ജീവനക്കാരും ഡോക്ടർമാരും ഡ്യൂട്ടിക്കില്ല; കുടുംബാരോഗ്യ കേന്ദ്രത്തിന് ‘അവധി’
Mail This Article
കടമ്പനാട് ∙ ജീവനക്കാരും ഡോക്ടർമാരും ഡ്യൂട്ടിക്കില്ലാത്തതിന്റെ പേരിൽ കുടുംബാരോഗ്യ കേന്ദ്രം അടച്ചുപൂട്ടി അവധി നൽകിയത് വിവാദമായി. ഇന്നലെ രാവിലെ രോഗികൾ എത്തിയപ്പോഴാണ് കടമ്പനാട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ വാതിലുകൾ പൂട്ടിയ നിലയിൽ കണ്ടത്. ഡോക്ടറില്ലാത്തതിനാൽ ആരോഗ്യ കേന്ദ്രത്തിന് അവധി നൽകിയതായി പഞ്ചായത്തധികൃതർ വിശദീകരിക്കുമ്പോൾ ആരോഗ്യ കേന്ദ്രം പൂട്ടി ഉദ്യോഗസ്ഥരും ജീവനക്കാരും ഉല്ലാസയാത്ര പോയതായി നാട്ടുകാർ ആരോപിച്ചു.
മൂന്ന് ഡോക്ടർമാരും താൽക്കാലിക ജീവനക്കാരുമുൾപ്പെടെ മുപ്പതോളം പേരാണ് ആരോഗ്യ കേന്ദ്രത്തിലുള്ളത്. ശനിയാഴ്ച ഡോക്ടർമാർ ഉൾപ്പെടെ ജീവനക്കാർ കുറവായിരുന്നെങ്കിലും ആശുപത്രി പ്രവർത്തിച്ചു. 12 പേരടങ്ങുന്ന സംഘം വെള്ളിയാഴ്ച ഉല്ലാസയാത്ര പോയതായാണ് വിവരം. ശനിയാഴ്ച ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവരും ഞായറാഴ്ച അവധിയിലായതിനാലാണ് ആശുപത്രി അടച്ചിടേണ്ടി വന്നതെന്നാണ് അറിയാൻ കഴിയുന്നത്. ഞായറാഴ്ച ആശുപത്രി പ്രവർത്തിക്കില്ലെന്ന് രോഗികളുടെ ശ്രദ്ധയ്ക്കായി ആശുപത്രിക്കുള്ളിൽ നേരത്തെ നോട്ടിസ് പതിച്ചിരുന്നെന്ന് ജീവനക്കാർ പറയുന്നു. എന്നാൽ ജീവനക്കാർ കൂട്ടത്തോടെ ഉല്ലാസയാത്ര പോയതാണെന്ന് ആരോപിച്ച് നാട്ടുകാർ ആരോഗ്യ കേന്ദ്രത്തിനു മുന്നിൽ മുന്നിൽ ബോർഡ് സ്ഥാപിച്ചു.
ഡോക്ടർമാർ അവധിയെടുത്താൽ ആശുപത്രി അടച്ചിടണമെന്ന് ചട്ടമില്ലെന്നിരിക്കെയാണ് ആരോഗ്യ കേന്ദ്രത്തിന് അവധി നൽകിയതെന്ന ആരോപണവും ശക്തമായി. സംഭവം ഇതുവരെ ശ്രദ്ധയിൽപെട്ടില്ലെന്നും അന്വേഷിക്കുമെന്നും ജില്ലാ മെഡിക്കൽ ഓഫിസർ പറഞ്ഞു.
ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ രോഗികൾ പിന്നീട് മടങ്ങിപ്പോയി. രണ്ടു ജില്ലകളുടെ അതിർത്തിയിലുള്ള ആരോഗ്യ കേന്ദ്രത്തിൽ നൂറുകണക്കിന് രോഗികളാണ് ദിവസവും എത്തുന്നത്. കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആരോഗ്യ കേന്ദ്രത്തിനു മുന്നിൽ പ്രതിഷേധിച്ചു.
അതേസമയം, ഒരു ഡോക്ടർക്ക് ആഴ്ചയിൽ അവസാന ദിവസം അവധിയാണെന്നും പകരം ക്രമീകരിച്ചിട്ടുള്ള ഡോക്ടറും ഇന്നലെ അവധിയിലായിരുന്നെന്നും കടമ്പനാട് പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപ് പറഞ്ഞു. ഒപി പ്രവർത്തിക്കാൻ കഴിയാത്തതിനാലാണ് അടച്ചിട്ടതെന്നും ഇതു സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിരുന്നെന്നും അവർ പറഞ്ഞു.