ADVERTISEMENT

മല്ലപ്പള്ളി ∙ സെൻട്രൽ ജംക്‌ഷനിലെ സിഗ്നൽ ലൈറ്റ് തകരാറിലായി കാലങ്ങൾ പിന്നിട്ടും പ്രവർത്തന സജ്ജമാക്കൻ നടപടിയില്ല. ഇതോടെ ടൗണിൽ വാഹന യാത്ര തോന്നും പടിയായി. വൺവേ സംവിധാനമുള്ള ടൗണിൽ വാഹനങ്ങൾ നിയന്ത്രണമില്ലാതെ തലങ്ങും വിലങ്ങും പായുന്നത് അപകട സാധ്യത വർധിപ്പിക്കുന്നു.തിരക്കേറിയ സമയങ്ങളിലൊന്നും ഗതാഗത നിയന്ത്രണത്തിനു പൊലീസിന്റെയോ മോട്ടർ വാഹനവകുപ്പിന്റെയോ ഇടപെടലുണ്ടാകുന്നില്ലെന്നു പരാതി. കോട്ടയം - കോഴഞ്ചേരി സംസ്ഥാന പാതയിലെ സെൻട്രൽ ജംക്‌ഷനിൽ നിന്നു വാഹനങ്ങൾ നേരെ തിരുവല്ല റോഡിലേക്കു പ്രവേശിക്കുന്നതു പതിവ് കാഴ്ചയാണ്. വൺവേ തെറ്റിച്ചു പോകുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും സ്ഥിരം സംഭവമാണ്. ഇവിടെ സ്ഥല പരിചയമില്ലാതെ എത്തുന്ന വാഹനങ്ങളാണ് ഏറെയും വൺവേ തെറ്റിക്കുന്നത്.

ടൗണിലെ വൺവേ സംവിധാനം 50 മീറ്റർ ചുറ്റളവിൽ മാത്രമാണുള്ളത്. കോഴഞ്ചേരി ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ തിരുവല്ല റോഡിൽ പ്രവേശിച്ചു സെൻട്രൽ ജംക്‌ഷനിൽ എത്തുന്നതും ബസ് സ്റ്റാൻഡ് റോഡിൽ നിന്നു തിരുവല്ല, കോഴഞ്ചേരി എന്നിവിടങ്ങളിലേക്കു പോകുന്ന വാഹനങ്ങൾ സെൻട്രൽ ജംക്‌ഷനിലൂടെ തിരിയുന്നതും കോട്ടയം ഭാഗത്തേക്കുള്ള വാഹനങ്ങൾ ട്രാഫിക് സിഗ്നൽ മറികടന്നു നീങ്ങുന്നതുമാണു ടൗണിലെ വൺവേ സംവിധാനം.തിരുവല്ല ഭാഗത്തു നിന്നെത്തുന്ന വലിയ വാഹനങ്ങൾ ടൗണിലേക്ക് എത്തേണ്ടതു പഴയ തിയറ്റർപടിയിലൂടെ അങ്ങാടിപ്പറമ്പ് വഴി കോട്ടയം - കോഴഞ്ചേരി സംസ്ഥാന പാതയിലൂടെയാണ്.

എന്നാൽ കോട്ടയം - കോഴഞ്ചേരി റോഡിൽനിന്നു വാഹനങ്ങൾ എളുപ്പമാർഗം വൺവേ തെറ്റിച്ചു മല്ലപ്പള്ളി - തിരുവല്ല റോഡിലേക്ക് പ്രവേശിക്കുന്നതാണ് അപകടങ്ങൾക്ക് ഇടയാക്കുന്നത്. തിരുവല്ല ഭാഗത്തുനിന്നെത്തുന്ന ബസുകളും ടിപ്പറുകവ്‍ ഉൾപ്പെടെയുള്ള ഭാരം കയറ്റിയ വാഹനങ്ങളും നേരെ ടൗണിലേക്ക് എത്തരുതെന്നു നിർദേശമെങ്കിലും പാലിക്കപ്പെടുന്നില്ല. ഇതു ടൗണിൽ പൊതുവിപണി പ്രവർത്തിക്കുന്ന ദിവസങ്ങളിൽ നീണ്ട ഗതാഗതക്കുരുക്കിനു കാരണമാകാറുണ്ട്. ആംബുലൻസ് അടക്കമുള്ള അവശ്യസർവീസുകൾ കടന്നുപോകാൻ സാധിക്കാത്ത ഗതികേടിലാണ്. ഇവിടുത്തെ സിഗ്നൽ ലൈറ്റ് മിഴിയടച്ചപ്പോൾ ഇടക്കാലത്തു ഗതാഗത നിയന്ത്രണത്തിനു ഹോംഗാർഡിന്റെ സേവനം ലഭ്യമാക്കിയിരുന്നു, പിന്നീട് അതും നിലച്ചു. കാലങ്ങളായി സിഗ്നൽ ലൈറ്റ് ഉടൻ പ്രവർത്തിപ്പിക്കുമെന്ന് അധികൃതരുടെ പ്രഖ്യാപനങ്ങളുണ്ടാകുമെങ്കിലും  യാതൊരു നടപടിയുമില്ലെന്നാണു യാത്രക്കാരുടെ ആക്ഷേപം. അധികൃതർ അടിയന്തരമായി സിഗ്നൽ ലൈറ്റ് പ്രവർത്തന സജ്ജമാക്കണമെന്ന ആവശ്യം ശക്തമാണ്.

English Summary:

The malfunctioning traffic signal at Mallapally's Central Junction has crippled traffic flow, leading to congestion, confusion, and an increased risk of accidents. The lack of enforcement of the one-way system further exacerbates the situation. Residents and commuters are urging authorities to take swift action and restore the traffic signal to ensure safety and smooth traffic flow.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com