ഗവിയിൽ നിന്നു രോഗിയുമായി പോയ കാർ കാട്ടാന ആക്രമിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു
Mail This Article
സീതത്തോട് ∙ ഗവിയിൽ നിന്നു വണ്ടിപ്പെരിയാറിലേക്കു രോഗിയുമായി പോകുകയായിരുന്ന കാർ 14ാം മൈലിനു സമീപം കാട്ടാന ആക്രമിച്ചു. കാറിലുണ്ടായിരുന്നവർ പരുക്കുകൾ കൂടാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ചൊവ്വാഴ്ച രാത്രി 7.30നാണ് സംഭവം. കൊച്ചുപമ്പ എട്ട് ഷെഡിനു സമീപം താമസിക്കുന്ന റാമറിനു കാലിൽ മുറിവേറ്റതിനെ തുടർന്ന് ആശുപത്രിയിൽ കാണിക്കാൻ വണ്ടിപ്പെരിയാറിലേക്കു പോകുമ്പോഴാണ് കാട്ടാനയുടെ മുന്നിൽപെട്ടത്. കാറിൽ സുഹൃത്തുക്കളായ ശിവ, ചന്ദ്രകുമാർ, ശശി എന്നിവരും റാമറിനൊപ്പം ഉണ്ടായിരുന്നു. 14ാം മൈൽ വളവിൽ റോഡിൽ നിൽക്കുകയായിരുന്ന കാട്ടാന കാർ കണ്ടപ്പോൾ പാഞ്ഞ് വന്ന് ഇടിക്കുകയായിരുന്നുവെന്ന് ഒപ്പമുള്ളവർ പറയുന്നു. കെഎഫ്ഡിസി തൊഴിലാളികളാണ് എല്ലാവരും.
കാട്ടാനയുടെ ആക്രമണത്തെ തുടർന്ന് ഭയന്ന സംഘം ആശുപത്രിയിൽ പോകാതെ തിരികെ വീട്ടിലേക്കു പോന്നു. ഇന്നലെ രാവിലെയാണ് പിന്നീട് ആശുപത്രിയിൽ പോയത്. റോഡിലേക്കു ഈറ്റയും മറ്റും വളർന്ന് നിൽക്കുന്നതിനാൽ ദൂരക്കാഴ്ച കുറവാണെന്നു ഗവി നിവാസികൾ പറയുന്നു.