ബൈക്കിനു വശം നൽകിയില്ലെന്ന് പറഞ്ഞ് മർദനം: പ്രതി പിടിയിൽ
Mail This Article
തിരുവല്ല ∙ ബൈക്കിനു വശം നൽകിയില്ലെന്ന് ആരോപിച്ച് റിട്ട. പ്രഫസറുടെ കാർ തടഞ്ഞ ശേഷം മൂക്കിന്റെ അസ്ഥി ഇടിച്ചുതകർത്ത കേസിലെ പ്രതിയെ പുളിക്കീഴ് പൊലീസ് അറസ്റ്റ് ചെയ്തു. വളഞ്ഞവട്ടം പെരുമ്പുഞ്ചയിൽ എബി മാത്യുവാണ് (41) അറസ്റ്റിലായത്. മാവേലിക്കര ബ്ലോക്ക് ഓഫിസിന് സമീപം കല്ലുപ്പുറത്ത് കൊട്ടാരത്തിൽ ആന്റണി ജോർജിനാണ് (62) ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റത്. പുളിക്കീഴ് ബ്ലോക്ക് ഓഫിസിന് സമീപം 11ന് ഉച്ചയ്ക്കായിരുന്നു സംഭവം. മാവേലിക്കര ഭാഗത്തുനിന്ന് തിരുവല്ലയിലേക്കു കാർ ഓടിച്ച് വരികയായിരുന്നു ആന്റണി ജോർജ്. ബൈക്കിൽ വന്ന പ്രതി തനിക്ക് കടന്നുപോകാൻ വശം നൽകിയില്ല എന്ന പേരിൽ കാർ തടയുകയും, അസഭ്യം വിളിച്ച് കയ്യിൽ ധരിച്ചിരുന്ന വളകൊണ്ട് മൂക്കിലും തുടർന്ന് വലതു കണ്ണിന് താഴെയും ഇടിക്കുകയായിരുന്നു. ആന്റണിയുടെ മൂക്കിലെ അസ്ഥിക്കു പൊട്ടലും വലതുകണ്ണിനു താഴെ മുറിവും ഉണ്ടായി.
അന്വേഷണത്തിന്റെ തുടക്കത്തിൽ പ്രതിയെപ്പറ്റിയോ വാഹനത്തെപ്പറ്റിയോ വ്യക്തമായ സൂചനകൾ ലഭിച്ചിരുന്നില്ല. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം വ്യാപകമാക്കിയ തിരച്ചിലിൽ ഇന്നലെ രാവിലെ പുളിക്കീഴിൽ നിന്ന് പ്രതിയെ പിടികൂടുകയായിരുന്നു. ഇയാളെ റിമാൻഡ് ചെയ്തു. അന്വേഷണ സംഘത്തിൽ എസ്ഐമാരായ കെ സുരേന്ദ്രൻ, കുരുവിള സക്കറിയ, എഎസ്ഐ രാജേഷ്, എസ്പിഒ അനീഷ്, സിപിമാരായ രഞ്ജു, വിനീത്, രജീഷ്, സുജിത്ത് എന്നിവരാണ് ഉണ്ടായിരുന്നത്.