മൂന്നുമാസമായി കെണിയൊരുക്കി കാത്തിരിപ്പ്; കൂടലിലെ പുലി ഒടുവിൽ കൂട്ടിൽ
Mail This Article
കോന്നി ∙കൂടൽ രാക്ഷസൻപാറയുടെ അടിവാരത്ത് മാസങ്ങളായി ഭീതി പരത്തിയ പുലി വനംവകുപ്പിന്റെ കൂട്ടിൽ കുടുങ്ങി. ഇഞ്ചപ്പാറ റബർതോട്ടത്തിലെ റോഡിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ ഇന്നലെ രാവിലെ ഏഴരയോടെയാണ് പുലി അകപ്പെട്ടത്. തോട്ടത്തിൽ ടാപ്പിങ് നടത്തിക്കൊണ്ടിരുന്ന കാരയ്ക്കാക്കുഴി പുത്തൻപുര തെക്കേതിൽ ബിജു ശബ്ദം കേട്ട് കൂടിനടുത്തെത്തിയപ്പോഴാണ് പുലിയെ കുടുങ്ങിയ നിലയിൽ കാണുന്നത്. തുടർന്ന് തോട്ടം ഉടമയെ വിവരമറിയിച്ചു.ഡിഎഫ്ഒ ആയുഷ് കുമാർ കോറിയുടെ നേതൃത്വത്തിൽ നടുവത്തുമൂഴി റേഞ്ചിലെ വനപാലക സംഘവും സ്ട്രൈക്കിങ് ഫോഴ്സും സ്ഥലത്തെത്തി.
കൂട് ടാർപ്പാളിൻ ഉപയോഗിച്ച് മൂടിയ ശേഷം 10 ഓടെ വാഹനത്തിൽ കയറ്റി തണ്ണിത്തോട്, ചിറ്റാർ, സീതത്തോട് വഴി കക്കി ഭാഗത്തേക്കു കൊണ്ടുപോയി. ഫോറസ്റ്റ് വെറ്ററിനറി ഓഫിസറുടെ ചുമതലയുള്ള ഡോ. ബി.ജി.സിബി പരിശോധന നടത്തിയ ശേഷം വൈകിട്ട് 3.10ന് കക്കി ഉൾവനത്തിൽ തുറന്നു വിട്ടു. മൂന്ന് വയസ്സുള്ള പെൺപുലിയാണ്. കൂട്ടിൽ നിന്നു പുറത്തു കടക്കാനുള്ള ശ്രമത്തിനിടെ പുലിയുടെ മുഖത്ത് പരുക്കേറ്റിട്ടുണ്ട്. കെണിയായി വച്ചിരുന്ന ആട് ചാകുകയും ചെയ്തിട്ടുണ്ട്.
എഡിസിഎഫ് അഭയ് യാദവ്, കോന്നി ഡിഎഫ്ഒ ആയുഷ് കുമാർ കോറി, ഫോറസ്റ്റ് വെറ്ററിനറി ഓഫിസറുടെ ചുമതലയുള്ള ഡോ. ബി.ജി.സിബി, നടുവത്തുമൂഴി റേഞ്ച് ഓഫിസർ പി.എ.അരുൺ, പാടം ഡപ്യൂട്ടി റേഞ്ച് ഓഫിസർ അനിൽ കുമാർ, പ്രബേഷനറി റേഞ്ച് ഓഫിസർ എം.എൻ.ഷംനാസ്, കോന്നി സ്ട്രൈക്കിങ് ഫോഴ്സിലെ ഫോറസ്റ്റർ ആർ.ദിൻഷിന്റെ നേതൃത്വത്തിലുള്ള സംഘം എന്നിവരുടെ നേതൃത്വത്തിലാണ് പുലിയെ വനത്തിൽ തുറന്നു വിട്ടത്.വനമേഖലയിൽ നിന്ന് 13 വർഷത്തിനിടെ പിടികൂടുന്ന നാലാമത്തെ പുലിയാണ് ഇന്നലെ കൂടൽ ഇഞ്ചപ്പാറയിൽ വനംവകുപ്പിന്റെ കൂട്ടിൽ അകപ്പെട്ടത്. 2012 ജൂലൈ 7ന് കോന്നി ഐരവണിൽ നിന്നാണ് ആദ്യമായി പുലിയെ പിടികൂടുന്നത്. ജനവാസ കേന്ദ്രത്തിൽ എത്തി ജനങ്ങളിൽ പരിഭ്രാന്തി പരത്തിയ പുലിയെ വനംവകുപ്പ് അധികൃതരും നാട്ടുകാരും ചേർന്ന് വലയെറിഞ്ഞ് പിടിക്കുകയായിരുന്നു. തുടർന്ന് ആനത്താവളത്തിൽ എത്തിച്ചെങ്കിലും ചത്തു. 2013 ജൂൺ 2നാണ് അതുമ്പുംകുളം ആവോലിക്കുഴിയിൽ പന്നിക്കുവച്ച കെണിയിൽ പുലി വീണത്. ഞള്ളൂർ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ പേഴുംപാറ ഭാഗത്ത് വനത്തോടു ചേർന്ന് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് സ്ഥാപിച്ചിരുന്ന കെണിയിലാണ് പുലി കുടുങ്ങിയത്. 8 വയസ്സുള്ള 45 കിലോയുമുള്ള പെൺപുലിയായിരുന്നു അത്. മണ്ണാറപ്പാറ വനത്തിൽ തുറന്നു വിട്ടു.
കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് കൂടൽ ഇഞ്ചപ്പാറയ്ക്കു സമീപം പാക്കണ്ടത്ത് വള്ളിവിളയിൽ രണേന്ദ്രന്റെ വീടിനു സമീപത്തു നിന്ന് മറ്റൊരു പുലി കൂട്ടിലകപ്പെടുന്നത്. ഇഞ്ചപ്പാറ, പാക്കണ്ടം മേഖലയിൽ ജനവാസ കേന്ദ്രത്തിലെത്തി ഒട്ടേറെ ആടുകളെയും പശുക്കളെയും കൊന്നു തിന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് വനംവകുപ്പ് കൂട് സ്ഥാപിച്ചത്. അന്ന് ഒരു പുലി കുടുങ്ങിയതോടെ ശല്യം അൽപം കുറഞ്ഞെങ്കിലും ഏതാനും മാസങ്ങളായി രാക്ഷസൻപാറയ്ക്കു സമീപം ആളുകൾ സ്ഥിരമായി പുലിയെ നേരിൽ കണ്ട സംഭവം ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മൂന്ന് മാസം മുൻപ് കൂട് സ്ഥാപിച്ചെങ്കിലും പുലി കെണിയിൽ കുടുങ്ങിയിരുന്നില്ല. പിന്നീട് മറ്റൊരു കൂട് എത്തിച്ചും കെണിയൊരുക്കി. ഇതിൽ ആദ്യം സ്ഥാപിച്ച കൂട്ടിലാണ് ഇപ്പോൾ പുലി കുടുങ്ങിയത്. കൂട് സ്ഥാപിച്ചത് റബർ എസ്റ്റേറ്റിലാണെങ്കിലും ഇതിന്റെ ഇരുഭാഗങ്ങളും ജനവാസമേഖലയാണ്. ഇനിയും പ്രദേശത്ത് പുലിയുണ്ടെന്ന് നാട്ടുകാർ പറയുന്നു.