യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; തിരുവല്ല റെയിൽവേ സ്റ്റേഷനിലേക്ക് വികസനം എത്തിക്കൊണ്ടിരിക്കുന്നു
Mail This Article
തിരുവല്ല ∙ തിരുവല്ല റെയിൽവേ സ്റ്റേഷന്റെ നിർമാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുമ്പോൾ ജില്ലയിൽ വികസനത്തിന്റെ ചൂളംവിളി ഉയരുകയാണ്. ജൂണിൽ പൂർത്തിയാകേണ്ട നിർമാണ ജോലികൾ വൈകിയെങ്കിലും നവംബറോടെ നിർമാണം പൂർണതോതിൽ തീർക്കാമെന്നാണ് അധികൃതർ കരുതുന്നത്. 20 കോടിയുടെ വികസന പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. ഒന്നാം പ്ലാറ്റ്ഫോമിന്റെ നിർമാണം ഏകദേശം പൂർത്തിയായി. 2, 3 പ്ലാറ്റ്ഫോമുകളുടെ വികസനവും നടക്കുകയാണ്. മേൽക്കൂര ഉൾപ്പെടെയുള്ളവ സ്ഥാപിക്കുന്ന ജോലികളാണ് നടക്കുന്നത്. പ്രവേശന കവാടം അത്യാധുനിക രീതിയിലാണ് നിർമിക്കുന്നത്. വികസനം നടക്കുമ്പോഴും യാത്രക്കാരുടെ ചില അടിസ്ഥാന പ്രശ്നങ്ങൾക്കു കൂടി പരിഹാരം കാണേണ്ടതുണ്ട്.
പാർക്കിങ് ഏരിയ
വിശാലമായ പാർക്കിങ് ഏരിയ റെയിൽവേ സ്റ്റേഷനിൽ ഒരുങ്ങുന്നുണ്ട്. ഒരേസമയം ഇരുനൂറോളം കാറുകൾക്ക് ഉപയോഗിക്കാവുന്ന വിധത്തിൽ പ്രവേശന കവാടത്തിന് തെക്കുഭാഗത്തായാണ് പാർക്കിങ് ഒരുങ്ങുന്നത്. ഇരുചക്ര വാഹനങ്ങൾക്ക് വടക്ക് ഭാഗത്തായി പാർക്കിങ് ഒരുക്കിയിട്ടുണ്ട്. മഴയും വെയിലും കൊള്ളാതിരിക്കാൻ താൽക്കാലിക ഷെഡും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഒരേസമയം അഞ്ഞൂറോളം ഇരുചക്ര വാഹനങ്ങൾ പാർക്ക് ചെയ്യാം.
ഭക്ഷണശാല
ഏറെക്കാലമായി മുടങ്ങിക്കിടന്നിരുന്ന ഭക്ഷണശാല ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. വികസന പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതോടെ ഒരേ സമയം 25 പേർക്കെങ്കിലും ഭക്ഷണം കഴിക്കാവുന്ന രീതിയിൽ ഇവിടെ ക്രമീകരിക്കേണ്ടതുണ്ട്. ഭക്ഷണശാല നടത്തുന്ന കാരാറുകാരിൽനിന്നു വലിയ തുക റെയിൽവേ ഈടാക്കുന്നതിനാൽ കരാർ ഏറ്റെടുക്കാൻ ആരും കടന്നുവരാത്തതും പ്രശ്നമാകുന്നു.
പരിഹാരം വേണം ഈ പ്രശ്നങ്ങളിൽ
ചെറുയാത്രയില്ല
രാത്രികാലങ്ങളിൽ വിദൂര സ്ഥലങ്ങളിൽനിന്നു തിരുവല്ല റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരുന്ന യാത്രക്കാർക്ക് തിരുവല്ല റെയിൽവേ സ്റ്റേഷനിലെ ചില ഓട്ടോറിക്ഷ ഡ്രൈവർമാർ ഹ്രസ്വദൂര യാത്രകൾ നിഷേധിക്കുന്നതായും അമിത ചാർജ് ഈടാക്കുന്നതായും പരാതിയുണ്ട്. ഗതാഗത മന്ത്രിക്ക് നിരന്തരം ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ട്രാൻസ്പോർട്ട് കമ്മിഷണറുടെ നിർദേശ പ്രകാരം കഴിഞ്ഞമാസം ആർടിഒ എൻഫോഴ്സ്മെന്റ് റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ ചില ഓട്ടോറിക്ഷ ഡ്രൈവർമാർക്കെതിരെ നടപടിയെടുത്തു. എങ്കിലും പ്രശ്നത്തിന് പരിഹാരമായിട്ടില്ല.
റോഡ് വികസനം
റെയിൽവേ സ്റ്റേഷൻ റോഡിന്റെ വികസനം 2 പതിറ്റാണ്ടായി ഉയരുന്ന ആവശ്യമാണ്. പ്രധാന കവാടത്തിനു മുന്നിലൂടെ ഉള്ള റോഡ് 2003 ലാണ് റെയിൽവേ സ്റ്റേഷന്റെ വികസനം ലക്ഷ്യം കണ്ട് നഗരസഭ റെയിൽവേക്ക് വിട്ടുനൽകിയത്. ഈ റോഡ് 15 മീറ്റർ വീതിയിൽ വികസിപ്പിക്കുമെന്ന റെയിൽവേ അധികൃതർ ഉറപ്പു നൽകിയതിന്റെ അടിസ്ഥാനത്തിലാണ് നഗരസഭ അന്ന് വിട്ടുനൽകിയത്. റോഡ് വികസനത്തിനായി റെയിൽവേ ഒന്നും ചെയ്തില്ല.ആന്റോ ആന്റണി എംപി റോഡ് വികസനത്തിനായി ഫണ്ട് അനുവദിച്ചിരുന്നതുമാണ്.
കൂടുതൽ സ്റ്റോപ്
വന്ദേഭാരത് ഉൾപ്പെടെ പ്രധാന ട്രയിനുകൾക്ക് തിരുവല്ലയിൽ സ്റ്റോപ് ഇല്ലാത്തതു യാത്രക്കാരെ ദുരിതത്തിലാക്കുന്നു. പ്രതിവാര ട്രെയിനുകൾ ഉൾപ്പെടെ 47 ട്രെയിനുകൾ ആഴ്ചയിൽ സ്റ്റോപ്പില്ലാതെ സ്റ്റേഷനിലൂടെ കടന്നുപോകുന്നുണ്ട്. ശബരിമല സീസണിൽ ഇവയിൽ ഭൂരിഭാഗത്തിനും സ്റ്റോപ് അനുവദിക്കുമെങ്കിലും പിന്നീട് നിർത്തലാക്കുകയാണ് പതിവ്. അതിഥിത്തൊഴിലാളികൾ ഉൾപ്പെടെ ആശ്രയിക്കുന്നതാണ് ഈ ദീർഘ ദുര ട്രെയിനുകൾ. ഇവയ്ക്ക് സ്റ്റോപ് അനുവദിച്ചാൽ സ്റ്റേഷന്റെ വരുമാനം വർധിക്കുകയും ചെയ്യും.