1968ലെ വിമാനാപകടം: തോമസ് ചെറിയാനു വേണ്ടി നടന്നത് രാജ്യചരിത്രത്തിലെ ദൈർഘ്യമേറിയ തിരച്ചിൽ
Mail This Article
പത്തനംതിട്ട ∙ ഇലന്തൂർ സ്വദേശി ഒടാലിൽ തോമസ് ചെറിയാനെ മരണം കവർന്നത് സൈന്യത്തിൽ ജോലിയിൽ പ്രവേശിച്ച് തന്റെ ആദ്യ പോസ്റ്റിങ് സ്ഥലത്തേക്കു പോകുന്നതിനിടെ. പ്രീ യൂണിവേഴ്സിറ്റി പഠനത്തിനു ശേഷം 18ാം വയസ്സിലാണ് സൈന്യത്തിൽ ജോലിയിൽ പ്രവേശിച്ചത്. പരിശീലനം പൂർത്തിയാക്കിയ ശേഷം ഇലക്ട്രോണിക്സ് ആൻഡ് മെക്കാനിക്കൽ എൻജിനീയറിങ് കോറിൽ (ഇഎംഇ) ക്രാഫ്റ്റ്സ്മാനായി ലേ ലഡാക് മേഖലയിൽ നിയമനം ലഭിച്ച് അവിടേക്കു പോകുന്നതിനിടെ ഹിമാചൽ പ്രദേശിലെ റോത്തങ് പാസിൽ 1968ലുണ്ടായ സൈനിക വിമാനാപകടത്തിലായിരുന്നു മരണം. അപകടത്തെ തുടർന്ന് മഞ്ഞുമലയിൽ വ്യാപക തിരച്ചിൽ നടത്തിയെങ്കിലും തോമസ് ചെറിയാന്റേതടക്കം 90 പേരുടെ മൃതദേഹം കണ്ടെത്താനായിരുന്നില്ല.
പിന്നീട് വർഷങ്ങൾക്കു ശേഷം സൈന്യം തിരച്ചിൽ പുനരാരംഭിച്ചു. പിന്നീട് ഓരോ തവണയും തിരിച്ചറിയുന്ന മൃതദേഹങ്ങളുടെ വിവരങ്ങൾ ഉൾപ്പെടെ കരസേനയിൽ നിന്ന് ഔദ്യോഗിക അറിയിപ്പായി ലഭിച്ചിരുന്നു.തോമസ് ചെറിയാൻ ഉൾപ്പെടെ 4 പേരുടെ ഭൗതികാവശിഷ്ടങ്ങളാണു കണ്ടെടുത്തത്. ഇന്നലെ വൈകിട്ടാണ് ആറന്മുള പൊലീസ് വീട്ടിലെത്തി വിവരമറിയിച്ചത്. തുടർന്ന് കരസേനാ പ്രതിനിധി ലഫ്. അജയ് ചൗഹാനും കുടുംബാംഗങ്ങളുമായി സംസാരിച്ചു. പത്തനംതിട്ട കതോലിക്കേറ്റ് സ്കൂളിലും കോളജിലുമായായിരുന്നു പഠനം. പിതാവ് പരേതനായ ഒ.എം.തോമസ് 16 വർഷം ഇലന്തൂർ പഞ്ചായത്ത് മൂന്നാം വാർഡംഗമായിരുന്നു. മാതാവ്: പരേതയായ ഏലിയാമ്മ. സഹോദരങ്ങൾ: തോമസ് തോമസ്, തോമസ് വർഗീസ്, മേരി തോമസ്, പരേതനായ തോമസ് മാത്യു.
1968ലെ വിമാനാപകടം: രാജ്യചരിത്രത്തിലെ ദൈർഘ്യമേറിയ തിരച്ചിൽ
ന്യൂഡൽഹി ∙ മറവിയിൽ പുതഞ്ഞ ഓർമകൾക്ക് 56 വർഷത്തിനു ശേഷം തിരിച്ചുവരവ്. ഹിമാചൽപ്രദേശിലെ റോത്തങ് പാസിൽ 1968ലുണ്ടായ സൈനിക വിമാനാപകടത്തിൽ മരിച്ച പത്തനംതിട്ട ഇലന്തൂർ സ്വദേശിയും കരസേനയിൽ ക്രാഫ്റ്റ്സ്മാനുമായിരുന്ന തോമസ് ചെറിയാൻ ഉൾപ്പെടെ 4 പേരുടെ മൃതദേഹങ്ങളാണ് രാജ്യചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ തിരച്ചിൽ ദൗത്യത്തിലൂടെ കണ്ടെടുത്തത്.
