ഓണക്കൃഷി മുടങ്ങിയിടത്ത് മകരക്കൃഷിക്ക് ശ്രമം തുടങ്ങി
Mail This Article
മണ്ണടി ∙ പ്രതിസന്ധികൾ കാരണം ഓണക്കൃഷിയിറക്കാൻ കഴിയാഞ്ഞ പാടശേഖരത്ത് മകര കൊയ്ത്തിനായി കൃഷിക്ക് ഒരുക്കം. ഇതിനായി കൃഷി ഭവന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം കർഷകരുടെ യോഗം കൂടി. ഒക്ടോബർ ആദ്യം നിലം ഒരുക്കി കൃഷിയിറക്കാനാകുമെന്നാണ് കർഷകരുടെ പ്രതീക്ഷ. താഴത്ത് ഏലായിൽ വർഷത്തിൽ ഒരിക്കലും മറ്റിടങ്ങളിൽ രണ്ടു തവണയുമാണ് കൃഷി. എന്നാൽ ഇക്കുറി കാലാവസ്ഥാ വ്യതിയാനം കാരണം ഓണക്കൊയ്ത്തിന് നെൽക്കൃഷിയില്ലാതായി. ഇപ്പോൾ കൃഷിക്ക് ഒരുക്കം തുടങ്ങിയാൽ മകരത്തിൽ കൊയ്ത്ത് നടത്താനാകുമെന്ന് കർഷകർ പറഞ്ഞു. മണൽക്കണ്ടം, കാരിക്കുഴി, അവിഞ്ഞിയിൽ, വെള്ളൂർ, നിലമേൽ പാടശേഖരങ്ങളിലാണ് നെൽക്കൃഷി ചെയ്തു വരുന്നത്.
സമഗ്ര തരിശുനില നെൽക്കൃഷി പദ്ധതിയുടെ ഭാഗമായി 200 ഹെക്ടറിലധികം വരുന്ന പാടശേഖരത്ത് നെൽക്കൃഷി തിരിച്ചു വന്നെങ്കിലും പലവിധ പ്രതിസന്ധികൾ കാരണം വീണ്ടും കൃഷി കുറയുകയാണ്. തൊഴിലാളി ക്ഷാമം, വർധിച്ച കൂലി എന്നിവയ്ക്കൊപ്പം വരൾച്ച, പ്രളയം എന്നിവ കാരണം ഉണ്ടാകുന്ന കൃഷി നാശവും പ്രതിസന്ധികളാണ്. സപ്ലൈകോ നെല്ലു സംഭരിച്ചാൽ യഥാസമയം തുക ലഭിക്കേണ്ടതും കൃഷിക്കുള്ള സബ്സിഡി വർധിപ്പിക്കേണ്ടതും കർഷകരുടെ ആവശ്യമാണ്.