അതിരുകല്ലുകളിൽ മാത്രം ഒതുങ്ങുമോ റോഡ് വികസനം
Mail This Article
ചെറുകുളഞ്ഞി ∙ പിഡബ്ല്യുഡി അളന്നിട്ട അതിരു കല്ലുകളിൽ മാത്രം റോഡ് വികസനം ഒതുങ്ങുമോ? ഒന്നര പതിറ്റാണ്ടു പിന്നിട്ടിട്ടും ഒരു രൂപ പോലും വികസനത്തിനായി സർക്കാർ അനുവദിക്കാത്തതാണു സമീപവാസികളുടെ ചോദ്യത്തിന് അടിസ്ഥാനം. ഇട്ടിയപ്പാറ–അറുവച്ചാംകുഴി പമ്പാനദി തീരദേശ റോഡിൽ ഐത്തല പാലം–ചൊവ്വൂർ കടവ്–പരവേലിൽപടി ഭാഗത്തെ സ്ഥിതിയാണിത്. 20 വർഷങ്ങൾക്കു മുൻപ് ലക്ഷ്യമിട്ടതാണ് പമ്പാനദി തീരദേശ റോഡ് വികസനം. പഴവങ്ങാടി, വടശേരിക്കര, പെരുനാട്, നാറാണംമൂഴി, വെച്ചൂച്ചിറ, എരുമേലി എന്നീ പഞ്ചായത്തുകളിലെ പമ്പാനദിയുടെ തീരത്തു കൂടി കടന്നു പോകുന്ന റോഡുകൾ ഏറ്റെടുത്ത് ഉന്നത നിലവാരത്തിൽ വികസിപ്പിക്കുകയാണു പദ്ധതി. ഇതിൽ പിഡബ്ല്യുഡി ഏറ്റെടുത്തു പണി നടത്താത്തത് ഐത്തല പാലം–ചൊവ്വൂർകടവ്–പരവേലിൽപടി ഭാഗം മാത്രമാണ്. ബാക്കിയെല്ലാം പിഡബ്ല്യുഡി ഏറ്റെടുക്കുകയും കാലാകാലങ്ങളിൽ പുനരുദ്ധാരണം നടത്തുകയും ചെയ്യുന്നുണ്ട്.
വടശേരിക്കര പഞ്ചായത്തിന്റെ അധീനതയിലാണ് ചൊവ്വൂർകടവിലൂടെ കടന്നു പോകുന്ന റോഡ്. നിലവിൽ 3 മീറ്റർ വരെ വീതിയിൽ ടാറിങ്ങും കോൺക്രീറ്റിങ്ങും നടത്തിയിട്ടുണ്ട്.ത്രിതല പഞ്ചായത്തുകളും എംപി, എംഎൽഎ എന്നിവരും അനുവദിക്കുന്ന തുഛമായ ഫണ്ട് ചെലവഴിച്ചാണ് പുനരുദ്ധാരണം നടത്തുന്നത്. ഇതുമൂലം റോഡ് പൂർണമായി നവീകരിക്കാൻ കഴിയുന്നില്ല.10–12 മീറ്റർ വരെ വീതിയിൽ റോഡ് വികസിപ്പിക്കാനാണ് പിഡബ്ല്യുഡി പദ്ധതി തയാറാക്കിയത്. ഇതിനു മുന്നോടിയായി വീതി കൂട്ടുന്നതിന് അളന്ന് കല്ലുകളിട്ടിരുന്നു. നാടിന്റെ വികസനം മുന്നിൽകണ്ട് സൗജന്യമായി സ്ഥലം വിട്ടു കൊടുക്കാമെന്ന് സമീപവാസികളും സമ്മതിച്ചിരുന്നു.എന്നാൽ തുടർ നടപടി വൈകുകയാണ്. മഴക്കാലത്ത് റോഡിന്റെ വശം പലയിടത്തും ഇടിഞ്ഞമരുന്നു.2 വാഹനങ്ങൾ ഒന്നിച്ചെത്തിയാൽ വശം കൊടുക്കാനിടമില്ല. പിഡബ്ല്യുഡി ഏറ്റെടുത്തോ പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പദ്ധതിയിലോ റോഡിന്റെ വികസനം സാധ്യമാക്കുകയാണ് ആവശ്യം.