേ അടമാങ്ങ, ഉപ്പേരി, വാട്ടുകപ്പ, കണ്ണിമാങ്ങ, കുടംപുളി, മുളകുപൊടി. മഞ്ഞൾ പൊടി എന്നിവയും ഓണച്ചന്തകളിൽ ലഭ്യമാണ്.
പന്തളം ശർക്കര
പന്തളം ∙ ഓണത്തിന് മധുരം പകരാൻ കൃഷി വകുപ്പിന്റെ കീഴിലുള്ള കടയ്ക്കാട് കരിമ്പ് വിത്തുൽപാദന കേന്ദ്രത്തിൽ പന്തളം ശർക്കരയ്ക്ക് ആവശ്യക്കാർ ഏറെയായിരുന്നു. ഈ പ്രാവശ്യം ആവശ്യത്തിന് കൊടുക്കാൻ തികയാതെ വന്നു. തൈകൾ ഉൽപാദിപ്പിച്ചു നട്ടുവളർത്തിയ കരിമ്പിൽ നിന്ന് ശർക്കര ഉൽപാദനം കുറവായിരുന്നു. 2 ടൺ ശർക്കര മാത്രമാണ് ഇവിടെ വിൽപന നടത്തിയത്. ഇത്തവണ മൂന്ന് ദിവസം മാത്രമാണ് വിൽപന ഉണ്ടായിരുന്നത്.
ഫില്ലിങ് മെഷിന്റെ സഹായത്തോടെ ശർക്കര പാക്കറ്റുകളിലാക്കിയാണ് വിൽപന നടത്തിയത്. മായം ചേരാതെ ശുദ്ധമായി തയാറാക്കുന്നതിനാൽ വിപണിയിൽ പ്രിയമേറെയായിരുന്നു. പതിയൻ ശർക്കരയാണ് ഇവിടെ തയാറാക്കിയത്. ഒരു കിലോ 140 രൂപ നിരക്കിലാണ് വിത്തുൽപാദന കേന്ദ്രത്തിലെ കൗണ്ടറിൽ കൂടി വിൽപന നടത്തിയത്. കാട്ടുപന്നി ശല്യവും മഴയും കൃഷിയെ കാര്യമായി ബാധിച്ചിരുന്നു. ഇത് കാരണം ഉൽപാദനം ഈ വർഷം കുറഞ്ഞതായി കടയ്ക്കാട് കരിമ്പ് വിത്തുൽപാദന കേന്ദ്രം ഓഫിസർ യു.എസ്.അർച്ചന പറഞ്ഞു.
വള്ളിക്കോട് ശർക്കര
വള്ളിക്കോട് ∙ ഓണ നാളുകളിൽ മധുരം വിളമ്പാൻ വള്ളിക്കോട് ശർക്കര തയാറായി. പഞ്ചായത്തിന്റെ വിവിധ വാർഡുകളിലായി കർഷക സമിതിയുടെ നേതൃത്വത്തിൽ 25 ഏക്കറോളം കരിമ്പുകൃഷി നടത്തിയിരുന്നു. ഇതിന്റെ വിളവെടുത്ത് 10 ടൺ ശർക്കര ഓണ വിപണിയിലേക്ക് എത്തിക്കാനായി. വർഷങ്ങൾക്കു മുൻപ് വ്യാപകമായി കരിമ്പു കൃഷി നടത്തി വന്നിരുന്ന മേഖലയായിരുന്നു വള്ളിക്കോട്, വാഴമുട്ടം ഭാഗങ്ങൾ.
ഇതിന്റെ സംസ്കരണത്തിനു വേണ്ടി ഒട്ടേറെ ചക്കുകളും ഇവിടെ പ്രവർത്തിച്ചു വന്നിരുന്നു. കൃഷി നഷ്ടമായതോടെയും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ശർക്കര എത്തിത്തുടങ്ങിയതോടെയും കർഷകർ കരിമ്പു കൃഷി ഉപേക്ഷിച്ചു. കാളയെ ഉപയോഗിച്ചു പ്രവർത്തിച്ചു വന്ന ചക്കുകളും അതോടെ നിലയ്ക്കുകയായിരുന്നു. തരിശു നിലങ്ങൾ കൃഷി യോഗ്യമാക്കുന്ന കൃഷിവകുപ്പിന്റെ പദ്ധതിയനുസരിച്ചാണ് പഞ്ചായത്തിന്റെയും വകുപ്പിന്റെയും സഹായത്തോടെ പ്രദേശത്ത് കരിമ്പുകൃഷി ആരംഭിക്കുന്നത്. അതാണ് കൃഷി വകുപ്പ് വള്ളിക്കോട് ശർക്കര എന്ന പേരിൽ വിപണിയിലേക്ക് എത്തിക്കുന്നത്.