102 സൈനികരും മറ്റു സാമഗ്രികളുമായി ചണ്ഡിഗഡിൽ നിന്നു ലേയിലേക്കു പോയ എഎൻ–12 വിമാനം 1968 ഫെബ്രുവരി ഏഴിനാണു കുളു ജില്ലയിലെ റോത്തങ് പാസിൽ മഞ്ഞുമലയിൽ കാണാതായത്. വിമാനത്തിലുണ്ടായിരുന്ന മുഴുവൻ പേരും മരിച്ചെങ്കിലും 9 പേരുടെ മൃതദേഹങ്ങൾ മാത്രമേ ഇതു വരെ കണ്ടെടുത്തിട്ടുള്ളു. തോമസ് ചെറിയാൻ, മൽഖാൻ സിങ്, ശിപായി നാരായൺ സിങ് എന്നിവരുടെ മൃതദേഹങ്ങളാണ് ഇപ്പോൾ കണ്ടെടുത്തത്. മറ്റൊരാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇലന്തൂർ ഈസ്റ്റ് ഒടാലിൽ പരേതനായ ഒ.എം.തോമസ് – ഏലിയാമ്മ ദമ്പതികളുടെ 5 മക്കളിൽ രണ്ടാമനായിരുന്ന തോമസ് ചെറിയാന് കാണാതാകുമ്പോൾ 22 വയസ്സായിരുന്നു.
മൽഖാൻ സിങ്ങിന്റെയും നാരായൺ സിങ്ങിന്റെയും വസ്ത്രങ്ങളിൽനിന്ന് ലഭിച്ച രേഖകളാണ് തിരിച്ചറിയാൻ സഹായിച്ചത്. തോമസ് ചെറിയാന്റെ ശരീരത്തിൽ നിന്ന് അദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കളുടെ വിവരങ്ങളും ലഭിച്ചു. മഞ്ഞുമലയിൽ നിന്ന് മൃതദേഹത്തിന്റെ അവശിഷ്ടം കിട്ടിയ വിവരം ഇന്നലെ ആറന്മുള പൊലീസാണ് വീട്ടിൽ എത്തി സഹോദരൻ തോമസ് തോമസിനെ അറിയിച്ചത്. പിന്നീട് കരസേന ആസ്ഥാനത്തു നിന്നും സന്ദേശം എത്തി.
കാണാതായവരിൽ വേറെയും മലയാളികൾ
ന്യൂഡൽഹി ∙ കോട്ടയം ഇത്തിത്താനം കപ്പപ്പറമ്പിൽ കെ.കെ. രാജപ്പൻ, ആർമി സർവീസ് കോറിൽ ശിപായിയായിരുന്ന എസ്. ഭാസ്കരൻ പിള്ള, മെഡിക്കൽ കോറിന്റെ ഭാഗമായിരുന്ന പി.എസ്. ജോസഫ്, ബി.എം. തോമസ്, ക്രാഫ്റ്റ്സ്മാനായിരുന്ന കെ.പി. പണിക്കർ എന്നീ മലയാളികൾ ഉൾപ്പെടെയുള്ളവർ വിമാനത്തിലുണ്ടായിരുന്നു. 2003ലാണ് ആദ്യമായി വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെടുത്തത്. 2005, 2006, 2013, 2019 വർഷങ്ങളിൽ വിമാനത്തിന്റെ പല ഭാഗങ്ങളും കണ്ടെത്തിയിരുന്നു. 2019ലെ തിരച്ചിലിൽ 5 പേരുടെ ശരീരഭാഗങ്ങൾ കണ്ടെടുത്തിരുന്നു.