ലക്ഷങ്ങൾ പാഴാക്കിയത് മിച്ചം; കുഴൽകിണറുകൾ നോക്കുകുത്തി
Mail This Article
റാന്നി∙കുഴൽ കിണറുകൾ നിർമിക്കുന്നതിനായി ചെലവഴിച്ച ലക്ഷങ്ങൾ പാഴായി. നാടെങ്ങും കുഴിച്ച കിണറുകൾ അധികവും കാണാനില്ലെന്നു മാത്രമല്ല ശേഷിക്കുന്നവ നോക്കുകുത്തിയായിരിക്കുകയാണ്. കുഴിച്ചിട്ട് ഹാൻഡിൽ പിടിപ്പിക്കാത്ത കിണറുകളുമുണ്ട്.വരൾച്ചക്കാലത്തെ ജലക്ഷാമത്തിനു പരിഹാരം കാണാനാണ് കുഴൽ കിണറുകൾ കുഴിച്ചത്. സർക്കാർ ഫണ്ടും ത്രിതല പഞ്ചായത്തുകളുടെ ഫണ്ടും ഇതിനായി വിനിയോഗിച്ചിരുന്നു. വേനൽക്കാലത്താണ് കുഴൽ കിണറുകൾ കുഴിക്കാൻ അനുമതി നൽകിയിരുന്നത്. കുഴിക്കുന്നതാകട്ടെ മഴക്കാലത്തും. മഴക്കാലത്ത് ഭൂഗർഭ ജലനിരപ്പ് ഉയർന്നു നിൽക്കുന്നതിനാൽ കുറഞ്ഞ താഴ്ചയിൽ വെള്ളം കാണും.
പിന്നീട് പണി നിർത്തി കരാറുകാർ മടങ്ങും. വരൾച്ചയെത്തുമ്പോൾ അവയിലൊന്നും വെള്ളം കിട്ടിയിരുന്നില്ല. പിന്നീട് നോക്കുകുത്തിയായി കിടക്കും. കാലാന്തരത്തിൽ തുരുമ്പിച്ചും മറ്റും അവ നശിക്കുകയാണ്. ഇതേ കാഴ്ച ഇപ്പോൾ അങ്ങാടി പഞ്ചായത്തിലെ ചന്ദനക്കുഴി റോഡിൽ പാറക്കുന്നേൽപടിയിലുണ്ട്. ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് ചെലവഴിച്ചു നിർമിച്ച കുഴൽ കിണറ്റിൽ വേനൽക്കാലത്തു തുള്ളി വെള്ളമില്ല. റോഡുകളുടെ വശങ്ങളിൽ നിർമിച്ച കുഴൽ കിണറുകളെല്ലാം റോഡ് നവീകരണത്തോടെ മണ്ണിനടിയിലായി. അടിച്ചിപ്പുഴ പട്ടികവർഗ കേന്ദ്രത്തിൽ കുഴിച്ച കുഴൽ കിണറിനു വർഷങ്ങൾ പിന്നിട്ടിട്ടും ഹാൻഡിൽ പിടിപ്പിച്ചിട്ടില്ലെന്ന് സമീപവാസികൾ പറയുന്നു. ഇതിൽ വെള്ളമുണ്ടോയെന്നും അറിവില്ല.മുൻകാലങ്ങളിൽ വരൾച്ചക്കാലത്ത് കുഴൽ കിണറുകളുടെ അറ്റകുറ്റപ്പണി നടത്തിയിരുന്നു. വേനൽക്കാലത്ത് കരാർ ക്ഷണിച്ച് മഴക്കാലത്തു പണി നടത്തും. അടുത്ത വേനലാകുമ്പോൾ വെള്ളം കിട്ടില്ല. വീണ്ടും കരാർ നടത്തി പണം തട്ടുന്ന തന്ത്രമാണു നടന്നിരുന്നത്.