ഗവിയിലേക്കുപോയ കെഎസ്ആർടിസി ബസ് കേടായി വനത്തിൽ കുടുങ്ങി; 40 യാത്രക്കാരെയും തിരിച്ചെത്തിച്ചു
Mail This Article
സീതത്തോട്∙ മല്ലപ്പള്ളിയിൽ നിന്നു ഗവിയിലേക്ക് ഉല്ലാസയാത്ര സംഘം സഞ്ചരിച്ച കെഎസ്ആർടിസി ബസ് ആങ്ങമൂഴി–ഗവി റൂട്ടിൽ കാറ്റാടികുന്നിനു സമീപം കേടായി വനത്തിൽ കുടുങ്ങി. 40 യാത്രക്കാർ ബസിൽ ഉണ്ടായിരുന്നു.ഏറെ സമയത്തിനു ശേഷം പത്തനംതിട്ടയിൽ നിന്നു കുമളിക്കു വന്ന കെഎസ്ആർടിസി ബസിൽ യാത്രക്കാരെ കൊച്ചുപമ്പ കന്റീനിൽ എത്തിച്ചു ഭക്ഷണം നൽകി. തുടർന്നു പല ബസുകളിലായി ഇവരെ അതതു സ്ഥലങ്ങളിലെത്തിച്ചു.
ഇന്നലെ ഉച്ചയ്ക്കു രണ്ട് മണിയോടെയാണ് ബസ് കേടായി വഴിയിലാകുന്നത്. ജീവനക്കാർ തന്നെ തകരാർ പരിഹരിക്കാനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. യാത്രക്കാർക്കുള്ള ഭക്ഷണം കൊച്ചുപമ്പ കന്റീനിലായിരുന്നു ക്രമീകരിച്ചിരുന്നത്. ഗവി റൂട്ടിൽ സർവീസ് നടത്തുന്ന കുമളി ഡിപ്പോയിലെ ബസ് പത്തനംതിട്ടയിൽ പോയി തിരികെ വന്നപ്പോൾ യാത്രക്കാരെ എല്ലാവരേയും ഈ ബസിൽ കയറ്റി കൊച്ചുപമ്പ കന്റീനിൽ എത്തിക്കുകയായിരുന്നു.ഈ സമയം ബസ് ജീവനക്കാർ കാട്ടിൽ തന്നെ തുടർന്നു. സംഭവം അറിഞ്ഞ് കക്കി ഫോറസ്റ്റ് സ്റ്റേഷനിൽ നിന്നു ഫോറസ്റ്റർ ജി മനോജിന്റെ നേതൃത്വത്തിൽ വനപാലകർ സ്ഥലത്ത് എത്തി.ബസ് ജീവനക്കാരെ ഫോറസ്റ്റ് സ്റ്റേഷനിൽ എത്തിച്ച് വനപാലകർ ഇവർക്കു ഭക്ഷണം നൽകി. സന്ധ്യയോടെ തകരാർ പരിഹരിച്ച ശേഷം ബസ് കൊച്ചുപമ്പയിലേക്കു മടങ്ങി.