ഗാന്ധിജിയുടെ പാദസ്പർശമേറ്റ ഓർമകളിൽ ഇലന്തൂർ
Mail This Article
ഇലന്തൂർ∙ നാടിന്റെ ഓർമയിൽ ഇന്നും നിറയുന്നതു മഹാത്മാ ഗാന്ധിയുടെ സന്ദർശനവും അതിനു ശേഷം തുടങ്ങിയ ഖാദി പ്രസ്ഥാനവുമാണ്.ചെങ്ങന്നൂരിലെ പൊതുപരിപാടിയിൽ പങ്കെടുത്ത ശേഷം 1937 ജനുവരി 20നു ഗാന്ധിജിയും സംഘവും ആറന്മുള വഴി കാൽനടയായാണ് ഇവിടെ എത്തിയത്. സ്വാതന്ത്ര്യ സമരത്തിന്റെ ചൂട് നാടിനു പകർന്നു നൽകിയ കെ.കുമാർ എന്ന കുമാർജിയുടെ ക്ഷണപ്രകാരമാണു ഗാന്ധിജി ഇലന്തൂർ സന്ദർശിച്ചത്.
മധ്യതിരുവിതാംകൂറിനു സ്വാതന്ത്ര്യ സമരത്തിനു വീര്യം പകരുന്നതായിരുന്നു മഹാത്മജിയുടെ സന്ദർശനം. ഇപ്പോൾ പഞ്ചായത്ത് ഓഫിസ് കെട്ടിടം സ്ഥിതി ചെയ്യുന്ന പെരുവേലിൽ പുരയിടമായിരുന്നു വേദി. ഗാന്ധിജിയെ നേരിൽ കാണാനും വാക്കുകൾ കേൾക്കാനും നാട് ഒന്നായെത്തി. പ്രത്യേകം തയാറാക്കിയ വേദിയിലെ നീളൻ പീഠത്തിലിരുന്നായിരുന്നു പ്രസംഗം. വിദേശികളെ തുരത്താൻ ഖാദി പ്രോത്സാഹിപ്പിക്കണമെന്ന അദ്ദേഹത്തിന്റെ ആഹ്വാനമാണ് ഇലന്തൂരിൽ ഖാദി പ്രസ്ഥാനത്തിനു തുടക്കമിട്ടത്.
ഗാന്ധിജി നടത്തിയ പ്രസംഗം ഇലന്തൂരിലെയും സമീപ പ്രദേശങ്ങളിലെയും ഒട്ടേറെപ്പേരെ സ്വാതന്ത്ര്യസമര പോരാട്ടത്തിലേക്ക് നയിച്ചു. ഈ പ്രസംഗത്തിൽ ആകൃഷ്ടനായ ഖദർദാസ് ഗോപാലപിള്ളയാണ് 1941 ഒക്ടോബർ 2ന് ഇലന്തൂരിൽ മഹാത്മാ ഖാദി ആശ്രമം സ്ഥാപിച്ചത്. അവിടെ പ്രദേശവാസികളെ നൂൽനൂൽപ് പഠിപ്പിച്ചു. ഖാദി ആശ്രമം പിന്നീട് സൊസൈറ്റിയായി, കാലക്രമേണ സർക്കാരിനു കൈമാറി. നിലവിൽ ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ജില്ലാ ഓഫിസ് ഇവിടെയാണു പ്രവർത്തിക്കുന്നത്. നെയ്ത്തും സജീവമാണ്.
മൂന്നു പ്രതിമകളാണ് ഇലന്തൂരിലെ സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ അടയാളമായി ഇന്നുള്ളത്.
മഹാത്മജിയുടെ പ്രസംഗത്തിനു വേദിയായ ഇലന്തൂർ പഞ്ചായത്ത് ഓഫിസ് പരിസരത്ത് ഗാന്ധിയുടെ പ്രതിമയും സ്മൃതി മണ്ഡപവും സ്ഥാപിച്ചിട്ടുണ്ട്. മഹാത്മാവിന്റെ ഓർമകൾക്ക് മുൻപിൽ പുഷ്പാർച്ചനകളുമായി ഗാന്ധിജയന്തി ദിനത്തിൽ ഏറ്റവും കൂടുതൽ പേർ എത്തുന്നതും ഇവിടെയാണ്.
ഗാന്ധിജിയുടെ പ്രസംഗത്തിൽ ആകൃഷ്ടനായി ഇലന്തൂരിലെ ഖാദി പ്രസ്ഥാനത്തിനു തുടക്കമിട്ട ഖദർ ദാസിന്റെ ഓർമയ്ക്കായി ജില്ലാ ഖാദി ഓഫിസിന്റെ മുൻപിൽ അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. ഇലന്തൂരിന്റെ സ്വാതന്ത്ര്യ സമര നായകൻ കുമാർജിയുടെ ഓർമയ്ക്കായി ഗണപതി അമ്പലത്തിന് എതിർവശം ഓപ്പറേറ്റീവ് പ്രസിനോടു ചേർന്നു പ്രതിമ സ്ഥാപിച്ചിട്ടുണ്ട്.