ഉയരെ, രക്ഷയെത്തി; മരം മുറിക്കുന്നതിനിടെ കുടുങ്ങിയ തൊഴിലാളിയെ അഗ്നിരക്ഷാസേന രക്ഷിച്ചു
Mail This Article
കടപ്ര ∙ ആഞ്ഞിലി മരം മുറിക്കുന്നതിനിടെ 50 അടിയോളം ഉയരത്തിൽ മരത്തിന്റെ മുകളിൽ കുടുങ്ങിയ തൊഴിലാളിയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. നിരണം പള്ളിക്കു സമീപം ചക്കളയിൽ പേരക്കോടത്ത് പുരയിടത്തിലെ മരം മുറിക്കാൻ കയറിയ നിരണം സ്വദേശി അനിൽ കുമാറിനെയാണ് (40) രക്ഷപ്പെടുത്തിയത്. ഇന്നലെ രാവിലെ പത്തരയോടെ ആയിരുന്നു സംഭവം. ശിഖരങ്ങളെല്ലാം മുറിച്ചശേഷം മരത്തിന്റെ മുകൾഭാഗം മുറിച്ച് ഇട്ടപ്പോൾ കെട്ടിയിരുന്ന വടം കാലിൽ വന്നു അടിച്ചതിനെ തുടർന്ന് താഴേക്ക് ഇറങ്ങാൻ കഴിയാതെ അനിൽകുമാർ മരത്തിന്റെ മുകളിൽ കുടുങ്ങുകയായിരുന്നു. തിരുവല്ലയിൽ നിന്ന് എത്തിയ അഗ്നി രക്ഷാ സേനാംഗങ്ങൾ നടത്തിയ രക്ഷാ പ്രവർത്തനത്തിൽ 12 മണിയോടെ അനിൽ കുമാറിനെ വലയിലാക്കി സുരക്ഷിതമായി താഴെ ഇറക്കി.
തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പ്ലാസ്റ്റിക് വടം കാലിൽ അടിച്ചതിനെ തുടർന്ന് ഇദ്ദേഹം ബോധരഹിതനായെങ്കിലും പെട്ടന്ന് ബോധം തിരികെ കിട്ടി. മരം മുറിക്കുന്നതിനു മുൻപ് ശരീരം മരത്തോട് ചേർന്ന് ബന്ധിച്ചതു കാരണം താഴെ വീഴാതെ രക്ഷപെട്ടു. 50 അടിയോളം ഉയരത്തിൽ കയറി ഫയർമാൻ എ.ഷംനാദും നാട്ടുകാരിൽ ഒരാളും ചേർന്നാണ് അനിൽകുമാറിനെ വലയിലാക്കി താഴെയിറക്കിയത്. സ്റ്റേഷൻ ഓഫിസർ എം.കെ. ശംഭു നമ്പൂതിരി, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ കെ.എസ്.അജിത്ത്, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ.കെ.ശ്രീനിവാസ്, ഉദ്യോഗസ്ഥരായ കെ.കെ.ശിവപ്രസാദ്, ഷിജു, ഷിബു, ഷംനാദ്, രഞ്ജിത്ത് കുമാർ, പ്രശാന്ത്, വിപിൻ ഹരികൃഷ്ണൻ എന്നിവർ അടക്കുന്ന സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.