വലിയകാവ്–തൂളിമൺ–മണ്ണാരത്തറ ജല വിതരണ പദ്ധതി 40 ലക്ഷം പാഴായി!
Mail This Article
ഈട്ടിച്ചുവട് ∙ വലിയകാവ്–തൂളിമൺ–മണ്ണാരത്തറ ചെറുകിട ജല വിതരണ പദ്ധതിക്കായി അങ്ങാടി പഞ്ചായത്ത് ചെലവഴിച്ച 40 ലക്ഷത്തോളം രൂപ പാഴായി. ജൽ ജീവൻ മിഷൻ പദ്ധതിയിൽ ശുദ്ധീകരിച്ച വെള്ളം എല്ലാവർക്കും ലഭ്യമാക്കുന്നതിനാൽ ചെറുകിട ജല വിതരണ പദ്ധതി അപ്രായോഗികമാണന്നാണ് നിർവഹണ ഏജൻസിയായ ജല അതോറിറ്റിയുടെ വിലയിരുത്തൽ. ഇതേ തുടർന്നാണ് പൈപ്പുകളിടാൻ ജല അതോറിറ്റിയിൽ പഞ്ചായത്ത് അടച്ച തുക തിരികെ നൽകിയത്.
കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്താണ് ചെറുകിട ജല വിതരണ പദ്ധതിക്ക് 40 ലക്ഷം രൂപ അനുവദിച്ചത്. പുറമേ പദ്ധതിക്കായി വലിയതോട്ടിൽ തടയണ നിർമിക്കാനും പണം അനുവദിച്ചിരുന്നു. വലിയകാവ് മാർത്തോമ്മാ പള്ളിക്കു സമീപം വ്യക്തി സൗജന്യമായി നൽകിയ സ്ഥലത്ത് കിണർ നിർമിച്ച് മണ്ണാരത്തറയിലെ നിലവിലുള്ള സംഭരണിയിൽ ശേഖരിച്ചു വിതരണം നടത്തുകയായിരുന്നു ലക്ഷ്യം. തടയണയുടെ നിർമാണമാണ് ആദ്യം പൂർത്തിയായത്. തുടർന്ന് കിണറും പമ്പ് ഹൗസും പണിതു. പമ്പ് ഹൗസിൽ നിന്ന് സംഭരണിയിലേക്കുള്ള ദൂരത്തിൽ പാതി ഭാഗം പമ്പിങ് മെയിൻ പൈപ്പും സ്ഥാപിച്ചു. ശേഷിക്കുന്ന ഭാഗത്ത് പൈപ്പുകളിടാൻ കരാർ നൽകിയെങ്കിലും പണി നടത്തിയില്ല. ഇതിനു നീക്കിവച്ചിരുന്ന തുകയാണ് പിന്നീട് ജലഅതോറിറ്റി പഞ്ചായത്തിനു മടക്കി നൽകിയത്. ജൽ ജീവൻ മിഷൻ പദ്ധതിയിൽ പൈപ്പുകളിടുന്നുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് പണം തിരികെ അടച്ചത്.
ജൽ ജീവൻ മിഷൻ പദ്ധതിയിൽ അങ്ങാടി ജല വിതരണ പദ്ധതിക്കാണ് പൈപ്പുകൾ സ്ഥാപിക്കുന്നത്.
അതു ചെറുകിട ജല വിതരണ പദ്ധതിയുമായി ബന്ധിപ്പിക്കില്ല. ഇപ്പോൾ നാഥനില്ലാത്ത അവസ്ഥയിൽ കിടക്കുകയാണു ചെറുകിട ജല വിതരണ പദ്ധതി. ഇതിന്റെ നിർമാണം ആരംഭിക്കുമ്പോൾ ജൽ ജീവൻ മിഷൻ പദ്ധതി പ്രവർത്തനം ആരംഭിച്ചിരുന്നില്ല. ജല അതോറിറ്റിയെ നിർവഹണ ഏജൻസിയാക്കി പണം അടയ്ക്കുകയായിരുന്നു. അവർ നിശ്ചിത സമയത്തു നിർമാണം പൂർത്തിയാക്കാതിരുന്നതാണു വിനയായത്.