‘പണിതരും’ ടെർമിനൽ: ദുരിതമൊഴിയാതെ തിരുവല്ല കെഎസ്ആർടിസി സ്റ്റാൻഡ്
Mail This Article
തിരുവല്ല ∙ ഉദ്ഘാടനം ചെയ്ത് 9 വർഷം കഴിഞ്ഞിട്ടും ബാലാരിഷ്ടതകൾ മാറാതെ തിരുവല്ല കെഎസ്ആർടിസി ടെർമിനൽ. ടെർമിനലിൽ മുഴുവനായും വ്യാപാര സ്ഥാപനങ്ങളും ഓഫിസുകളും പ്രതീക്ഷിച്ചിടത്ത് ഒഴിഞ്ഞു കിടക്കുന്ന മുറികളുടെ നിരതന്നെ കാണാം. 2015ലാണ് ടെർമിനലിന്റെ ഉദ്ഘാടനം നടന്നത്. 65 കോടി മുതൽ മുടക്കിയാണ് ബഹുനില കെട്ടിടം പണിതത്. 12 നില കെട്ടിടത്തിലെ 9 നിലകളും ശൂന്യം. വാടകയുടെ താരിഫ് കുറച്ചെങ്കിലും മുറികൾ എടുക്കാൻ ആരും വരുന്നില്ല.
ഇരിക്കാൻ ഇടമില്ല
ആയിരക്കണക്കിന് യാത്രക്കാർ കയറിയിറങ്ങുന്ന ഇവിടെ യാത്രക്കാർക്ക് നല്ല ഇരിപ്പിടങ്ങൾ പോലും ഒരുക്കാൻ കഴിയാത്ത അവസ്ഥയാണ്. ഉദ്ഘാടന സമയത്ത് സ്ഥാപിച്ച ഇരുമ്പു കസേരകൾ തുരുമ്പെടുത്ത് ഒടിഞ്ഞു. രാത്രികാലങ്ങളിൽ ദീർഘദൂര സർവീസുകൾ പ്രതീക്ഷിച്ചു നിൽക്കുന്നവർക്ക് ഇരിക്കാനുള്ള ഇടം പരിമിതം. കെട്ടിട സമുച്ചയം പണിതത് കെടിഡിഎഫ്സിയാണ്. എന്നാൽ ഇരിപ്പിടം ഒരുക്കേണ്ടത് കെഎസ്ആർടിസി തന്നെയാണെന്നാണ് അവരുടെ വാദം.
പൂട്ടിളകി കട്ടകൾ
ടെർമിനലിനുള്ളിലെ പൂട്ടുകട്ടകൾ ഇളകിമാറിയിട്ടുണ്ട്. ബസിൽ കയറിപ്പറ്റാനുള്ള ഓട്ടത്തിനിടയിൽ ഇളകി മാറിയ പൂട്ടു കട്ടകളിൽ തട്ടി യാത്രക്കാർ വീഴുന്നതു പതിവാകുന്നു. ടെർമിനലിന്റെ പടിഞ്ഞാറ് ഭാഗത്ത് ചെറിയ മഴപെയ്താൽ പോലും ഒരടിയോളം വെള്ളക്കെട്ടാണ്. ബസുകൾ ഇറങ്ങി വരുന്ന ഭാഗത്തെ പൂട്ടുകട്ടകൾ പൂർണമായും ഇളകി മാറി. ഇവിടെ ഒന്നരയടിയോളം താഴ്ചയിൽ പത്തടിയോളം ചുറ്റളവിൽ കുഴിയാണ്. കുഴിയിലിറങ്ങി കയറുമ്പോൾ ബസുകളുടെ ചവിട്ടുപടി ഉൾപ്പെടെ കോൺക്രീറ്റിൽ ഉരഞ്ഞ് പിന്നിലിരിക്കുന്ന യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകുന്നു.
ഇവിടെയുള്ള ആൾ നൂഴികളും തകരാറിലായിരുന്നു. ശുചിമുറിയുടെ പൈപ്പ് പൊട്ടിയതിന്റെ അറ്റകുറ്റപ്പണികൾ നടത്താൻ പൂട്ടുകട്ടകൾ നീക്കിയിരുന്നു. ഇത് വീണ്ടും സ്ഥാപിച്ചെങ്കിലും പലതും സ്ഥാനം തെറ്റിയ നിലയിലാണ്. ടെർമിനൽ നിർമിച്ച ശേഷം രണ്ടു തവണ പൂട്ടുകട്ടകൾ ഇളക്കിയിട്ടിരുന്നു. 2 വർഷത്തോളം തകർന്നു കിടന്ന ശേഷമാണ് 2022 ജൂലൈയിൽ 1.3 ലക്ഷം രൂപ മുടക്കി പൂട്ടുകട്ടകൾ മാറ്റിയിട്ടത്. ഇതാണ് വീണ്ടും ഇളകി മാറിയത്.ഡീസൽ പമ്പിനു മുൻവശത്ത് പൂട്ടുകട്ടകൾ താഴ്ന്നു കിടന്ന് വെള്ളക്കെട്ടായി. മഴവെള്ളം ഒഴുകി പോകാൻ മാർഗമില്ലാതെ ദിവസങ്ങളോളം കെട്ടി നിൽക്കുന്നു. ഇതിനാൽ യാത്രക്കാർക്ക് ബസിൽ കയറാനും ഇറങ്ങാനും ബുദ്ധിമുട്ട് നേരിടുന്നു.
പൊടിപാറിയ പാർക്കിങ്
ടെർമിനലിൽ പാർക്കിങ് ഏരിയയിൽ പൊടി നിറഞ്ഞു. വാഹനം പാർക്ക് ചെയ്യാൻ എത്തുന്നവർക്ക് ദുരിതത്തിലാണ്. ടെർമിനലിന്റെ താഴത്തെ രണ്ടു നിലകളിലെ പാർക്കിങ് ഏരിയയിലാണ് ഈ ദുരിതം. വർഷങ്ങളായി തുടരുന്ന പൊടിശല്യത്തിന് ഇതുവരെ പരിഹാരം കാണാൻ അധികാരികൾക്ക് കഴിഞ്ഞിട്ടില്ല.
കെടിഡിഎഫ്സിയാണ് ടെർമിനിലിന്റെ പാർക്കിങ് ഏരിയയും അനുബന്ധ സ്ഥലങ്ങളും വാടകയ്ക്ക് നൽകിയിരിക്കുന്നുത്. വാഹനം ഒന്നിന് 50 രൂപ മുതൽ 100 രൂപ വരെ ഈടാക്കുന്നുണ്ട്. പണം വാങ്ങുന്നതല്ലാതെ പാർക്കിങ് ഏരിയ ശുചീകരിക്കാൻ ബന്ധപ്പെട്ടവർ തുനിയുന്നില്ല. മുഖ്യമന്ത്രി നവകേരള സദസ്സുമായി തിരുവല്ലയിൽ എത്തിയപ്പോൾ ഇതു സംബന്ധിച്ചു പരാതി നൽകിയിരുന്നു. നടപടി സ്വീകരിക്കാൻ നഗരസഭയെ ചുമതലപ്പെടുത്തിട്ടുണ്ടാന്നാണ് പരാതിക്കാർക്ക് ലഭിച്ച മറുപടി.