യാത്രക്കാരെ വഴിനടത്താതെ തെരുവു നായ്ക്കൾ
Mail This Article
ഇട്ടിയപ്പാറ ∙ തെരുവു നായ്ക്കളെ ഭയന്ന് ടൗണിൽ വഴി നടക്കാൻ പറ്റാത്ത സ്ഥിതി. കൂട്ടത്തോടെ എത്തുന്ന നായ്ക്കൾ നിരത്തുകളും ബസ് സ്റ്റാൻഡുമെല്ലാം കയ്യടക്കുകയാണ്. യാത്രക്കാർക്ക് നടക്കാൻ പറ്റുന്നില്ല. ദിവസമെന്നോണം ഇട്ടിയപ്പാറ ടൗണിലും പരിസരങ്ങളിലും തെരുവു നായ്ക്കളുടെ എണ്ണം വർധിക്കുകയാണ്. സെൻട്രൽ ജംക്‌ഷൻ, മൂഴിക്കൽ ജംക്‌ഷൻ, സ്വകാര്യ, കെഎസ്ആർടിസി ബസ് സ്റ്റാൻഡുകൾ, മാമുക്ക് എന്നിവിടങ്ങളിലാണ് അവ താവളമടിച്ചിട്ടുള്ളത്. സ്റ്റാൻഡിലെ ബസുകൾക്കടിയിൽ മിക്കപ്പോഴും മൂന്നും നാലും നായ്ക്കൾ കിടക്കുന്നതു കാണാം. ഇതേ കാഴ്ച സെൻട്രൽ ജംക്‌ഷനിലുമുണ്ട്.
സ്കൂൾ, കോളജ് വിദ്യാർഥികൾ അടക്കമുള്ള കാൽനട യാത്രക്കാർ അവയ്ക്കു മുന്നിലൂടെ പോകാൻ ഭയക്കുകയാണ്. ഇടയ്ക്കിടെ നായ്ക്കൾ ആക്രമണം കാട്ടാറുണ്ട്. ഭക്ഷണത്തിനു പഞ്ഞമില്ലാത്തതാണു തെരുവു നായ്ക്കൾ ടൗൺ വിട്ടു പോകാത്തതിനു കാരണം. വഴിയോര മീൻ കടകളുടെ എണ്ണം വർധിച്ചതോടെ അവശിഷ്ടങ്ങൾ പലയിടത്തും തള്ളുന്നുണ്ട്. അവ നായ്ക്കൾ ആഹാരമാക്കുന്നു. പൊതു സ്ഥലങ്ങളിൽ തള്ളുന്ന പഴകിയ ആഹാര സാധനങ്ങളും നായ്ക്കൾക്കു ലഭിക്കുന്നുണ്ട്. ഇതുമൂലം കൂടുതൽ നായ്ക്കൾ ടൗണിൽ തമ്പടിക്കുകയാണ്. അവയെ ഒഴിവാക്കുന്നതിന് മാർഗങ്ങൾ സ്വീകരിക്കാൻ പഞ്ചായത്തിനും കഴിയുന്നില്ല.