ADVERTISEMENT

പത്തനംതിട്ട ∙ പാതി നിറഞ്ഞ മിഴികളിലൂടെ തോമസ് തോമസ് തന്റെ പ്രിയപ്പെട്ട സഹോദരൻ പൊന്നച്ചന്റെ ചിത്രം കൺനിറയെ കണ്ടു. പൊന്നച്ചൻ എന്നുവിളിക്കുന്ന തോമസ് ചെറിയാനെ, 56 വർഷം മുൻപുള്ള ചിത്രം അത്ര വ്യക്തമല്ലാതിരുന്നിട്ടും ഒറ്റനോട്ടത്തിൽ അദ്ദേഹം തിരിച്ചറിഞ്ഞു.  കരസേനയുടെ റജിസ്റ്ററിൽ നിന്നാണ് ഹിമാചലിൽ 1968ൽ വിമാനാപകടത്തിൽ മരിച്ച തോമസ് ചെറിയാന്റെ 22 വയസ്സിലെ ഫോട്ടോ മുതിർന്ന സഹോദരന്റെ മകൻ ഷിജുവിന്റെ ഫോണിലേക്ക് സൈനിക ഉദ്യോഗസ്ഥർ അയച്ചു കൊടുത്തത്. 

കാണാൻ അമ്മയില്ല
തോമസ് ചെറിയാന്റെ മൃതദേഹം കണ്ടെത്തിയെന്ന വാർത്ത അറിയുമ്പോൾ, ഇതു കാണാൻ അമ്മ ഇല്ലല്ലോ എന്ന സങ്കടമുണ്ട് കൂടപ്പിറപ്പുകളായ തോമസ് തോമസ്, തോമസ് വർഗീസ്, മേരി തോമസ് എന്നിവർക്ക്. മകനെക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടിയോയെന്ന് പല ദിവസവും അമ്മ ചോദിക്കുമായിരുന്നു. ഒന്നും അറിയില്ലെന്നു പറയുമ്പോൾ വിങ്ങിപ്പൊട്ടും. ഒ.എം.തോമസ്– ഏലിയാമ്മ ദമ്പതികളുടെ 5 മക്കളിൽ രണ്ടാമനായിരുന്നു. 

ഇലന്തൂർ ഈസ്റ്റ് ഒടാലിൽ പുത്തൻവീട്ടിൽ തോമസ് ചെറിയാൻ പഠിച്ചതിന്റെ വിവരങ്ങൾ പത്തനംതിട്ട കാതോലിക്കേറ്റ് ഹൈസ്കൂളിലെ പ്രധാന അധ്യാപിക ഗ്രേസ് മാത്യു 1962ലെ റജിസ്റ്ററിൽ കാണിക്കുന്നു. കാതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ജേക്കബ് ജോർജ് കുറ്റിയിൽ സമീപം. ചിത്രം: മനോരമ
ഇലന്തൂർ ഈസ്റ്റ് ഒടാലിൽ പുത്തൻവീട്ടിൽ തോമസ് ചെറിയാൻ പഠിച്ചതിന്റെ വിവരങ്ങൾ പത്തനംതിട്ട കാതോലിക്കേറ്റ് ഹൈസ്കൂളിലെ പ്രധാന അധ്യാപിക ഗ്രേസ് മാത്യു 1962ലെ റജിസ്റ്ററിൽ കാണിക്കുന്നു. കാതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ജേക്കബ് ജോർജ് കുറ്റിയിൽ സമീപം. ചിത്രം: മനോരമ

  മകന്റെ പേരിൽ അമ്മയ്ക്കാണു പെൻഷൻ അനുവദിച്ചത്. 65 രൂപയായിരുന്നു തുടക്കം. അത് 1000 രൂപ വരെയായി ഉയർന്നു. ഏലിയാമ്മ മരിച്ചിട്ട് 28 വർഷമായി. പിതാവ് മരിച്ചിട്ട് 35 വർഷം.‘1966ൽ എന്നെ യാത്രയാക്കാൻ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ എത്തുമ്പോഴാണ് സഹോദരനെ അവസാനം കാണുന്നത്. സഹോദരനെ തിരയുന്ന കാര്യം ഇടയ്ക്ക് സൈന്യം അറിയിച്ചിരുന്നു’ – തോമസ് തോമസ് പറഞ്ഞു. 

