ഹെഡ് പോസ്റ്റ് ഓഫിസ് മതിലിനു മുകളിലെ ഭിത്തി തകർന്നുവീണു
Mail This Article
തിരുവല്ല ∙ ഹെഡ് പോസ്റ്റ് ഓഫിസിന്റെ മതിലിന്റെ മുകളിലുള്ള ഭിത്തി തകർന്നു വീണു. എംസി റോഡുവശത്തെ മതിൽ വീണതു മതിലിനോടു ചേർന്നു നടത്തുന്ന താൽക്കാലിക വർക്‌ഷോപ്പിന്റെ മുകളിലേക്കാണ്. വ്യാഴം രാത്രി 8 മണിക്കാണു സംഭവം. വർക്ക് ഷോപ് നടത്തുന്ന തുകലശേരി സ്വദേശി വേണു ഈ സമയം പുറത്തേക്കു പോയതിനാൽ അപകടത്തിൽ നിന്നു രക്ഷപ്പെട്ടു. തപാൽ ഓഫിസിന്റെ എംസി റോഡുഭാഗത്തു കരിങ്കല്ലു കൊണ്ടു കെട്ടിയ മതിലാണുള്ളത്. ഇതിനു മുകളിൽ പിന്നീട് ഇഷ്ടിക ഉപയോഗിച്ചു നിർമിച്ച മതിലാണ് ഇടിഞ്ഞുവീണത്.
10 അടിയോളം ഉയരമുള്ള മതിലിന്റെ 20 മീറ്ററിലധികം ദൂരത്തിൽ മതിൽ ഇടിഞ്ഞുവീണിട്ടുണ്ട്. എം.സി. റോഡിനും മതിലിനും ഇടയിലുളള ഭാഗത്തു ടാർപോളിൻ വലിച്ചുകെട്ടി താൽക്കാലിക വർക്ക്‌ഷോപ്പ് നടത്തുന്നയാളാണു വേണു. വഴിയിൽ കേടാകുന്ന വാഹനങ്ങൾ സ്ഥലത്ത് എത്തി നന്നാക്കുന്ന ജോലിയാണു ചെയ്യുന്നത്. മതിൽ വീഴുന്നതിന് നിമിഷങ്ങൾക്കു മുൻപാണു വേണു ചായ കുടിക്കുന്നതിന് സുഹൃത്തിനൊപ്പം ഇവിടെ നിന്ന് എഴുന്നേറ്റു പോയത്. ഇദ്ദേഹം സ്ഥിരമായി ഇരിക്കുന്ന ബെഞ്ചിലേക്കാണ് ആറടിയോളം വലുപ്പത്തിൽ മതിലിന്റെ കനത്ത ഭാഗം വീണത്. ഷെഡും വർക്‌ഷോപ്പ് ഉപകരണങ്ങളും തകർന്നു. കാലപ്പഴക്കത്തെ തുടർന്നാണു മതിൽ തകർന്നത്.