ADVERTISEMENT

പത്തനംതിട്ട ∙ ഞായറാഴ്ച അർധരാത്രി ഒരു മണിക്കൂറിന്റെ ഇടവേളയിൽ സ്കൂൾ ബസിനും, ഗ്യാസ് സിലിണ്ടർ നിറച്ച വിതരണ വാഹനത്തിനും തീയിട്ട സംഭവത്തിൽ ഒരാൾ പൊലീസ് കസ്റ്റഡിയിൽ. മാക്കാംകുന്ന് ഭാഗത്തെ പാചകവാതക ഏജൻസി ഓഫിസിനു മുൻപിൽ പാർക്ക് ചെയ്തിരുന്ന വിതരണ വാഹനത്തിനും ഏകദേശം 250 മീറ്ററോളം മാറി പ്രവർത്തിക്കുന്ന എവർഷൈൻ റസിഡൻഷ്യൽ സ്കൂളിലെ ഒരു സ്കൂൾ ബസിനുമാണ് അക്രമി തീയിട്ടത്. കസ്റ്റഡിയിലെടുത്തയാൾ സംഭവ സ്ഥലത്തിനടുത്തു വാടകയ്ക്കു താമസിക്കുന്ന വ്യക്തിയാണെന്നാണു സൂചന. പൊലീസ് ഇയാളെ ചോദ്യം ചെയ്തു വരികയാണ്. 

കഴിഞ്ഞ ദിവസം അർധരാത്രി സ്കൂൾ ബസിനു തീയിട്ട സംഭവത്തിൽ പ്രതിയെന്നു കരുതുന്നയാളുടെ സിസിടിവി ദൃശ്യം.
കഴിഞ്ഞ ദിവസം അർധരാത്രി സ്കൂൾ ബസിനു തീയിട്ട സംഭവത്തിൽ പ്രതിയെന്നു കരുതുന്നയാളുടെ സിസിടിവി ദൃശ്യം.

പിറ്റേന്നു വിതരണത്തിനായി സിലിണ്ടറുകൾ നിറച്ച വാഹനത്തിന്റെ ക്യാബിനും സ്കൂൾ ബസ് ഏതാണ്ടു പൂർണമായും കത്തി. ഷോർട്ട് സർക്യൂട്ടോ മറ്റോ ആകാമെന്നാണ് സ്കൂൾ അധികൃതരും ഗ്യാസ് ഏജൻസി അധികൃതരും കരുതിയിരുന്നത്. അഗ്നിരക്ഷാസേന അധികൃതർക്ക് ഉണ്ടായ സംശയത്തെ തുടർന്നാണ് രാവിലെ തന്നെ സ്കൂളിലെ സിസിടിവി പരിശോധിച്ചതും അക്രമി ടയറിന്റെ ഭാഗത്ത് തീയിട്ട് ഓടിപ്പോകുന്ന ദൃശ്യം കണ്ടെത്തുന്നതും. 

ഗ്യാസ് സിലിണ്ടറുമായി നിർത്തിയിട്ടിരുന്ന വാഹനത്തിന്റെ ക്യാബിന് തീയിട്ടു നശിപ്പിച്ച നിലയിൽ. ചിത്രങ്ങൾ:മനോരമ
ഗ്യാസ് സിലിണ്ടറുമായി നിർത്തിയിട്ടിരുന്ന വാഹനത്തിന്റെ ക്യാബിന് തീയിട്ടു നശിപ്പിച്ച നിലയിൽ. ചിത്രങ്ങൾ:മനോരമ

ഗ്യാസ് ഏജൻസിയിലെ തീപിടിത്തം : രാത്രി 11.10
 ഏജൻസിയിലേക്ക് എത്തുന്ന സ്റ്റൗവും മറ്റ് അനുബന്ധ സാമഗ്രികളും സൂക്ഷിച്ച റൂമിന്റെ ഷട്ടറിനോടു ചേർന്നു പാർക്കു ചെയ്തിരുന്ന വാഹനത്തിന്റെ വാതിൽ തുറന്ന് രാത്രി 11നു ശേഷം തീയിട്ടതാണെന്നാണ് സംശയം. ക്യാബിനിൽ തീ പടർന്നു പിടിച്ചതോടെ മുകൾ നിലയിൽ താമസിക്കുന്ന ജീവനക്കാരും വിവരം അറിഞ്ഞ് സമീപത്തെ വീട്ടിൽ നിന്ന് സ്ഥലത്തേക്ക് എത്തിയ ഏജൻസിയുടമയും  ചേർന്ന് തീയണക്കാൻ ശ്രമം തുടങ്ങി. വിവരം അറിഞ്ഞ് സ്ഥലത്ത് എത്തിയ അഗ്നിരക്ഷാസേന തീ പൂർണമായും അണച്ചു.  അഞ്ഞൂറോളം ഗ്യാസ് സിലിണ്ടറുകൾ സൂക്ഷിച്ചിരുന്ന ഗോഡൗൺ കുറച്ചു മാറിയായതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. 

എവർഷൈൻ റസിഡൻഷ്യൽ  സ്കൂളിന്റെ വാൻ കത്തി നശിച്ച നിലയിൽ.
എവർഷൈൻ റസിഡൻഷ്യൽ സ്കൂളിന്റെ വാൻ കത്തി നശിച്ച നിലയിൽ.

സ്കൂൾ ബസ് തീയിട്ടത് : രാത്രി 12.07
ഇവിടെ നിന്ന് അൽപം മാറി സ്ഥിതി ചെയ്യുന്ന എവർഷൈൻ സ്കൂളിൽ പാർക്ക് ചെയ്തിരുന്ന നാല് സ്കൂൾ ബസുകളിൽ ഒരെണ്ണത്തിനാണ് രാത്രി 12നു ശേഷം അക്രമി തീയിട്ടത്. സ്കൂൾ ബസിന് തീയിടാൻ രണ്ടു തവണ ശ്രമിച്ചിട്ടും വിജയിച്ചില്ല. തുടർന്ന് മൂന്നാമത്തെ തവണ ശ്രമിച്ചാണു തീയിട്ടത്. തീ പടർന്നു പിടിച്ചതോടെ വിവരം അറിഞ്ഞ് എത്തിയവരും അഗ്നിശമനസേനയും ചേർന്നാണ് തീയണച്ചത്. വ്യാഴാഴ്ച ഓട്ടം കഴിഞ്ഞ് പാർക്ക് ചെയ്തതാണ് ഈ ബസ്. തീയിട്ട ശേഷം അക്രമി പുറത്തേക്ക് ഓടിപ്പോകുന്നതും സിസി‍ടിവി ദൃശ്യങ്ങളിൽ കാണാം. 

English Summary:

In a shocking incident in Pathanamthitta, Kerala, a school bus and a gas cylinder delivery vehicle were set ablaze within an hour. CCTV footage captured the arsonist igniting the vehicles. Police have apprehended a suspect residing near the crime scene.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com