തിരക്കേറെ; തിരുവല്ല കുമ്പഴ റോഡിൽ അത്രയേറെ കുഴികളും
Mail This Article
കോഴഞ്ചേരി ∙ വാഹനത്തിരക്ക് ഏറെയുള്ള തിരുവല്ല–കുമ്പഴ റോഡിൽ അപകടക്കെണിയായി വാരിക്കുഴികൾ. തോട്ടപ്പുഴശേരി പഞ്ചായത്ത് ഓഫിസിനോടു ചേർന്ന് ആഴ്ചകൾക്കു മുൻപ് രൂപപ്പെട്ട കുഴികൾ അപകടക്കെണിയായിട്ടും നന്നാക്കാൻ അധികൃതർ നടപടിയെടുക്കുന്നില്ലെന്നാണു യാത്രക്കാരുടെ പരാതി.
സ്വകാര്യബസുകളും കെഎസ്ആർടിസി ബസുകളും ഉൾപ്പെടെ ഒട്ടേറെ വാഹനങ്ങൾ തുടർച്ചയായി പോകുന്ന റോഡായിട്ടും അറ്റകുറ്റപ്പണികൾ നടത്താതിരിക്കുന്നതു യാത്രക്കാരുടെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. അടുത്തടുത്തായി കുഴികളുടെ എണ്ണം കാരണം കോഴഞ്ചേരി ഭാഗത്തുനിന്ന് എത്തുന്ന വാഹനങ്ങൾ എതിർഭാഗത്തുകൂടിയാണു പോകുന്നത്.
ഇത് അപകടങ്ങൾക്കു വഴിതെളിക്കാം. പുല്ലാട്, കുമ്പനാട് പടിഞ്ഞാറേക്കവല എന്നിവിടങ്ങളിൽ ടാറിങ്ങിളകി രൂപപ്പെട്ട കുഴികൾ ദിവസങ്ങൾക്കു മുൻപ് ടാറിങ് നടത്തിയെങ്കിലും തോട്ടപ്പുഴശേരി പഞ്ചായത്ത് ഓഫിസിനു മുന്നിൽ മാത്രം ഇത്തരം പ്രവൃത്തികൾ ചെയ്തില്ല. മഴസമയത്ത് വെള്ളം കെട്ടിക്കിടക്കുന്നതും അപകടത്തിനു കാരണമാകും. കുഴികളിൽപെട്ട് ഇരുചക്ര വാഹനങ്ങൾ മറിയുന്നതിനുള്ള സാധ്യതയേറെയാണ്.