ADVERTISEMENT

ഒരേസമയം രണ്ട്  പുത്തൻ പള്ളിയോടങ്ങൾ പണിതു നീറ്റിലിറക്കിയതിന്റെ  ഇരട്ട നേട്ടത്തിലാണു മഹാശിൽപി അയിരൂർ സന്തോഷ് ആചാരി. ആറന്മുള ഉത്തൃട്ടാതി ജലോത്സവത്തിൽ തിരുവോണത്തോണിക്ക് അകമ്പടി സേവിക്കാനും മത്സര വള്ളംകളിക്കുമായി സന്തോഷ് ആചാരി ഇത്തവണ ഒരുപോലെ നിർമിച്ചത് കീക്കൊഴൂർ– വയലത്തല, കടപ്ര എന്നീ പുത്തൻ പള്ളിയോടങ്ങൾ. ഞായറാഴ്ച കടപ്രയും തിങ്കളാഴ്ച കീക്കൊഴൂർ– വയലത്തലയും നീരണഞ്ഞു. 

 അമരത്ത് വർണച്ചാർത്തണിഞ്ഞ്‌, ദേവക്കൊടിയും മുത്തുക്കുടയും ചൂടി വഞ്ചിപ്പാട്ടിന്റെ താളത്തിൽ തുഴയെറിഞ്ഞ്‌ പമ്പയുടെ കുഞ്ഞോളങ്ങളെ കീറിമുറിച്ച് കീക്കൊഴൂർ– വയലത്തലയും കടപ്രയും കുതിച്ചു പായുന്ന കാഴ്ച ആയിരങ്ങളെയാണ് ആവേശ തേരിലേറ്റിയത്. നദിയുടെ ഓളപ്പരപ്പിലൂടെ  ഇവ കുതിച്ചു പാഞ്ഞപ്പോൾ അതിന്റെ രൂപകൽപനക്കു പിന്നിലെ തച്ചന്റെ കണക്കും കരവിരുതും വിലമതിക്കാനാകാത്തതാണ്. 

 വളരെ സങ്കീർണമാണ് പള്ളിയോടം നിർമാണ രീതി. ഇതിൽ ആധുനിക എൻജിനീയറിങ് വൈദഗ്ധ്യം കൈവന്നിട്ടില്ല. ശിൽപിയായ സന്തോഷ് തന്റെ മനസ്സിലെ തോത് അനുസരിച്ചാണ് നിർമാണം നടത്തുന്നത്. പൂർണമായും കരയിൽ നിർമിച്ചു നീരണയുമ്പോൾ കണക്കുകൾ ഒരിക്കലും പിഴയ്ക്കാറുമില്ല. കമഴ്ത്തിയും മലർത്തിയും കൂട്ടിക്കിഴിച്ചും  അമരം മുതൽ അണിയം വരെ ഉളി കൊണ്ട് എഴുതിയിട്ടാണു പണിതത്. 

ആഞ്ഞിലിത്തടിയിൽ നിർമാണത്തിന്റെ ആദ്യഘട്ടം കമഴ്ത്തിയായിരുന്നു. മാതാവ് പലകയിലേക്ക്  ഇരുവശങ്ങളിൽ നിന്ന് ഏരാവ് പലകകൾ കൂട്ടി യോജിപ്പിച്ചു മലർത്തിയാണു പിന്നീടുള്ള പണികൾ നടത്തിയത്.  അലങ്കാരമായി മറ്റു പണികൾ പൂർത്തിയാക്കിയപ്പോൾ കരക്കാരിൽ നിറഞ്ഞത് ആവേശമാണ്.   അവരുടെ പ്രതീക്ഷകളും പ്രാർഥനകളും നാരായണപാദം നിറഞ്ഞപ്പോൾ നീറ്റിലിറങ്ങി. നെല്ലിട വ്യത്യാസമില്ലാതെ 2 പള്ളിയോടവും നദിയിൽ നിവർന്നു കിടന്നു. അപ്പോഴാണു ശിൽപിയുടെ ആത്മസമർപ്പണം പൂർണതയിൽ എത്തിയതും. 

