കോഴഞ്ചേരി–കീക്കൊഴൂർ–റാന്നി റോഡിൽ അപകടക്കെണിയൊരുക്കി ജലജീവൻ കുഴികൾ
Mail This Article
കോഴഞ്ചേരി ∙ ജലജീവൻ മിഷൻ പദ്ധതിക്കായി റോഡ് കുഴിച്ചു പൈപ്പുകൾ ഇട്ട ശേഷം കുഴികൾ അടയ്ക്കാത്തതു യാത്രക്കാർക്കു കെണിയായി മാറുന്നു. പൈപ്പുകൾ ഇട്ടു മാസങ്ങൾ കഴിഞ്ഞിട്ടും കുഴികൾ അടയ്ക്കാൻ അധികൃതർ തയാറാകുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി. കോഴഞ്ചേരി–കീക്കൊഴൂർ–റാന്നി റോഡിൽ പലയിടത്തുമുള്ള കുഴികൾ പൂർണമായും അടയ്ക്കാതെ കിടക്കുന്നു. പൈപ്പിട്ട ശേഷം കുഴികൾ മൂടിയെങ്കിലും ടാറിങ്ങോ, കോൺക്രീറ്റോ ചെയ്തു പഴയപടിയാക്കാൻ തയാറായിട്ടില്ല.
ഇരുചക്ര വാഹനയാത്രക്കാർക്കു അപകടഭീഷണിയാണ്. ടാറിങ് ഉയരത്തിൽ സ്ഥിതി ചെയ്യുന്നതിനാൽ വാഹനങ്ങൾ അപകടത്തിൽപെടാം. അറ്റകുറ്റപ്പണികൾ ചെയ്യാതിരുന്നാൽ റോഡിന്റെ മറ്റു ഭാഗങ്ങളും തകരും. ശബരിമല മണ്ഡലകാലം തുടങ്ങാൻ ഇനി രണ്ടാഴ്ച മാത്രമാണുള്ളത്. വാഹനങ്ങളുടെ തിരക്കും വർധിക്കാം. അറ്റകുറ്റപ്പണികൾ നടത്തിയില്ലെങ്കിൽ അപകടം വർധിക്കുമെന്ന ആശങ്കയിലാണ് യാത്രക്കാർ.