മേരിക്ക് 12 വയസ്സുള്ളപ്പോഴാണ് തോമസ് ചെറിയാൻ സൈന്യത്തിൽ ചേരുന്നത്. സഹോദരൻ സഞ്ചരിച്ച വിമാനം കാണാതായ കാര്യം പത്രത്തിൽ വന്നത് പിതാവ് പറഞ്ഞതുൾപ്പെടെ സഹോദരി ഓർത്തെടുക്കുന്നു. ജ്യേഷ്ഠനെ കാണാതാകുമ്പോൾ തനിക്ക് 8 വയസ്സായിരുന്നെന്നു തോമസ് വർഗീസ് പറഞ്ഞു. മൂത്ത സഹോദരൻ പരേതനായ തോമസ് മാത്യു സൈനികനായിരുന്നു. അദ്ദേഹത്തിന്റെ പാത പിന്തുടർന്നാണു തോമസ് ചെറിയാനും സൈന്യത്തിൽ ചേർന്നത്. 

ഇ.എം.തോമസ്
ഇ.എം.തോമസ്

കാതോലിക്കേറ്റിലെ പൂർവ വിദ്യാർഥി
ക്രമനമ്പർ 4149, പത്തനംതിട്ട കാതോലിക്കേറ്റ് സ്കൂളിലെ അഡ്മിഷൻ റജിസ്റ്ററിൽ തോമസ് ചെറിയാന്റെ പേര് നമുക്ക് കാണാം. 1957–63 കാലഘട്ടത്തിലാണിത്. 1959ലാണ് തോമസ് ചെറിയാൻ ഇവിടെ പ്രവേശനം നേടിയത്. ഹൈസ്കൂൾ പഠനം ഇവിടെയായിരുന്നു. കാരൂർ സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളിയിലെ പ്രവർത്തനങ്ങളിലും സജീവമായിരുന്നു അദ്ദേഹം. 

പത്തനംതിട്ട ∙ ഹിമാചൽ പ്രദേശിലെ റോത്തങ് പാസിൽ 1968ലുണ്ടായ സൈനിക വിമാനാപകടത്തിൽ മരിച്ച ഇലന്തൂർ സ്വദേശിയും കരസേനയിൽ ക്രാഫ്റ്റ്സ്മാനുമായിരുന്ന തോമസ് ചെറിയാന്റെ ഭൗതിക ശരീരം ഈയാഴ്ചതന്നെ നാട്ടിൽ എത്തിച്ചേക്കും. ഭൗതികശരീരം ചണ്ഡിഗഡിൽ എത്തിച്ച ശേഷം മറ്റു നടപടികൾ പൂർത്തിയാക്കി വെള്ളിയാഴ്ചയോ ശനിയാഴ്ചയോ നാട്ടിൽ എത്തിക്കുമെന്നാണ് കരുതുന്നത്. തോമസ് ചെറിയാന്റെ ജ്യേഷ്ഠന്റെ മകൻ മരാമത്ത് വകുപ്പിലെ അസി. എൻജിനീയർ ഷിജു കെ.മാത്യുവിന്റെ വീട്ടിലേക്കാണ് ഭൗതിക ശരീരം എത്തിക്കുന്നുത്. 

ഇലന്തൂർ ഈസ്റ്റ് ഒടാലിൽ പുത്തൻവീട്ടിൽ തോമസ് ചെറിയാന്റെ 22ാം വയസ്സിലെ ഫോട്ടോ. കരസേനയുടെ റജിസ്റ്ററിലുള്ള ഈ ചിത്രം കുടുംബാംഗങ്ങൾക്ക് ഇന്നലെ സൈനിക ഉദ്യോഗസ്ഥർ അയച്ചു കൊടുക്കുകയായിരുന്നു.
ഇലന്തൂർ ഈസ്റ്റ് ഒടാലിൽ പുത്തൻവീട്ടിൽ തോമസ് ചെറിയാന്റെ 22ാം വയസ്സിലെ ഫോട്ടോ. കരസേനയുടെ റജിസ്റ്ററിലുള്ള ഈ ചിത്രം കുടുംബാംഗങ്ങൾക്ക് ഇന്നലെ സൈനിക ഉദ്യോഗസ്ഥർ അയച്ചു കൊടുക്കുകയായിരുന്നു.

1800 അടി ഉയരമുള്ള മഞ്ഞുമലയിലാണ് 4 പേരുടെ മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിയതെന്നാണ് തോമസ് ചെറിയാന്റെ കുടുംബാംഗങ്ങൾക്ക് സൈനിക ഉദ്യോഗസ്ഥരിൽനിന്നു ലഭിച്ച വിവരം.  6 മണിക്കൂർ തോളിൽ ചുമന്നു വേണം ഹെലിപ്പാഡിൽ എത്തിക്കാനെന്നും പ്രതികൂല കാലാവസ്ഥ ആയതിനാൽ വളരെ ദുർഘടമായ യാത്രയാണെന്നും കരസേനയിൽനിന്ന് അറിയിച്ചതായും ബന്ധുക്കൾ പറഞ്ഞു. 

