പുഞ്ചക്കൃഷിക്കാലത്തിന് തുടക്കം; വിത കാത്ത് പുഞ്ചപ്പാടങ്ങൾ
Mail This Article
പെരിങ്ങര ∙ അപ്പർ കുട്ടനാട്ടിൽ ഒരു പുഞ്ചക്കൃഷിക്കാലത്തിനു ദീപാവലി ദിനത്തിൽ വിത്തിടും. തിരുവോണ നാളിൽ തുടങ്ങിയ കൃഷിയൊരുക്കമാണു ദീപങ്ങളുടെ ഉത്സവദിനത്തിൽ വിത്തിടുന്നതിനു തുടക്കമാകുന്നത്. പഞ്ചായത്തിലെ പടവിനകം ബി പാടശേഖരമാണ് വിത കാത്തു തയാറായി കിടക്കുന്നത്. പെരിങ്ങര, നിരണം, നെടുമ്പ്രം, കടപ്ര എന്നീ പഞ്ചായത്തുകൾ അടങ്ങുന്ന അപ്പർ കുട്ടനാട്ടിൽ ഏറ്റവുമധികം പാടശേഖരം ഉള്ളത് 25 പാടശേഖരങ്ങളുള്ള പെരിങ്ങരയിലാണ്. ആയിരം ഹെക്ടർ പാടമുള്ള ഇവിടെ 910 ഹെക്ടർ മാത്രമാണ് കൃഷിയിറക്കുന്നത്. പടവിനകം ബി പാടശേഖരം 105 ഹെക്ടറാണ്. 60 കർഷകരാണ് ഇവിടെ കൃഷിയിറക്കുന്നത്.
പാടത്തു നിന്നു വെള്ളം വറ്റിക്കുന്ന പമ്പിങ്ങിലൂടെയാണ് തുടക്കം. ഇതാണ് തിരുവോണ നാളിൽ തുടങ്ങിയത്. വെള്ളം വറ്റിച്ച പാടത്ത് വരിനെല്ലും കവടയും കിളുപ്പിച്ച് നശിപ്പിച്ച ശേഷം വീണ്ടും വെള്ളം കയറ്റി ഒരുക്കിയാണ് കൃഷിയോഗ്യമാക്കിയത്. 4 ദിവസം മുൻപ് വിത്തിടാൻ വേണ്ടി വീണ്ടും വെള്ളം വറ്റിക്കാൻ തുടങ്ങിയിരുന്നു. ഒരാഴ്ച കൊണ്ട് പടവിനകം ബിയിലെ വിത്തിടൽ പൂർത്തിയാകും. തുടർന്ന് പടവിനകം എയിലായിരിക്കും വിത്തിടുക.
കൃഷിക്കുള്ള വിത്തിന്റെ കാര്യത്തിൽ കർഷകരുടെ ആശങ്ക ഇതുവരെയും പരിഹരിക്കപ്പെട്ടിട്ടില്ല. നാഷനൽ സീഡ് കോർപറേഷനിൽ നിന്നാണ് എല്ലാ വർഷവും വിത്ത് വാങ്ങുന്നത്. ഇവർ തമിഴ്നാട്ടിൽ നിന്നാണ് വിത്ത് ശേഖരിച്ച് വിതരണം ചെയ്യുന്നത്. ഇത്തവണ കർഷകർ ആവശ്യപ്പെട്ട ജ്യോതി ഇനത്തിലുള്ള വിത്ത് എൻഎസ്‌സി എത്തിച്ചെങ്കിലും വേണ്ടത്ര മുളച്ചിട്ടില്ല. വിവരം അറിയിച്ചതനുസരിച്ച് നാളെ എൻഎസ്‌സി അധികൃതർ പരിശോധനയ്ക്കായി എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. പടവിനകം പാടശേഖരത്തിലെ കർഷകർ തമിഴ്നാട്ടിൽ നിന്ന് നേരിട്ട് വിത്ത് വാങ്ങിയാണ് ഇത്തവണ വിതയ്ക്കാൻ ഒരുക്കിയിരിക്കുന്നത്.