ഇരുട്ട് മാറി, പ്രകാശം പരത്തി എംസി റോഡിലെ പാലങ്ങൾ
Mail This Article
കുറ്റൂർ ∙ ദേശീയപാതയും ഒന്നാം നമ്പർ സംസ്ഥാന പാതയുമായ റോഡിൽ വെളിച്ചം എത്തിയില്ലെങ്കിലും പാലങ്ങളിൽ പ്രകാശം തെളിഞ്ഞു. എംസി റോഡിൽ തിരുവല്ലയ്ക്കും ചെങ്ങന്നൂരിനും ഇടയിലുള്ള കുറ്റൂർ തോണ്ടറ പാലം, വരട്ടാർ പാലം, കല്ലിശ്ശേരി പാലം എന്നിവിടങ്ങളിലാണ് ഇരുവശത്തും ലൈറ്റുകൾ പ്രകാശിച്ചു തുടങ്ങിയത്. എംസി റോഡിന്റെ ചെങ്ങന്നൂർ –ഏറ്റുമാനൂർ ഭാഗം ഉന്നത നിലവാരത്തിൽ നിർമിച്ചത്. അന്ന് റോഡുവശത്ത് സൗര വിളക്കുകൾ സ്ഥാപിച്ചെങ്കിലും തൂണുകളിൽ ഉണ്ടായിരുന്ന ബാറ്ററികൾ മോഷണം പോയതോടെ വിളക്കുകൾ ഒന്നും തെളിയാതായി. പകരം സംവിധാനം ഒരുക്കാൻ അധികൃതർ തയാറായില്ല. ഇതോടെ സംസ്ഥാന പാത ഇരുട്ടിൽ തന്നെ തുടർന്നു.
തിരുവൻവണ്ടൂർ പഞ്ചായത്ത് പ്രസിഡന്റ് പി.വി.സജന്റെ ഇടപെടലോടെയാണ് പാലങ്ങൾ ഇരുട്ടിൽ നിന്നു മോചിതമായത്. സ്വകാര്യ കമ്പനിയാണ് 3 പാലങ്ങളിലും ഇരുവശത്തും വിളക്കുകൾ സ്ഥാപിക്കുന്നത്. ഇവിടെ പരസ്യബോർഡ് സ്ഥാപിക്കുന്നതിലൂടെ കമ്പനി വരുമാനം കണ്ടെത്തും. ആദ്യം വരട്ടാർ, കല്ലിശ്ശേരി പാലങ്ങളിൽ സ്ഥാപിച്ചതോടെ കുറ്റൂർ പഞ്ചായത്ത് അധികൃതർ ആവശ്യപ്പെട്ടതോടെ തോണ്ടറ പാലത്തിലും സ്ഥാപിക്കുകയായിരുന്നു.