കരസേനയുടെ റജിസ്റ്ററിൽ നിന്ന് തോമസ് ചെറിയാന്റെ 22 വയസ്സിലെ ഫോട്ടോ കുടുംബാംഗങ്ങൾക്ക് ഇന്നലെ സൈനിക ഉദ്യോഗസ്ഥർ അയച്ചു കൊടുത്തു. തോമസ് ചെറിയാൻ ഉൾപ്പെടെ 4 പേരുടെ ഭൗതികാവശിഷ്ടങ്ങളാണു രാജ്യചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ തിരച്ചിൽ ദൗത്യത്തിലൂടെ കഴിഞ്ഞ ദിവസം കണ്ടെടുത്തത്. സൈനിക പരിശീലനം പൂർത്തിയാക്കി ആദ്യനിയമനം ലഭിച്ച സ്ഥലത്തേക്ക് പോകുമ്പോൾ 1968 ഫെബ്രുവരി 7ന് ആയിരുന്നു തോമസ് ചെറിയാനെ വിമാനം തകർന്നു കാണാതായത്.  

56 വർഷത്തിനു ശേഷം തോമസ് ചെറിയാന്റെ ഭൗതികാവശിഷ്ടങ്ങൾ ലഭിച്ചത് അറിഞ്ഞ് ഇലന്തൂർ ഈസ്റ്റ് ഒടാലിൽ പുത്തൻ വീട്ടിലേക്ക് ബന്ധുക്കളുടെയും  ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും പ്രവാഹമാണ്. ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള ഇന്ന് ഉച്ചയോടെ ഇലന്തൂരിലെ വീട്ടിലെത്തും.

മഞ്ഞിൻമറയത്ത് ഇ.എം.തോമസ്
പത്തനംതിട്ട ∙ ഹിമാചൽ പ്രദേശിൽ 56 വർഷം മുൻപ് വിമാനാപകടത്തിൽ കാണാതായവരിൽ പത്തനംതിട്ട സ്വദേശിയായ ഒരു സൈനികൻ കൂടി. കാട്ടൂർ വയലത്തല ഈട്ടിനിൽക്കുന്ന കാലായിൽ ഇ.എം.തോമസിനെയാണ് കാണാതായത്. 21 വയസ്സായിരുന്നു. കാണാതായ മറ്റൊരു സൈനികനായ ഇലന്തൂർ സ്വദേശി തോമസ് ചെറിയാന്റെ മൃതദേഹം കണ്ടെത്തിയെന്ന വാർത്ത ഇ.എം.തോമസിന്റെ കുടുംബാംഗങ്ങൾക്കും പ്രതീക്ഷയേകുന്നു. ഈട്ടിനിൽക്കുന്ന കാലായിൽ ഇ.ടി.മാത്യുവിന്റെയും സാറാമ്മ മാത്യുവിന്റെയും മൂത്ത മകനാണ്. സഹോദരൻ ബാബു മാത്യുവിന്റെ മക്കളാണ് ഇപ്പോൾ വയലത്തലയിലെ വീട്ടിൽ താമസിക്കുന്നത്. സഹോദരി മോളി വർഗീസ് യുഎസിലാണ്.

 തോമസിന്റെ മരണത്തെ തുടർന്ന് സഹോദരൻ ബാബു തോമസിനു സർക്കാർ വനംവകുപ്പിൽ ജോലി നൽകിയിരുന്നു. മാതാപിതാക്കൾക്കു സൈന്യത്തിൽനിന്ന് പെൻഷനും ലഭിച്ചിരുന്നു. ബാബു മാത്യുവും മാതാപിതാക്കളും മരിച്ചു. 20 വർഷം മുൻപു കാണാതായവരെക്കുറിച്ച് അന്വേഷണം തുടരുന്നതായി സൈനിക കേന്ദ്രത്തിൽനിന്ന് വീട്ടിൽ സന്ദേശം ലഭിച്ചിരുന്നെന്ന് ബാബു മാത്യുവിന്റെ മകൻ വിപിൻ പറഞ്ഞു.

English Summary:

This poignant article details the story of Thomas Cherian, a soldier from Pathanamthitta who tragically perished in a 1968 military plane crash. After 56 long years, his remains were recovered, bringing closure to his family and shining a light on the story of another missing soldier from the same incident.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com