അമരപ്പൊക്കമുള്ളവയെ ചുണ്ടൻ വള്ളം എന്നാണു വിളിക്കുന്നതെങ്കിലും ആറന്മുളയിലേത് പള്ളിയോടമായാണ് അറിയപ്പെട്ടുന്നത്. ഭഗവത്‌ സാന്നിധ്യമുളള ഓടം എന്ന നിലയിലാണ് പള്ളിയോടമായി വിളിക്കുന്നത്. ഓരോ പള്ളിയോടത്തിലും ആറന്മുളേശ്വരന്റെ സാന്നിധ്യമുണ്ടെന്നാണു വിശ്വാസം. അതിനാൽ ക്ഷേത്രം പോലെ പരിശുദ്ധമായാണു പള്ളിയോടത്തെ കരുതുന്നതും.  വ്രതശുദ്ധിയോടെ നഗ്നപാദരായി മേൽവസ്ത്രം അണിഞ്ഞാണ്  പള്ളിയോടത്തിൽ കയറുന്നതും. 

ചുണ്ടൻ വള്ളങ്ങളിൽ നിന്നു പള്ളിയോടത്തെ വ്യത്യസ്തമാക്കുന്നത് ഉയർന്നു നിൽക്കുന്ന അമരവും അണിയവും (കൂമ്പ്) ആണ്. അമരം, വെടിത്തടി (കാറ്റുമറ), കൂമ്പ് (അണിയം) എന്നീ മൂന്നു ഭാഗങ്ങളാണ് പള്ളിയോടത്തിനുള്ളത്.  18–ാം വയസ്സിൽ തോട്ടപ്പുഴശേരി പള്ളിയോടം പുതുക്കിപ്പണിയുന്ന ജോലികൾക്കായി അമ്മയുടെ അച്ഛൻ ചങ്ങംകരി തങ്കപ്പൻ ആചാരിക്ക് ഒപ്പമാണ്  സന്തോഷ് ആചാരി ആദ്യമായി മാലിപ്പുരയിൽ കാൽകുത്തിയത്. മുത്തച്ഛന്റെ കാൽതൊട്ടു വന്ദിച്ച് തുടങ്ങിയ പള്ളിയോട നിർമാണം മഹാശിൽപിയിൽ എത്തി. 

പുല്ലൂപ്രം  പള്ളിയോടമാണ് ആദ്യമായി മുഖ്യശിൽപിയുടെ സ്ഥാനത്തു നിന്ന്  പുതിയതായി പണി തീർത്തത്. പിന്നീട് ചെറുകോൽ, പുതുക്കുളങ്ങര, കാട്ടൂർ എന്നീ പുത്തൻ പള്ളിയോടങ്ങൾ നിർമിച്ചു.  ഇതിനെല്ലാം ഓരോ പ്രത്യേകതകളും ഉണ്ട്. അതാണ്  കടപ്ര, കീക്കൊഴൂർ–വയലത്തല എന്നീ  പുത്തൻ പള്ളിയോടങ്ങളുടെ നിർമാണത്തിലും മുഖ്യശിൽപിയായി കരകൾ സന്തോഷ് കുമാറിനെ തേടി എത്തിയത്. 

 പൂവത്തൂർ പടിഞ്ഞാറ്, ആറാട്ടുപുഴ, കോടിയാട്ടുകര എന്നിവയ്ക്കു പുറമേ കടപ്ര, കീക്കൊഴൂർ കരകളുടെ പഴയ പള്ളിയോടങ്ങൾ, റാന്നി എന്നീ പള്ളിയോടങ്ങളുടെ അറ്റകുറ്റപ്പണിയും സന്തോഷിന്റെ കാർമികത്വത്തിലാണ് നടന്നത്.  കടപ്ര, കീക്കൊഴൂർ–വയലത്തല എന്നീ പുത്തൻ പള്ളിയോടത്തിനൊപ്പം കോടിയാട്ടുകരയുടെ അറ്റകുറ്റപ്പണിയും സന്തോഷ് തന്നെയാണ് നടത്തിയത്. പുത്തൻ പള്ളിയോടം പണിയുന്നതിന്റെ തിരക്കിനിടയിലും  കോടിയാട്ടുകരയുടെ അറ്റകുറ്റപ്പണി കൂടി പൂർത്തിയാക്കാൻ കഴിഞ്ഞത് മഹാശിൽപിക്കു ലഭിച്ച പൊൻതൂവലാണ്.

English Summary:

Witness the incredible craftsmanship of Ayiroor Santhosh Achari as he unveils two magnificent snake boats, Keekozhur-Vayalathala and Kadapra, for the Aranmula Uthrattathi Boat Race. These traditional boats will escort the sacred Thiruvonathoni and compete in this iconic Kerala festival.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com