ശബരിമലയിൽ ഓണസദ്യകൾ തുടങ്ങി
Mail This Article
ശബരിമല ∙ ശരണംവിളികൾ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ അയ്യപ്പ സന്നിധിയിൽ ഓണസദ്യകൾ തുടങ്ങി. മേൽശാന്തി പി.എം.മഹേഷിന്റെ വകയായിരുന്നു ഇന്നലത്തെ ഉത്രാട സദ്യ. ആചാരപരമായ ചടങ്ങുകളോടെയാണ് സദ്യ തുടങ്ങിയത്. ഉച്ചപൂജയ്ക്കു മുൻപ് പാചകം പൂർത്തിയായി. കളഭാഭിഷേകത്തോടെ ഉച്ചപൂജയും അങ്കി ചാർത്തിയുള്ള പൂജയും കഴിഞ്ഞാണ് ഓണസദ്യ വിളമ്പിയത്.
മേൽശാന്തി പി.എം.മഹേഷ്, ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, അംഗം ജി.സുന്ദരേശൻ , എക്സിക്യൂട്ടീവ് ഓഫിസർ മുരാരി ബാബു, ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ബിജു .വി. നാഥ് എന്നിവർ ചേർന്നു ഇലയിട്ട് എല്ലാ വിഭവങ്ങളും ആദ്യം അയ്യപ്പനു മുൻപിൽ വിളമ്പി. പിന്നെ ഭക്തർക്കും സദ്യ നൽകി. ഇന്നലെ ഉദയാസ്തമനപൂജ, പടിപൂജ, കളഭാഭിഷേകം എന്നിവയും ഉണ്ടായിരുന്നു. ഇന്നും നാളെയും ഓണസദ്യകൾ ഉണ്ടാകും. ദർശനത്തിന് എത്തുന്ന എല്ലാ തീർഥാടകർക്കും വിഭവ സമൃദ്ധമായ സദ്യ നൽകും. പൂജകൾ പൂർത്തിയാക്കി 21 ന് രാത്രി 10ന് നട അടയ്ക്കും.
നാരായണൻ നമ്പൂതിരിക്ക് തന്ത്രിയുടെ താൽക്കാലിക ചുമതല
ശബരിമല ∙ തന്ത്രി കണ്ഠര് ബ്രഹ്മദത്തന് അശൂലം. തന്ത്രിയുടെ താൽക്കാലിക ചുമതല നാരായണൻ നമ്പൂതിരിക്ക്. തന്ത്രി കണ്ഠര് മഹേഷിന് ഇന്നലെ ഇരട്ടക്കുട്ടികൾ പിറന്നതാണു കാരണം ഇന്നലെ രാവിലെ തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ കാർമികത്വത്തിൽ ഉഷപൂജയും ഉദയാസ്തമനപൂജയും നടത്തി. ഉച്ചയ്ക്കുള്ള കളഭാഭിഷേകത്തിന്റെ ബ്രഹ്മകലശവും പൂജിച്ചു. 10.30ന് ഇരട്ടക്കുട്ടികൾ പിറന്ന സന്ദേശം എത്തി. അപ്പോൾതന്നെ തന്ത്രിയുടെ മുഖ്യപരികർമി നാരായണൻ നമ്പൂതിരിക്ക് താൽക്കാലിക ചുമതല നൽകി മലയിറങ്ങി. ഇനിയുള്ള ഓണം പൂജ, കന്നിമാസ പൂജ എന്നിവയ്ക്ക് തന്ത്രി ഉണ്ടാകില്ല.
കളഭാഭിഷേകത്തിനുള്ള ചന്ദനം ഇന്നു മുതൽ അരച്ചെടുക്കും
ശബരിമല ∙ ശബരിമലയിൽ ഭഗവാന് കളഭാഭിഷേകത്തിനും, ഭക്തർക്ക് വിതരണം ചെയ്യുന്നതിനുമുള്ള ചന്ദനം തിരുവോണ ദിനമായ ഇന്നു മുതൽ മുതൽ ശബരിമല സന്നിധാനത്ത് തയാറാക്കും. നിലവിൽ അരച്ച ചന്ദനം വാങ്ങിയാണ് കളഭാഭിഷേകത്തിനും ഭക്തർക്ക് വിതരണം ചെയ്യുന്നതിനും ഉപയോഗിച്ചിരുന്നത്. സന്നിധാനത്ത് ചന്ദനം അരച്ചെടുക്കുന്ന മെഷീനിന്റെ ഉദ്ഘാടനം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, ബോർഡ് അംഗം ജി.സുന്ദരേശൻ എന്നിവർ ചേർന്ന് നിർവഹിച്ചു. ദേവസ്വം ബോർഡിന്റെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിട്ടുള്ള ചന്ദനമുട്ടികളാണ് നിലവിൽ അരച്ച് ഉപയോഗിക്കുന്നത്.
സ്റ്റോക്ക് തീരുന്ന മുറയ്ക്ക് ചന്ദനമുട്ടികൾ വനം വകുപ്പിൽ നിന്നു വാങ്ങി ഉപയോഗിക്കും. ചന്ദനം അരച്ചെടുക്കുന്ന മെഷീൻ ഒരു ഭക്തൻ ഭഗവാന് കാണിക്കയായി സമർപ്പിച്ചതാണ്. ചന്ദനം അരച്ചെടുക്കുന്ന രണ്ട് മെഷീനുകളും ആധുനിക സൗകര്യത്തോടു കൂടിയ ശീതീകരണ സംവിധാനവുമാണ് സന്നിധാനത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. ചടങ്ങിൽ എക്സിക്യൂട്ടീവ് ഓഫിസർ മുരാരി ബാബു, എക്സിക്യൂട്ടീവ് എൻജിനീയർ ശ്യാമപ്രസാദ്, അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ബിജു വി.നാഥ്, അസിസ്റ്റന്റ് എൻജിനീയർ മനോജ് കുമാർ എന്നിവർ പങ്കെടുത്തു.