വിശ്വാസത്തിന്റെ നിറക്കാഴ്ച തീർത്ത് ബൊമ്മക്കൊലു
Mail This Article
പത്തനംതിട്ട ∙ നവരാത്രി ആഘോഷങ്ങൾക്കു നിറംപകർന്നു വിശ്വാസത്തിന്റെ നിറക്കാഴ്ചയായി സമൂഹമഠങ്ങളിലെ അഗ്രഹാരങ്ങളിൽ ബൊമ്മക്കൊലു ഒരുങ്ങി. ഇനിയുള്ള ദിവസങ്ങൾ പൂജയുടെയും പ്രാർഥനകളുടെയും നാളുകൾ.തമിഴ് ബ്രാഹ്മണ സമൂഹമാണു പ്രധാനമായും ബൊമ്മക്കൊലു ഒരുക്കി നവരാത്രി ആഘോഷിക്കുന്നത്. ദേവീ ദേവന്മാരുടെ പലതരത്തിലുള്ള ബിംബങ്ങൾ തട്ടുകളിലായി അടുക്കി നടത്തുന്ന പൂജയാണു ബൊമ്മക്കൊലു.
തിന്മയ്ക്കുമേൽ നന്മയുടെ വിജയത്തിന്റെ പ്രതീകമായി പൂജാ മുറികളിലും പ്രത്യേക സ്ഥാനങ്ങളിലും ബൊമ്മക്കൊലു ഒരുക്കി വൈദ്യുത ദീപങ്ങൾ കൊണ്ട് അലങ്കരിച്ചു. നവരാത്രി ആഘോഷവേളയിൽ ഐശ്വര്യം നിറയ്ക്കുന്നതാണു ബൊമ്മക്കൊലു ഒരുക്കിയുള്ള പ്രാർഥന. പൂജയിലൂടെ ലഭിക്കുന്ന ദേവീസാന്നിധ്യം ഐശ്വര്യ പ്രദമാണെന്നാണു വിശ്വാസം.
ഗണപതി പൂജയ്ക്കു ശേഷം കുടുംബത്തിലെ മുതിർന്ന ആൾ സരസ്വതി, പാർവതി, ലക്ഷ്മി എന്നീ ദേവിമാർക്കു വേണ്ടി ആവാഹന പൂജ നടത്തിയാണു കലശം നിറച്ചത്. തടികൾ കൊണ്ട് തട്ടുകൾ ഉണ്ടാക്കി 3, 5,7, 9, 11 തുടങ്ങിയ ഒറ്റസംഖ്യ ക്രമത്തിൽ തയാറാക്കി അതിൽ തുണി വിരിച്ചു ദേവീ ദേവന്മാരുടെ ബൊമ്മകൾ അവയുടെ വലുപ്പത്തിനും സ്ഥാനത്തിനും അനുസരിച്ചാണു നിരത്തിയത്.
ഏറ്റവും ഉയരത്തിലുള്ള പടിയിൽ ദുർഗാ ദേവിയെ സങ്കൽപിച്ച് കലം സ്ഥാപിച്ചു. അതോടൊപ്പം മറ്റുപടിയിൽ ദുർഗ, സരസ്വതി, ലക്ഷ്‌മി എന്നീ ദേവിമാരുടെയും കൊലു സ്ഥാപിച്ചു. മറ്റ് പടികളിൽ ബ്രഹ്മാവ്, വിഷ്‌ണു, ശിവൻ, ഗണപതി, മുരുകൻ തുടങ്ങിയവരുടെ കൊലുവും ഉണ്ട്. 9 ദിവസവും വിവിധതരം പലഹാരങ്ങൾ ഉണ്ടാക്കി പ്രത്യേക പൂജയും ഉണ്ട്. ആദ്യ 3 ദിവസം ദുർഗയ്ക്കും തുടർന്നുള്ള 3 ദിവസം ലക്ഷ്മിക്കും പിന്നീട് മൂന്ന് ദിവസം സരസ്വതിക്കുമാണു പൂജ. പൂജയ്ക്കു ശേഷം പ്രസാദ വിതരണവും ഉണ്ട്.
പത്തനംതിട്ട നഗരത്തിൽ വെട്ടിപ്രം ജ്യോതിഷ മഠത്തിലാണ് ഏറ്റവും വലിയ ബൊമ്മക്കൊലു ഒരുക്കിയിട്ടുള്ളത്. വീട്ടിലെ വലിയ ഹാൾ മുഴുവൻ ബൊമ്മക്കൊലുവും പൂജാ ഒരുക്കങ്ങളുമായി അലങ്കരിച്ചിട്ടുണ്ട്. ഗൃഹനാഥ ഉമാറാണിയുടെ കാർമികത്വത്തിൽ അരി, പരിപ്പ് തുടങ്ങിയ ധാന്യങ്ങൾ കൊണ്ടാണു കലശം നിറച്ചത്. മുത്തശ്ശി രാജലക്ഷ്മിയും ബൊമ്മക്കൊലു ഒരുക്കാൻ സഹായിച്ചു.
നവരാത്രി വ്രതം തുടങ്ങി
പത്തനംതിട്ട ∙ ദേവീ ഉപാസനയുടെ ഉത്തമ മാർഗമായി നവരാത്രി വ്രതം തുടങ്ങി. ആദിപരാശക്തിയുടെ 9 ഭാവങ്ങളെ 9 ദിവസമായാണു നവരാത്രിക്കാലത്ത് ആരാധിക്കുന്നത്.നവരാത്രിക്കാലത്ത് ആദ്യ 3 ദിനം പാർവതി ദേവിക്കും അടുത്ത 3 ദിനം ലക്ഷ്മിദേവിക്കും അവസാന 3 ദിനം സരസ്വതി ദേവിക്കും പ്രാധാന്യം നൽകി വരുന്നു. ദുർഗാഷ്ടമി നാളിൽ ദുർഗയായും മഹാനവമി ദിനത്തിൽ ലക്ഷ്മിയായും വിജയദശമിയിൽ സരസ്വതിയായും ആരാധിക്കാറുണ്ട്. ഏതു പ്രായത്തിലുള്ളവർക്കും മാതൃസ്വരൂപിയായ ദേവിയുടെ അനുഗ്രഹത്തിനായി വ്രതം അനുഷ്ഠിക്കാം. മനസ്സിനെയും ശരീരത്തെയും ശുദ്ധമാക്കാൻ ഈ വ്രതത്തിലൂടെ സാധിക്കും.