കയ്യേറ്റക്കാരുടെ പിടിയിൽ ഭവന നിർമാണ ബോർഡിന്റെ ഭൂമി
Mail This Article
റാന്നി ∙ ഫ്ലാറ്റുകളും വീടുകളും നിർമിച്ചു വിൽപന നടത്തുന്നതിനായി കേരള ഭവന നിർമാണ ബോർഡ് വിലയ്ക്കു വാങ്ങിയ 3 ഏക്കറോളം ഭൂമി കയ്യേറ്റക്കാരുടെ പിടിയിൽ. നാഥനില്ലാതായതോടെ ഭൂമി കയ്യേറി റോഡ് വെട്ടി. കൃഷിയുമിറക്കി. മാടത്തുംപടി ജംക്‌ഷന് സമീപമുള്ള ഭൂമിയിലെ കാഴ്ചയാണിത്.
മാടത്തുംപടി ജംക്‌ഷനിൽ നിന്ന് അര കിലോമീറ്റർ അകലെ പെരുവയൽ സിസ്ഐ പള്ളിക്കും സ്കൂളിനും സമീപമാണു സ്ഥലം. വർഷങ്ങൾക്കു മുൻപ് ഭവന നിർമാണ ബോർഡ് ലക്ഷങ്ങൾ ചെലവഴിച്ചു വാങ്ങിയതാണിത്. ബോർഡ് സാമ്പത്തിക പ്രതിസന്ധിയിലായതോടെ ഫ്ലാറ്റുകളുടെയും വീടുകളുടെയും നിർമാണം നടന്നില്ല. 3 വർഷം മുൻപു വരെ കാടു മൂടിക്കിടക്കുകയായിരുന്നു സ്ഥലം. പിന്നാലെയാണു കയ്യേറ്റം നടന്നത്.
ഭൂമി ലേലം ചെയ്തു വിൽപന നടത്തുന്നതിന് 3 തവണ മാടത്തുംപടി ജംക്‌ഷനിൽ ഭവന നിർമാണ ബോർഡ് ബാനർ സ്ഥാപിച്ചിരുന്നു. ആരും വിലയ്ക്കെടുക്കാൻ തയാറായില്ല. ഇപ്പോൾ ആരും ഇവിടേക്കു തിരിഞ്ഞു നോക്കുന്നില്ല. ബോർഡിന്റെ തലപ്പത്തിരിക്കുന്നവർക്ക് ഇത്തരത്തിൽ ഭൂമിയുണ്ടെന്നു പോലും അറിയില്ല. കയ്യേറ്റം ഒഴിപ്പിച്ചു സ്ഥലം വീണ്ടെടുക്കണമെന്നാവശ്യപ്പെട്ട് സിപിഐ നേതൃത്വം മന്ത്രിക്കും ബോർഡ് ചെയർമാനും പരാതി നൽകിയിട്ടുണ്ട്.