ചുള്ളന്മാരെ കുരുക്കി ട്രാഫിക് പൊലീസ്; 30 വാഹനങ്ങൾക്ക് പിഴയിട്ടു
Mail This Article
പത്തനംതിട്ട∙ ചുള്ളന്മാരെ കുരുക്കി ട്രാഫിക് പൊലീസ്. ശരിയായ നമ്പർ പ്ലേറ്റ് ഇല്ലാത്തതും അത് പ്രദർശിപ്പിക്കാത്തതുമായ വാഹനങ്ങൾക്കും വാഹനസംബന്ധമായ കേസുണ്ടായിട്ടും കോടതി നടപടി അനുസരിക്കാതെ വാറണ്ടായ വാഹനങ്ങൾക്കും എതിരെ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി നടന്ന സ്പെഷൽ ഡ്രൈവിൽ 28 ഇരുചക്ര വാഹനങ്ങളും രണ്ട് ടിപ്പറുകളും പത്തനംതിട്ട നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ട്രാഫിക് വിഭാഗം പിടികൂടിയത്. ഇരുചക്ര വാഹനങ്ങളിൽ ഏറെയും യുവാക്കൾ സഞ്ചരിച്ചവയാണ്. ശരിയായി നമ്പർ പ്ലേറ്റ് പ്രദർശിപ്പിക്കാതെ നിരത്തിലിറക്കിയതിനാണ് രണ്ട് ടിപ്പറുകൾ പിടികൂടിയത്. ഇതിന്റെ പിഴ ഈടാക്കി വാഹനം ഉടമകൾക്കു വിട്ടു നൽകി.
ഇരുചക്ര വാഹനങ്ങളിൽ ചിലതിന്റെ അഴിച്ചു വച്ചിരുന്ന നമ്പർ പ്ലേറ്റും അനുബന്ധിച്ചുള്ള ഫൈബർ ഭാഗങ്ങളും സ്റ്റേഷനിൽ എത്തിച്ച് അവ ഉടമകൾ തന്നെ ഫിറ്റ് ചെയ്ത ശേഷമാണ് പിഴ അടച്ച് ചില വാഹനങ്ങൾ വിട്ടു നൽകിയത്. തെളിയാത്ത നമ്പർ പ്ലേറ്റുകൾക്കു പകരം പുതിയവ എത്തിച്ച ശേഷം ഇത് വാഹനത്തിൽ ഘടിപ്പിച്ചു കൊള്ളാം എന്ന ഉറപ്പിലും ചില വാഹനങ്ങൾ വിട്ടു നൽകി. രണ്ട് ബൈക്കുകളുടെ രേഖകൾ കൃത്യമല്ലാത്തതിനാൽ അവ എആർ ക്യാംപിലേക്കു മാറ്റി. ജില്ലാ പൊലീസ് മേധാവി ടി.ജി.വിനോദ് കുമാറിന്റെ നിർദേശം അനുസരിച്ച് എസ്ഐമാരായ എൻ.ഉണ്ണിക്കൃഷ്ണൻ നായർ, അജി സാമുവൽ, എസ്‌സിപിഒ അഷ്റഫ്, സിപിഒ ഹരീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പൊലീസ് ട്രാഫിക് വിഭാഗം നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ പരിശോധന നടത്തിയത്.