ശബരിമല സ്പോട്ട് ബുക്കിങ് ഒഴിവാക്കൽ: പ്രതിഷേധം ശക്തമായേക്കും
Mail This Article
പത്തനംതിട്ട ∙ മണ്ഡല- മകരവിളക്കു കാലത്ത് ശബരിമല ദർശനത്തിനുള്ള സ്പോട്ട് ബുക്കിങ് പൂർണമായി ഒഴിവാക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകാൻ സാധ്യത. ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയാത്ത തീർഥാടകരെ പുതിയ തീരുമാനം ദോഷകരമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ. തീർഥാടകർക്ക് ദർശനത്തിന് അവസരം നിഷേധിക്കപ്പെട്ടാൽ വ്യാപകമായ പരാതികൾക്ക് ഇടയാക്കും. വിവിധ ഭക്ത സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിക്കഴിഞ്ഞു.
മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള ലക്ഷക്കണക്കിനു തീർഥാടകർക്കാണ് തീരുമാനം കൂടുതൽ തിരിച്ചടിയാകുക. ദിവസങ്ങളോളം യാത്രചെയ്ത് എത്തുന്നവരെ നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിൽ തടയുന്ന സാഹചര്യം പ്രതിസന്ധിയാകും. ഓരോ ദിവസത്തെയും വെർച്വൽ ക്യൂ ബുക്കിങ് ആരംഭിച്ച് ഏതാനും മണിക്കൂറുകൾക്കുള്ളിൽ തീരുമെന്നതാണ് യാഥാർഥ്യം. ഓൺലൈനായി അവസരം ലഭിച്ചില്ലെങ്കിൽ സ്പോട്ട് ബുക്കിങ് സൗകര്യം ഉപയോഗപ്പെടുത്താമെന്നു കരുതി വരുന്നവർ ഏറെയാണ്. അതിനാൽ ഈ വർഷം സ്പോട്ട് ബുക്കിങ് ഇല്ലെന്ന കാര്യം മറ്റു സംസ്ഥാനങ്ങളിലുൾപ്പെടെ പ്രചാരണം നടത്തേണ്ടി വരും.
കോവിഡ് കാലത്തിനു ശേഷം നിയന്ത്രിതമായി കൂടുതൽ തീർഥാടകരെ പ്രവേശിപ്പിക്കാനാണ് ദേവസ്വം ബോർഡ് സ്പോട്ട് ബുക്കിങ് തുടങ്ങിയത്. കഴിഞ്ഞ വർഷം 80,000 പേർക്ക് ഓൺലൈൻ ബുക്കിങ് വഴിയും 20,000 പേർക്കു സ്പോട്ട് ബുക്കിങ് വഴിയുമായിരുന്നു ദർശനം അനുവദിച്ചത്. എന്നാൽ തീർഥാടകരുടെ തിരക്കു കൂടിയതോടെ പൊലീസിന്റെ തിരക്ക് നിയന്ത്രണം പാളി. പതിനെട്ടാംപടി കയറാൻ 18 മണിക്കൂർ വരെ കാത്തു നിൽക്കേണ്ട സ്ഥിതിയുണ്ടായി. തുടർന്ന് സ്പോട്ട് ബുക്കിങ് 10,000 ആക്കി പരിമിതപ്പെടുത്തുകയും പിന്നീട് തീർഥാടനത്തിന്റെ അവസാന ദിവസങ്ങളിൽ ഒഴിവാക്കുകയും ചെയ്തു. സുരക്ഷാ ഏകോപന ചുമതലയുണ്ടായിരുന്ന എഡിജിപി എം.ആർ.അജിത്കുമാറിന്റെ ശുപാർശയെ തുടർന്നായിരുന്നു നടപടി.
10% സ്പോട്ട് എൻട്രി വേണമെന്ന് കെ.സുരേന്ദ്രൻ
തിരുവനന്തപുരം∙ ശബരിമല ക്ഷേത്രത്തിലേക്ക് ഭക്തരെ പ്രവേശിപ്പിക്കുന്നത് പൂർണമായും ഓൺലൈൻ ആക്കുന്നതിന് പകരം 10% പേരെ സ്പോട്ട് എൻട്രി വഴി കടത്തി വിടണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. ഓൺലൈൻ വഴി ബുക്ക് ചെയ്യാൻ പല കാരണങ്ങൾ കൊണ്ടും കഴിയാത്ത ഭക്തരെ ക്യൂ വഴി പ്രവേശിപ്പിക്കണം. പരിചയ സമ്പന്നരായ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കണം. പൊലീസിന്റെ പിടിപ്പുകേടും കെടുകാര്യസ്ഥതയുമാണ് പലപ്പോഴും ശബരിമലയിൽ പ്രശ്നങ്ങളുണ്ടാക്കുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.