നാഥനില്ലാ കളരിയായി സിഎഫ്ടികെ ക്യാംപസ്; പ്രിൻസിപ്പലും ഇല്ല, വൈസ് പ്രിൻസിപ്പലുമില്ല, അടിസ്ഥാന സൗകര്യങ്ങളുമില്ല
Mail This Article
കോന്നി∙നാഥനില്ലാ കളരിയായി സിഎഫ്ആർഡിയുടെ (കൗൺസിൽ ഫോർ ഫുഡ് റിസർച് ആൻഡ് ഡവലപ്മെന്റ്) കീഴിൽ പെരിഞൊട്ടയ്ക്കലിൽ പ്രവർത്തിക്കുന്ന കോളജ് ഓഫ് ഇൻഡിജിനസ് ഫുഡ് ടെക്നോളജി (സിഎഫ്ടികെ). പ്രിൻസിപ്പലും ഇല്ല, വൈസ് പ്രിൻസിപ്പലുമില്ല, അടിസ്ഥാന സൗകര്യങ്ങളുമില്ല. പ്രിൻസിപ്പൽ ഇല്ലാതായിട്ട് ഒരു വർഷം കഴിഞ്ഞു. വൈസ് പ്രിൻസിപ്പൽ ഇല്ലാത്തതിനാൽ സീനിയർ അധ്യാപകരാണു പ്രിൻസിപ്പലിന്റെ ചുമതല വഹിക്കുന്നത്. 10 വർഷം മുൻപു കോളജിനായി നിർമിച്ച കെട്ടിടം അറ്റകുറ്റപ്പണികൾ ഇല്ലാതെ പ്രവർത്തനം നിലച്ചിട്ടു രണ്ട് വർഷമായി.
ലക്ഷങ്ങൾ മുടക്കി നിർമിച്ച കെട്ടിടം കാടുകയറി നാശാവസ്ഥയിലാണ്. കുട്ടികളുടെ പഠനം മറ്റൊരു കെട്ടിടത്തിലേക്കു മാറ്റിയെങ്കിലും ക്ലാസ് മുറികളിൽ ആവശ്യമായ ബെഞ്ചും ഡെസ്കും പോലുമില്ല. ഇക്കാര്യങ്ങൾ അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയെങ്കിലും ആരും തിരിഞ്ഞു നോക്കുന്നുമില്ല. സമരപരിപാടികൾ ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് കുട്ടികൾ. പെരിഞൊട്ടയ്ക്കലിൽ സിഎഫ്ആർഡിയുടെ നേതൃത്വത്തിൽ 2009ലാണ് 15 കുട്ടികളെ ചേർത്ത് എംഎസ്‌സി ഫുഡ് ടെക്നോളജി ആൻഡ് ക്വാളിറ്റി അഷുറൻസ് കോഴ്സ് ആരംഭിക്കുന്നത്. ക്യാംപസിലുള്ള പഴയ കെട്ടിടത്തിലാണു ക്ലാസ് തുടങ്ങിയത്.
2012ൽ 30 കുട്ടികളെ ചേർത്തു ബിഎസ്‌സി കോഴ്സും ആരംഭിച്ചു. ഇതോടൊപ്പം അന്ന് അക്കാദമിക് ബ്ലോക്കിന്റെ പണികളും ആരംഭിച്ചു. 2013ൽ കെട്ടിടത്തിന്റെ ഉദ്ഘാടനവും നടത്തി. തുടർന്നു പഠനം നടത്തിയിരുന്ന കെട്ടിടമാണ് ഇപ്പോൾ ഉപയോഗശൂന്യമായി നശിക്കുന്നത്. ലബോറട്ടറിയുടെ മേൽക്കൂര ചോർന്നൊലിക്കാൻ തുടങ്ങിയതോടെ ക്ലാസ് ഈ കെട്ടിടത്തിൽ നിന്നു മാറ്റുകയായിരുന്നു. ജോലി സാധ്യതയുള്ളതിനാൽ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നുള്ള കുട്ടികൾപോലും പഠനത്തിനായി എത്തുന്നുണ്ട്.
എങ്ങനെ പഠിക്കും?
∙ മികച്ച രീതിയിൽ പ്രവർത്തിച്ച കോളജിന്റെ ഇപ്പോഴത്തെ അവസ്ഥ ഏറെ പരിതാപകരമാണ്. നിലവിൽ ബിഎസ്‌സി കോഴ്സിൽ 29 പേരും എംഎസ്‌സി കോഴ്സിൽ 16 പേരുമാണുള്ളത്. ബിഎസ്‌സിക്ക് 40 സീറ്റാണ് ഉള്ളതെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതുമൂലമാണ് കുട്ടികളുടെ എണ്ണം കുറഞ്ഞത് എന്നാണു പരാതി. കുട്ടികളുമായെത്തുന്ന രക്ഷാകർത്താക്കൾ സ്ഥിതികണ്ടതോടെ മടങ്ങുകയായിരുന്നു. എംബിഎ കോഴ്സിനായി കെട്ടിടം നിർമിച്ചിട്ട് വർഷങ്ങളായിട്ടും കെട്ടിടത്തിനു നമ്പർ ഇടുകയോ വൈദ്യുതി ലഭിക്കുകയോ ചെയ്തിട്ടില്ല. കോഴ്സും തുടങ്ങിയില്ല. ഇവിടെയാണ് ഇപ്പോൾ താൽക്കാലിക ക്ലാസ്.