പത്തനംതിട്ട ജനറൽ ആശുപത്രിയിലെ മുകൾ നിലയിൽനിന്ന് രോഗികളെ ഇറക്കുന്നത് തുണിയിലെടുത്ത്
Mail This Article
പത്തനംതിട്ട ∙ ലിഫ്റ്റ് തകരാറിലായതോടെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ രോഗികളെ മുകൾ നിലയിൽ നിന്നു താഴെയത്തിച്ചത് തുണിയിൽ പൊതിഞ്ഞ്. കെട്ടിയുണ്ടാക്കിയ തുണി സ്ട്രെച്ചറിലാണു രോഗികളെ താഴേക്ക് ഇറക്കിയത്. 4 ദിവസത്തിലേറെയായി ലിഫ്റ്റ് തകരാറിലാണെന്നും ദിവസവും ഏഴും എട്ടും രോഗികളെയാണ് ഇത്തരത്തിൽ തുണി സ്ട്രെച്ചറിൽ കൊണ്ടു പോകുന്നതെന്നും രോഗികളും കൂട്ടിരിപ്പുകാരും ആരോപിച്ചു. കഴിഞ്ഞ ദിവസം ഇത്തരത്തിൽ കൊണ്ടു പോകുമ്പോൾ രോഗി താഴെ വീണെന്നും ആരോപണമുണ്ട്.
വിഷയം പരിശോധിക്കുമെന്ന് മന്ത്രി വീണാ ജോർജ് പ്രതികരിച്ചു. ആശുപത്രിയിലെ 2 ലിഫ്റ്റുകളിൽ ഒരെണ്ണം ഏറെ നാളായി തകരാറിലാണ്. രണ്ടാമത്തെ ലിഫ്റ്റ് കഴിഞ്ഞ വെള്ളിയാഴ്ച തകരാറിലായി. ഒരു ജീവനക്കാരി ഉള്ളിൽ കുടുങ്ങിയതിനെ തുടർന്ന് പുറത്തു നിന്ന് ലിഫ്റ്റിന്റെ വാതിൽ തകർത്താണ് പുറത്തിറക്കിയത്. കുത്തിപ്പൊളിച്ചതിനാൽ വാർഷിക അറ്റകുറ്റപ്പണികളിൽ ഉൾപ്പെടുത്തി നിലവിലെ തകരാർ പരിഹരിക്കാൻ കഴിയില്ലെന്ന് കമ്പനി ആശുപത്രി അധികൃതരെ അറിയിച്ചതായാണു സൂചന. പഴയ കെട്ടിടമായതിനാൽ റാംപ് സൗകര്യവും ഇല്ല. ജനറൽ ആശുപത്രിയുടെ മൂന്നാം നിലയിലാണ് ഓപ്പറേഷൻ തിയറ്ററുള്ളത്.
അടിയന്തരമായി ഓപ്പറേഷൻ തിയറ്ററിലെത്തിക്കേണ്ട രോഗികളെയും ഓപ്പറേഷൻ കഴിഞ്ഞു കിടക്കുന്ന രോഗികളെയും തുണിയിൽ പൊതിഞ്ഞെടുത്ത് ജീവനക്കാരും ബന്ധുക്കളും ചേർന്ന് എടുത്തു കയറ്റേണ്ട അവസ്ഥയാണ്. സ്കാനിങ്, എക്സ് റേ എടുക്കേണ്ടി വന്നാലും താഴെയിറങ്ങാൻ മറ്റു വഴിയില്ല. ഇത്നേ ഒട്ടേറെ ജീവനക്കാരുടെ ആവശ്യമുള്ളതിനാൽ അവർ വരുന്നതും കാത്തിരിക്കേണ്ട അവസ്ഥയാണെന്നും ആരോപണമുണ്ട്. അവധി ദിവസമാണു ലിഫ്റ്റ് കേടായതെന്നും തകരാർ ഗുരുതരമായതു കൊണ്ട് പരിഹരിക്കാൻ കൂടുതൽ സമയം എടുക്കേണ്ടി വരുമെന്നും ആശുപത്രി സൂപ്രണ്ട് പി.കെ.സുഷമ പറഞ്ഞു. ലിഫ്റ്റിന് സെൻസർ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും ഈ വിഷയത്തിൽ ആരും രേഖാമൂലം പരാതി തന്നിട്ടില്ലെന്നും തകരാർ ഉടൻ പരിഹരിക്കുമെന്നും സൂപ്രണ്ട് പറഞ്ഞു.