അശാസ്ത്രീയമായി പാമ്പിനെ പിടിച്ചതിന് കേസെടുത്തു
Mail This Article
കോന്നി ∙അശാസ്ത്രീയമായി പാമ്പിനെ പിടിച്ചതിന് അടൂർ ഏനാത്ത് അമ്പലത്തുംകാല വീട്ടിൽ രാജ്മോഹന് (ഷാജി-60) എതിരെ വനംവകുപ്പ് കേസെടുത്തു. വ്യാഴാഴ്ചയാണ് സംഭവം. ഏനാത്ത് - മണ്ണടി റോഡരികിൽ ഷാജിയുടെ വീടിന്റെ മതിൽക്കെട്ടിനുള്ളിൽ കണ്ട അണലിയെയാണ് ലൈസൻസ് ഇല്ലാതെ അശാസ്ത്രീയമായ രീതിയിൽ പിടിക്കാൻ ശ്രമിച്ചത്. കൂടെ മറ്റൊരാളുമുണ്ടായിരുന്നു.
ഇത് ഫെയ്സ് ബുക്കിൽ പ്രചരിച്ചതോടെ വനംവകുപ്പ് ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഓഫിസിൽ നിന്നുള്ള നിർദേശ പ്രകാരം കുമ്മണ്ണൂർ ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് കേസെടുത്തത്. പിന്നീട് പാമ്പ് പിടിത്തത്തിൽ ലൈസൻസ് ഉള്ള ചാർലി എന്നയാൾ സ്ഥലത്തെത്തി പാമ്പിനെ പിടികൂടി പരുക്കില്ലാത്തതിനാൽ കാട്ടിൽ വിടുകയും ചെയ്തു. റെസ്ക്യൂ പ്രവർത്തകൻ വരുന്നത് വരെ പാമ്പിനെ രക്ഷപ്പെടുത്താൻ വേണ്ടിയാണ് പിടിച്ചത് എന്നതിനാൽ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു.